22 June Tuesday

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

തിരുവനന്തപുരം > സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റില്‍ മുന്‍ഗണനയ്ക്കായി രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷനാണ് നാളെ മുതല്‍ നടക്കുന്നത്. നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

രണ്ട് ദിവസം കൊണ്ട് ഇതുവരെ 4.88 ലക്ഷത്തിലധികം പേരാണ് ഈ വെബ് സൈറ്റ് സന്ദര്‍ശിച്ചത്. ആകെ 1,90,745 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 40,000ത്തോളം പേരാണ് രേഖകള്‍ അപ് ലോഡ് ചെയ്തത്. അവരില്‍ അനുബന്ധ രോഗത്തിനുള്ള രേഖകള്‍ അപ്ലോഡ് ചെയ്തവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. നിരസിച്ച അര്‍ഹരായവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഐ.ടി. വിംഗ് ആയി പ്രവര്‍ത്തിക്കുന്ന ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.

18-44 വയസുകാരുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

· വാക്സിനേഷന്‍ സെഷനുകള്‍ അനുവദിക്കുന്നത് വാക്സിന്റെ ലഭ്യത അനുസരിച്ചാണ്. അതിനാല്‍ എല്ലാവരും സഹകരിക്കുക.
· രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലും കോവാക്സിന്‍ രണ്ടാം ഡോസ് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലും എടുക്കണം.
· 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാകിസിനേഷനും തുടരുന്നതാണ്.
· 2022 ജനുവരി ഒന്നിന് 18 വയസ് തികയുന്നവര്‍ മുതല്‍ 45 വയസ് വരെയുള്ള അനുബന്ധ രോഗബാധയുള്ളവര്‍ക്ക് മുന്‍ഗണന അനുസരിച്ച് വാക്സിന്‍ 2021 മെയ് 17 മുതല്‍ ലഭ്യമാകും.
· 18-45 വയസ് വരെയുള്ളവര്‍ വാക്സിനേഷനായി http://www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിക്കുവാനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇവിടെ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന അനുബന്ധ രോഗങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
· അനുബന്ധ രോഗങ്ങളുടെ പട്ടികയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും http://www.dhs.kerala.gov.in, http://www.arogyakeralam.gov.in, http://www.sha.kerala എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
· വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവ ലഭിക്കുന്നവര്‍ മാത്രം വാക്സിന്‍ സ്വീകരിക്കുവാനായി വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുക
· വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവയുടെ സന്ദേശം ലഭിക്കാത്തവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി തിരക്ക് കൂട്ടരുത്. അറിയിപ്പ് ലഭിച്ച ശേഷം എത്തുക. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top