16 October Saturday
ടിപിആറിന്റെയും പുതിയ കേസുകളുടെയും 
വളർച്ച നിരക്ക് എട്ടും 10ഉം ശതമാനം കുറഞ്ഞു

രണ്ടാംതരംഗം പിടിച്ചുനിർത്തി , കഴിഞ്ഞ ആഴ്ചയേക്കാൾ 21,000 കേസ്‌ കുറഞ്ഞു : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021


തിരുവനന്തപുരം
കോവിഡിന്റെ രണ്ടാം തരംഗത്തിൽ പുതിയ പ്രതിസന്ധികൾ നേരിട്ടെങ്കിലും ആശ്വാസം നൽകുന്ന സാഹചര്യമാണുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ മൂന്ന്‌  മുതൽ ഒമ്പതുവരെ, ശരാശരി സജീവ കേസുകൾ 2,42,278 ആണ്. അതിൽ 13 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രി, ഡിസിസി, സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവിടങ്ങളിൽ ചികിത്സയിലുള്ളത്. ആകെ രോഗികളിൽ രണ്ട്‌ ശതമാനത്തിന്‌ മാത്രമേ ഓക്സിജൻ കിടക്ക വേണ്ടിവന്നിട്ടുള്ളൂ. ഒരു ശതമാനമാണ്‌ ഐസിയുവിൽ. ഈ കാലയളവിൽ 1,87,561 പുതിയ കേസാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസ്‌ കുറഞ്ഞു. ടിപിആറിന്റെയും പുതിയ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം എട്ട്‌ ശതമാനവും 10 ശതമാനവും കുറഞ്ഞു.

ആദ്യ തരംഗത്തിൽ രോഗം വരാത്തവരുടെ എണ്ണം വളരെ കൂടുതലായതിനാൽ ഡെൽറ്റാ വകഭേദം ആഞ്ഞടിച്ച രണ്ടാം ഘട്ടത്തിൽ ഏറ്റവും വലിയ നാശം വിതയ്ക്കാൻ സാധ്യതയുള്ളത്‌ സംസ്ഥാനത്തായിരുന്നു. എന്നാൽ രണ്ടാം തരംഗത്തെയും മികച്ച രീതിയിൽ പ്രതിരോധിച്ചു. രോഗബാധയേൽക്കാത്തവരുടെ ശതമാനവും ജനസാന്ദ്രതയും കൂടുതലായതുകൊണ്ട്‌ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വൻ തോതിൽ കൂടി. എന്നാൽ രോഗബാധിതർക്ക്‌ സംരക്ഷണവും ചികിത്സയും ഉറപ്പുവരുത്തി രോഗവ്യാപനം നിയന്ത്രിച്ചു.

രണ്ടാം തരംഗത്തിൽ പലയിടങ്ങളിലുമുണ്ടായ ദുരന്തം ഇവിടെ ഉണ്ടാകാതിരുന്നത്‌ അതുകൊണ്ടാണ്. രോഗികളുടെ വർധനവിന് ആനുപാതികമായി ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണം വർധിച്ചില്ല. അതുകൊണ്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം ആരോഗ്യസംവിധാനങ്ങൾ ഉൾക്കൊള്ളുംവിധം നിലനിർത്തപ്പെട്ടു. മികച്ച രീതിയിൽ വാക്സിനേഷൻ നടത്താൻ സാധിച്ചതാണ് ഇതിന്‌ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെൽറ്റ: വാക്‌സിൻ എടുത്തവർക്ക്‌ ഗുരുതരമാകില്ല
ഡെൽറ്റാ വൈറസ്‌ വാക്‌സിന്റെ പ്രതിരോധം ചെറുതായി ഭേദിക്കുമെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്‌സിൻ എടുത്തവരിൽ രോഗം ഗുരുതരമാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യം പൊതുവേ ഉണ്ടാകാറില്ല. മരണസാധ്യത ഇല്ലായെന്നു പറയാം. രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങൾ ഉള്ളവർ മാത്രമാണ് വാക്‌സിൻ എടുത്തശേഷവും കോവിഡ്‌ ബാധിതരായി മരിച്ചത്. അതിനാൽ എത്രയും പെട്ടെന്ന് വാക്‌സിൻ സ്വീകരിച്ച് എല്ലാവരും രോഗപ്രതിരോധ ശേഷിയാർജിക്കണം. കോവിഡ് ബാധിച്ചവരിൽ 20 ശതമാനം പേർക്കെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്നം ഉണ്ടാകും. ഇത്‌ മുന്നിൽകണ്ട് പ്രാഥമികാരോഗ്യകേന്ദ്രം മുതൽ ജില്ലാ ആശുപത്രിവരെ കോവിഡാനന്തര ചികിത്സയ്‌ക്കുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ആർടിപിസിആർ മാത്രം നിയന്ത്രണത്തിലും ഇളവ്‌
സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും ഇനിമുതൽ ആർടിപിസിആർ പരിശോധനയായിരിക്കും നടത്തുകയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനം പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്‌.  ചികിത്സാകാര്യത്തിന് ആവശ്യമുള്ള ഘട്ടങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്താം. ഡബ്ല്യുഐപിആർ  നിരക്ക് എട്ടിന്‌ മുകളിലുള്ള നഗര, ഗ്രാമ വാർഡുകളിലാകും ഇനി കർശന നിയന്ത്രണം. നിലവിൽ ഇത്‌ ഏഴ് ശതമാനത്തിന്‌ മുകളിലാണ്‌.  സമ്പർക്കവിലക്ക്‌ ലംഘിക്കുന്നവരെ നിർബന്ധിത സമ്പർക്കവിലക്കിലാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാകണം. ഏഴുദിവസത്തിനിടെ പൊലീസ്  4,19,382 പേരെ ഫോണിൽ വിളിച്ച്‌ അവർ സമ്പർക്കവിലക്കിൽ കഴിയുന്നുവെന്ന് ഉറപ്പാക്കി.

