12 September Thursday

കോവിഡ്‌ : ആശുപത്രികളിൽ മോക്‌ ഡ്രിൽ നടത്തും ; ഒരാഴ്ച സൂക്ഷ്‌മ നിരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


ന്യൂഡൽഹി  
കോവിഡ്‌ രോഗികൾ രണ്ടാഴ്‌ചയായി ഗണ്യമായ വർധിച്ചതോടെ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക്‌ ഡ്രില്ലുകൾ സംഘടിപ്പിക്കും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആശുപത്രികളിലെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഉടൻ ഡ്രില്ലുകൾ സംഘടിപ്പിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനപ്രകാരമാണിത്‌.  ഡിസംബറിൽ രാജ്യത്തെ 22,000 ആശുപത്രിയിൽ മോക്‌ഡ്രിൽ നടത്തിയിരുന്നു. നിരീക്ഷണവും കോവിഡ്‌  പരിശോധനയും കർശനമാക്കണമെന്ന്‌ കേന്ദ്രം സംസ്ഥാനങ്ങളോട്‌ നിർദേശിച്ചിരുന്നു. അവശ്യമരുന്നുകൾ ഉറപ്പാക്കണം. നിലവിൽ ആഗോള കോവിഡ്‌ കേസുകളിൽ ഒരു ശതമാനം മാത്രമാണ്‌ രാജ്യത്തുള്ളത്‌. അമേരിക്ക, ദക്ഷിണ കൊറിയ, റഷ്യ, ഫ്രാൻസ്‌, ചൈന എന്നിവിടങ്ങളിലാണ്‌ രോഗികൾ ക്രമാതീതമായി വർധിക്കുന്നത്‌.

1300 പുതിയ രോഗികൾ
24 മണിക്കൂറിൽ രാജ്യത്ത്‌ 1300 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. കർണാടകം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തത്‌. 140 ദിവസത്തിനിടെ ദിവസേനയുള്ളള രോഗികളുടെ ഏറ്റവും ഉയർന്ന വർധനയാണിതെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രോഗികൾ  7605 ആയി ഉയർന്നു. അതിനിടെ 349 സാമ്പിളിൽ നിലവിലെ രോഗവ്യാപനത്തിന്‌ കാരണമായി കരുതുന്ന എക്‌സ്‌ബിബി.1.16 വൈറസ്‌ സ്ഥിരീകരിച്ചെന്ന്‌ പിടിഐ റിപ്പോർട്ട്‌ ചെയ്‌തു. മഹാരാഷ്ട്ര 105, തെലങ്കാന 93, കർണാടകം 61, ഗുജറാത്ത് 54 എന്നിങ്ങനെയാണ്‌ വൈറസ്‌ സാന്നിധ്യം.
 

ഒരാഴ്ച സൂക്ഷ്‌മ നിരീക്ഷണം
സംസ്ഥാനത്ത്‌ കോവിഡ്‌ കേസുകളുടെ നേരിയ വർധന കണക്കിലെടുത്ത്‌ ഒരാഴ്ച സൂക്ഷ്‌മ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്‌. ഓരോ ജില്ലയിലെയും സാഹചര്യം കൃത്യമായി പരിശോധിക്കും. നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പികളുകൾ ജനിതക ശ്രേണീകരണം നടത്തി പുതിയ വകഭേദങ്ങൾ ഇല്ലായെന്ന്‌ ഉറപ്പുവരുത്തുകയാണ്‌ ആരോഗ്യവകുപ്പ്‌. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകൾക്കും ജാഗ്രതാനിർദേശം നൽകി.

വ്യാഴാഴ്ച 223 പേർക്കാണ്‌ പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചത്‌. 127 പേർ രോഗമുക്തരായി. ബുധനാഴ്ച 210 പേർക്കായിരുന്നു രോഗം. ഇതരരോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർ മാസ്‌ക് ധരിക്കണമെന്നാണ്‌ നിലവിലെ നിർദേശം. ഈ ദിവസങ്ങളിലൊന്നും കോവിഡ്‌മൂലം മരണം റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നത്‌ ആശ്വാസകരമാണ്‌.

കോവിഡ്‌ മരണമില്ല
ബുധനാഴ്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പകർച്ചവ്യാധികളുടെ പ്രതിദിന പട്ടികയിൽ തൃശൂർ ജില്ലയിൽ മൂന്ന്‌ കോവിഡ് മരണം എന്നത് തെറ്റായി രേഖപ്പെടുത്തിയതാണെന്ന്‌ ആരോഗ്യവകുപ്പ് ഡയറക്ടർ. ബുധനാഴ്ച തൃശൂർ ജില്ലയിലോ മറ്റ് ജില്ലകളിലോ കോവിഡ് ബാധമൂലമുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും ഡയറക്ടർ അറിയിച്ചു. ഡാറ്റാ എൻട്രിയിൽ ഉണ്ടായ തെറ്റാണ്‌ ഇതിനു കാരണമെന്ന്‌ മന്ത്രി വീണാ ജോർജും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top