25 June Friday

വൈറസിന് തീവ്രവ്യാപന സ്വഭാവം; രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

തിരുവനന്തപുരം > കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്.  ആദ്യഘട്ടത്തില്‍ എന്നപോലെ നിര്‍ണായകമായ പങ്കുവഹിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വലിയതോതില്‍ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളുമുണ്ട്. ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വളരെ കൂടുതലാണ്. ഒരു ഘട്ടത്തില്‍ ടിപിആര്‍ 28 ശതമാനം വരെ എത്തിയിരുന്നു. അതില്‍ അല്‍പം കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന നിലയിലേക്ക് എത്തിയിട്ടില്ല. ടിപിആര്‍  കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകണം.

ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാകുന്നുണ്ട്. ജനങ്ങള്‍ പൊതുവെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ട്.

ഓരോ പഞ്ചായത്തിലും കോവിഡ് കോള്‍ സെന്ററുകള്‍ രൂപീകരിച്ച് ഉടനടി പ്രവര്‍ത്തനം ആരംഭിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കോള്‍ സെന്ററുകള്‍ അതാതു ജില്ലകളിലെ കണ്ട്രോള്‍ സെന്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. ആ ഏകോപനം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ കലക്ടര്‍മാര്‍ക്കാണ്.

വീടുകളില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ഉള്‍പ്പെടെയുള്ള ഏതു രോഗബാധയാണെങ്കിലും ഇ-സഞ്ജീവനി വഴി ടെലിമെഡിസിന്‍ സേവനം നേടാവുന്നതാണ്. ആശുപത്രികളിലേയ്ക്ക് പോകുന്നതിനു പകരം കഴിയാവുന്നത്ര ഈ സേവനം ഉപയോഗിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെഡുകള്‍, ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ ബെഡുകള്‍ തുടങ്ങിയവ കോവിഡ് രോഗികളുടേയും കോവിഡേതര രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങള്‍ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളും ഓരോ നാലു മണിക്കൂര്‍ കൂടുന്തോറും നിര്‍ബന്ധമായും ജില്ലാ കണ്ട്രോള്‍ സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതില്‍ വീഴ്ച വരുത്തുന്നത് സര്‍ക്കാര്‍ ഓഡിറ്റിംഗിന്റെ ഭാഗമായി കണ്ടെത്തിയാല്‍ കേരള എപിഡമിക് ഡിസീസസ് ആക്റ്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ് എന്നിവ അനുസരിച്ച് കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

സ്വകാര്യ ക്‌ളിനിക്കുകളില്‍ ചിലതെല്ലാം കോവിഡ് പ്രോട്ടോക്കോളുകള്‍ ശരിയായ രീതിയില്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്. കോവിഡ് ടെസ്റ്റിനാവശ്യമായ സ്വാബുകള്‍ ശേഖരിക്കുന്ന കാര്യത്തിലും, തിരക്കുകള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടാകരുത്. അത്തരത്തിലുള്ള പ്രവണതകളെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ശനമായ നിയമനടപടികള്‍ അത്തരം സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top