അതിഥിത്തൊഴിലാളികൾക്ക് വാക്സിൻ
അതിഥിത്തൊഴിലാളികൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ  കലക്ടർമാർ സ്വീകരിക്കും. മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകാൻ വിദ്യാർഥികൾക്ക്‌ രണ്ട്‌ ഡോസ്‌  വാക്സിൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ അവരുടെ വാക്സിനേഷൻ വേഗമാക്കും. സ്വകാര്യ ആശുപത്രികൾ 10 ലക്ഷം ഡോസ് വാക്സിൻ ഇതിനകം സംഭരിച്ചിട്ടുണ്ട്‌.  കോവിഡ് പോസിറ്റീവായ എല്ലാ യുവാക്കളും പ്രമേഹ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. .

നിപാ പ്രതിരോധ നടപടി തുടരും
നിപാ  രോഗം സ്ഥിരീകരിച്ച ചാത്തമംഗലത്തുനിന്നുള്ള വവ്വാലുകളുടെയും വവ്വാൽ കടിച്ച പഴങ്ങളുടെയും സാമ്പിളുകൾ ഭോപാൽ പരിശോധനാ കേന്ദ്രത്തിലേക്ക് അയക്കുമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചത്ത വവ്വാലുകളെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കും.നിപാ പ്രതിരോധത്തിന്‌ നടപടി തുടരും. ഇതുവരെയുള്ള പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമാണ്. മറ്റ് ജില്ലകളിലുള്ളവരുടെ  സമ്പർക്കപ്പട്ടിക അതത്‌ ജില്ലകളിൽ തയ്യാറാക്കും. ചാത്തമംഗലം പഞ്ചായത്തിൽ 15,000ത്തോളം വീട്ടിൽ 68,000ത്തോളം ആളുകളിൽ സർവേ നടത്തി. കോവിഡ്/നിപാ പരിശോധനകൾക്കായി മേഖലയിൽ നാല്‌ മൊബൈൽ ലാബ്‌ സജ്ജീകരിച്ചിട്ടുണ്ട്. 

വിവരശേഖരണത്തിന്‌ സോഫ്‌റ്റ്‌വെയർ
നിപാ വിവരങ്ങൾ ചേർക്കുന്നതിന്‌ ഇ ഹെൽത്ത് കമ്യൂണിക്കബിൾ ഡിസീസസ് മാനേജ്മെന്റ്‌ സോഫ്‌റ്റ്‌വെയർ സജ്ജമാക്കി. ആശുപത്രിയിൽ രോഗിയെ പരിശോധിക്കുന്നവർക്കും സമ്പർക്കപ്പട്ടിക തയാറാക്കുന്നവർക്കും ഫീൽഡുതല സർവേക്ക് പോകുന്നവർക്കും വിവരങ്ങൾ അപ്പപ്പോൾ സോഫ്റ്റ് വെയറിൽ ചേർക്കാം.  ഭാവിയിൽ എല്ലാ പകർച്ചവ്യാധികളുടെയും വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top