18 June Friday

തീവ്രവ്യാപനത്തിലും വാക്‌സിനേഷനിൽ എറണാകുളം മുന്നിൽ

ടി ആർ അനിൽകുമാർUpdated: Monday May 10, 2021


കൊച്ചി  
കോവിഡ്‌ വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യത്തെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷനുമായി അതിവേഗം പ്രതിരോധം തീർക്കുന്നത്‌ എറണാകുളം. കോവിഡ്‌ വ്യാപനനിരക്കുയർന്ന 11 നഗരങ്ങളിൽ 22 ശതമാനംപേർക്ക്‌ വാക്‌സിൻ നൽകിയ എറണാകുളമാണ്‌ മുന്നിൽ. 21 ശതമാനവുമായി പുനെ രണ്ടാംസ്ഥാനത്തും നാഗ്‌പുരും അഹമ്മദാബാദും 19ശതമാനവുമായി മൂന്നാമതും 18 ശതമാനംപേർക്ക്‌ നൽകി കോഴിക്കോട്‌ നാലാംസ്ഥാനത്തുമുണ്ട്‌. ദേശീയ ശരാശരി 11 ശതമാനമാണ്‌.  മെട്രോ നഗരങ്ങളെ കവച്ചുവയ്‌ക്കുന്നതാണ്‌ കേരളത്തിന്റെ നേട്ടം.

ശനിയാഴ്‌ചവരെ എറണാകുളം ജില്ലയിൽ 8,68,650 പേർക്ക്‌ വാക്‌സിൻ നൽകി. 40,000 കോവിഡ്‌ രോഗികൾ ചികിത്സയിലുള്ള, അല്ലെങ്കിൽ പ്രതിദിനം നാലായിരത്തിനുമുകളിൽ രോഗം റിപ്പോർട്ട്‌ചെയ്യുന്ന ജില്ലകളിലെ നഗരങ്ങളുടെ കണക്കുകളാണ്‌ കോവിഡ്‌ വിശകലന പോർട്ടലുകളിൽ ചർച്ച ചെയ്യുന്നത്‌. ഇതിൽ ഒന്നും രണ്ടും ഡോസ്‌ നൽകിയവരെ ചേർക്കുമ്പോൾ എറണാകുളത്ത്‌ 22 ശതമാനംപേർക്ക്‌ വാക്‌സിൻ നൽകി. ബംഗളൂരു 17, ന്യൂഡൽഹിയും മുംബൈയും 16, നാസിക്‌ 11, താനെ, ലഖ്‌നൗ നഗരങ്ങൾ ഒമ്പതുശതമാനംപേർക്കും വാക്‌സിൻ നൽകി.

എറണാകുളത്ത്‌ 45 വയസ്സിനുമുകളിലുള്ള 60 ശതമാനംപേർക്ക്‌ ഒരുഡോസ്‌ വാക്‌സിനെങ്കിലും നൽകിയതായി ജില്ലാ കോവിഡ്‌ വാക്‌സിൻ നോഡൽ ഓഫീസർ ഡോ. എം ജി ശിവദാസ്‌ പറഞ്ഞു. അന്നത്തെ വാക്‌സിൻ ലഭ്യതയനുസരിച്ച്‌ ഈ വിഭാഗത്തിലെ എല്ലാവർക്കും ഏപ്രിൽ 30നകം നൽകാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും വാക്‌സിൻ ക്ഷാമമാണ്‌ തടസ്സമായതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top