03 June Wednesday

പ്രതിരോധം പഴുതടച്ച്‌ ; കാസര്‍കോട് മെഡിക്കല്‍ കോളേജ്‌ കോവിഡ് ആശുപത്രിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


കാസർകോട്‌
പഴുതടച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ്‌ കോവിഡ് ആശുപത്രിയായി പ്രവർത്തനം  തുടങ്ങി.  നാല്‌ദിവസംകൊണ്ടാണ്‌ ഇത്‌ കോവിഡ്‌ കെയർ കേന്ദ്രമാക്കിയത്‌. ഇരുനൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് ഇവിടെ തയ്യാറാക്കിയത്‌. 100 കിടക്കകളും പത്ത് ഐസിയു കിടക്കകളുംകൂടി സജ്ജമാക്കും.

ഏഴ്‌ കോടിയോളം രൂപയുടെ  സംവിധാനങ്ങളാണ്‌  കോവിഡ്‌ പ്രതിരോധത്തിനായി  ഒരുക്കിയത്‌. കെഎസ്ഇബി പത്ത് കോടി രൂപ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽനിന്ന്‌ നൽകും. മെഡിക്കൽ കോളേജിന്റെ അക്കാദമിക്‌ ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.  വൈദ്യുതീകരണത്തിനായി  മെഡിക്കൽ കോളേജ് പരിസരത്ത് 160 കെവി ട്രാൻസ്‌ഫോമർ സ്ഥാപിച്ചു.

കാസർകോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി  ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ 27 പേരടങ്ങുന്ന വിദഗ്ധ സംഘം എത്തിയിട്ടുണ്ട്‌. 13 ഡോക്ടർമാർ, പത്ത് സ്‌റ്റാഫ്‌ നേഴ്‌സ്‌, നാല് അസിസ്‌റ്റന്റ്‌  നേഴ്‌സ്‌ എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും.

മെഡിക്കൽ കോളേജിൽ ഒരുക്കിയ സംവിധാനങ്ങൾ തൃപ്തികരമാണെന്നും കോവിഡ് സ്ഥിരീകരിച്ച രോഗികൾക്കുള്ള വാർഡാണ് ആദ്യം ആരംഭിക്കുന്നതെന്നും ഡോ.  എസ് എസ് സന്തോഷ് കുമാർ പറഞ്ഞു. കോവിഡ്‌ പ്രവർത്തനങ്ങൾക്കായുള്ള സ്‌പെഷ്യൽ ഓഫീസർ അൽകേഷ്‌കുമാർ ശർമ, കലക്ടർ ഡോ.  ഡി സജിത് ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ്, ജില്ലാ സർവലൈൻസ് ഓഫീസർ ഡോ. എ ടി മനോജ്‌,  മെഡിക്കൽ കോളേജിന്റെ ചുമതല വഹിക്കുന്ന എൻഎച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രാമൻസ്വാതി വാമൻ എന്നിവരുമായി കോവിഡ്‌ മെഡിക്കൽ സംഘം ചർച്ച നടത്തി.

കാസർകോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി മാറ്റിയതോടെ കോവിഡ്‌ രോഗികൾക്ക് മികച്ച ചികിത്സ നൽകാൻ ജില്ല പൂർണ അർഥത്തിൽ ഒരുങ്ങിക്കഴിഞ്ഞെന്ന് സ്‌പെഷ്യൽ ഓഫീസർ അൽകേഷ്‌കുമാർ ശർമ പറഞ്ഞു. ആശുപത്രിയിൽ എല്ലാ മെഡിക്കൽ  സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിദഗ്‌ധരായ ആരോഗ്യ പ്രവർത്തകരുടെ സേവനവും ലഭ്യമാണ്. അടിയന്തര സാഹചര്യം നേരിടാൻ ജില്ല പ്രപ്തമായിക്കഴിഞ്ഞെന്ന്‌ അദ്ദേഹം പറഞ്ഞു.

തീവ്ര കോവിഡ്‌ ബാധിതപ്രദേശങ്ങളായ കാസർകോട്‌ നഗരസഭയിലും സമീപത്തെ ആറു പഞ്ചായത്തുകളിലും ഡബിൾ ലോക്ക്‌ഡൗൺ നടപ്പാക്കിയതോടെ ആരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. കൂടുതൽ ബാരിക്കേഡുകൾ വച്ചാണ്‌ പരിശോധന. ആവശ്യ സാധനങ്ങൾ പൊലീസ്‌ വീട്ടിലെത്തിക്കുക
യാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top