03 August Monday

കോവിഡ്‌ കുതിക്കുന്നു; സമ്പർക്കം 200 കടന്നു ; ജില്ലയിൽ 2 വീതം കോവിഡ്‌ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

തിരുവനന്തപുരം
നാൾക്കുനാൾ രോഗം കൂടുന്നതിനിടെ സംസ്ഥാനത്ത്‌ വെള്ളിയാഴ്ച 416 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. ആദ്യമായാണ്‌ രോഗികൾ 400 കടക്കുന്നത്‌. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും വർധിച്ചു,- 204. തിരുവനന്തപുരത്ത്‌ 122 പേർ സമ്പർക്കത്തിലൂടെ രോഗിയായി. മറ്റു ജില്ലകൾ: മലപ്പുറം–- 21, കൊല്ലം, എറണാകുളം–- 15 വീതം, കാസർകോട്–- 11, കോഴിക്കോട്–- ഏഴ്‌, പത്തനംതിട്ട–- അഞ്ച്‌, ആലപ്പുഴ–- നാല്‌, ഇടുക്കി–- രണ്ട്‌, കോട്ടയം, തൃശൂർ–- ഒന്നുവീതം. ആലപ്പുഴ 35 ഇന്തോ തിബറ്റൻ ബോർഡർ പൊലീസിനും തൃശൂർ രണ്ട്‌ ബിഎസ്എഫ് ജവാനും കണ്ണൂർ ഒരു സിഐഎസ്എഫ് ജവാനും രോഗം ബാധിച്ചു.വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്തുനിന്നും 51 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്.

പുതിയ രോഗികൾ: തിരുവനന്തപുരം–- 129, ആലപ്പുഴ–- 50, മലപ്പുറം–- 41, പത്തനംതിട്ട–- 32, കൊല്ലം, പാലക്കാട്–- 28 വീതം, കണ്ണൂർ–- 23, എറണാകുളം–- 20, തൃശൂർ, കാസർകോട്–- 17 വീതം, കോഴിക്കോട്, ഇടുക്കി–- 12 വീതം, കോട്ടയം–- ഏഴ്.

രോഗം ഭേദമായവർ 112: ആലപ്പുഴ–- 24, തൃശൂർ–-  19, മലപ്പുറം–- 18, കണ്ണൂർ–- 14, കോട്ടയം–- ഒമ്പത്‌, പാലക്കാട്–- എട്ട്‌, തിരുവനന്തപുരം–- അഞ്ച്‌, ഇടുക്കി, എറണാകുളം, വയനാട്–- നാലുവീതം, കാസർകോട്–- മൂന്ന്.  3099 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3822 പേർ  രോഗമുക്തരായി.  1,84,112 പേർ നിരീക്ഷണത്തിലുണ്ട്‌‌. 3517 പേർ ആശുപത്രികളിലാണ്. 472 പേരെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഭിമുഖീകരിക്കുന്നത്‌ വലിയ ദുരന്തം: മുഖ്യമന്ത്രി
സമ്പർക്ക രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ വലിയ ദുരന്തത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിൽ രോഗബാധ ഉണ്ടായശേഷം കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌ത ചെന്നൈയിലും ബംഗളൂരുവിലും സ്ഥിതി ഏറെ മോശമാണ്. ഇവിടങ്ങളിലൊക്കെ ആദ്യം ഒരു ക്ലസ്റ്റർ രൂപം കൊള്ളുകയും തുടർന്ന് മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ ഉണ്ടാവുകയും വലിയ വ്യാപനത്തിലേക്കെത്തുകയുമാണ് ചെയ്തത്. സമാനമായ സാഹചര്യമാണ് സൂപ്പർ സ്പ്രെഡ്. വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ കരുതുന്നതിലും വേഗത്തിൽ രോഗം പടരാം. ജനസാന്ദ്രത കൂടിയ കേരളത്തിലാകെ രോഗം വ്യാപിക്കാൻ കാലതാമസമുണ്ടാവില്ല.

ജില്ലയിൽ 2 വീതം കോവിഡ്‌ ആശുപത്രി
സമൂഹവ്യാപനം തർക്ക വിഷയമാക്കേണ്ടതില്ല. ജൂൺ പകുതിയിൽ 9.63 ശതമാനമായിരുന്നു സമ്പർക്ക രോഗം. 27ന് 5.11 ശതമാനമായി. 30ന് 6.16 ശതമാനം. വ്യാഴാഴ്‌ച 20.64 ശതമാനമായി. കൂടുതലാളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി പരിശോധന വർധിപ്പിക്കാനും ചികിത്സാസംവിധാനം വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നത്.
ഗുരുതര രോഗികളെ ചികിത്സിക്കാൻ ജില്ലകളിൽ രണ്ട് വീതം കോവിഡ് ആശുപത്രികളും കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാൻ ഓരോ ആശുപത്രിയും ബന്ധപ്പെടുത്തി പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സ ഉറപ്പാക്കാൻ എ, ബി, സി എന്നിങ്ങനെ പ്ലാനും തയ്യാറാണ്‌. മാർച്ച് 24ന് ലോക്‌ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ കോവിഡ് രോഗികൾ 519 ആയിരുന്നു. മരണസംഖ്യ ഒമ്പതും. ഇപ്പോൾ കേസ്‌ 7,93,802 ആയി. 21,604 പേർ ഇതിനകം മരിച്ചു. പ്രതിസന്ധിയുടെ ആഴമെന്താണെന്ന് ഈ കണക്കുകളിൽ വ്യക്തമാണ്‌. രോഗം ആസുരഭാവത്തോടെ അഴിഞ്ഞാടുന്ന ഈ ഘട്ടത്തിൽ ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയർത്താൻ കഴിയണം. പകരം ആ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുതെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top