22 June Tuesday
വാക്സിനുകളെല്ലാം 78 ശതമാനത്തോളം 
ഫലപ്രാപ്തി നൽകുന്നത്‌

വാക്സിൻ ഫലപ്രാപ്‌തിയിൽ ആശങ്ക വേണ്ട

ദിനേശ്‌‌ വർമUpdated: Tuesday May 18, 2021


തിരുവനന്തപുരം
കോവിഡ്‌–- 19 വാക്സിനേഷൻ വ്യാപകമായതോടെ ഫലപ്രാപ്തി സംബന്ധിച്ച ആശങ്ക അനാവശ്യമെന്ന്‌ വിദഗ്‌ധർ. ചില  വാക്സിനുകൾക്ക്‌  ഗുണം കൂടുതലാണെന്നും   ചിലത്‌ ഉപയോഗിക്കരുതെന്നുമാണ്‌  പ്രചാരണം. അടിസ്ഥാനമില്ലാത്തതാണ്‌ ഇവയെന്ന്‌ ആരോഗ്യവിദഗ്ധർ പറയുന്നു.

വാക്സിൻ നിർമാണത്തിന്‌ ഉപയോഗിച്ച സാങ്കേതികവിദ്യകൾ വ്യത്യസ്തമാണ്‌. ഉപയോഗിക്കുന്നവരും പലവിധം വൈവിധ്യമുള്ളവരാണ്‌. അതനുസരിച്ച്‌ ഫലപ്രാപ്‌തിയിൽ നേരിയ വ്യത്യാസം ഏത്‌ വാക്സിനുമുണ്ടാകാം. ഏതെങ്കിലും വാക്സിൻ മോശമാണെന്ന്‌ പ്രചരിപ്പിക്കുന്നതിൽ അർഥമില്ല. മൂന്നുഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കോവിഷീൽഡും കോവാക്സിനുമാണ്‌ ഇന്ത്യയിൽ കൂടുതൽ ഉപയോഗിക്കുന്നത്‌. 

ഇവ 78 ശതമാനത്തോളം ഫലപ്രാപ്തി നൽകുന്നതാണെന്ന്‌ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. ബി ഇക്ബാൽ പറഞ്ഞു. ഒരു വാക്സിനും നൂറുശതമാനം ഫലപ്രാപ്തി നൽകുന്നില്ല. രോഗത്തെ പ്രതിരോധിക്കുക, ഗുരുതരമാകാതെ തടയുക, മരണത്തിൽനിന്ന്‌ രക്ഷിക്കുക എന്നീ കാര്യങ്ങളിൽ എല്ലാ വാക്സിനുകളും വിജയകരമാണ്‌. കോവാക്സിൻ പരമ്പരാഗത സാങ്കേതിക വിദ്യയാണെങ്കിൽ കോവിഷീൽഡ്‌ ആധുനികമാണ്‌. പുതിയ ഇനം വൈറസിലടക്കം ലക്ഷ്യമിട്ട ഫലങ്ങൾ നൽകുന്നതാണ്‌ ഇന്ത്യയിൽ നൽകുന്ന വാക്സിനുകളെന്ന്‌ ലോകാരോഗ്യ സംഘടനയുടെ നേതൃസംഘത്തിലെ മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും വ്യക്തമാക്കി. വൈറസിന്റെ രൂപാന്തരങ്ങളെന്തായാലും അടിസ്ഥാന സ്വഭാവത്തിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ല. ചിലത്‌ പടരുന്നതിൽ വേഗതയുണ്ടെന്ന്‌ കണ്ടെത്തി.

അതിന്‌ അവസരം നൽകാതിരിക്കണം. കോവിഡ്‌ പ്രോട്ടോകോൾ കർശനമായി പാലിക്കുകയും പരമാവധി വേഗത്തിൽ വാക്സിൻ നൽകുകയുംവേണം–- ‘ ദി ഹിന്ദു’വിന്‌  നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്‌  ‘ഏറ്റവും മികച്ച വാക്സിൻ എന്നാൽ, എത്രയും പെട്ടെന്ന്‌ കിട്ടുന്നത്‌ ’ എന്നാണ്‌. ഇതുവരെ രൂപാന്തരംവന്ന വൈറസുകളെ ചെറുക്കാൻ വാക്സിനുകൾക്ക്‌ കഴിയുന്നുണ്ട്‌. സ്വാഭാവികമായും വാക്സിനുകൾ  നവീകരിക്കേണ്ടിവരും.

വിവരങ്ങൾ വിശകലനംചെയ്ത്‌ പലരും പല നിരീക്ഷണങ്ങളും നടത്താറുണ്ട്‌. അവ പൂർണമായും ശരിയുമല്ല.
യൂറോപ്പിൽ ചില രാജ്യങ്ങളിൽ വാക്സിനെടുത്ത അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top