28 February Sunday

കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ യോഗം; യുഡിഎഫ്‌ ജില്ലാ കൺവീനറെ നാട്ടുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

കവളങ്ങാട് > വയോധികരെയും വിധവകളെയും വിളിച്ചുകൂട്ടി പല്ലാരിമംഗലത്ത് യോഗം നടത്താനെത്തിയ യുഡിഎഫ്‌ ജില്ലാ കൺവീനറും ‘എന്റെ നാട്’ ചെയർമാനുമായ ഷിബു തെക്കുംപുറത്തെയും സംഘത്തെയും നാട്ടുകാർ തടഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി 90 വയസ്സ്‌ കഴിഞ്ഞവരെയുൾപ്പെടെ പങ്കെടുപ്പിക്കാനായിരുന്നു ശ്രമം. വിവിധ വാഗ്‌ദാനങ്ങൾ നൽകിയാണ്‌ ആളുകളെ യോഗത്തിലേക്ക്‌ ക്ഷണിച്ചിരുന്നത്‌. പോത്താനിക്കാട് പൊലീസ് എത്തി രംഗം ശാന്തമാക്കിയതിനെ തുടർന്ന് യോഗം നടത്താതെ പ്രവർത്തകർ സ്ഥലംവിട്ടു.

കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം ജില്ലാ പ്രസിഡന്റുകൂടിയായ ഷിബു തെക്കുംപുറം കോതമംഗലം പട്ടണം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച കൂട്ടായ്‌മയാണ്‌ ‘എന്റെ നാട്'. ഓരോ വാർഡ് കേന്ദ്രീകരിച്ചും പാവപ്പെട്ടവർക്ക് സഹായം എന്ന രീതിയിൽ വിധവകൾക്ക് പെൻഷൻ, വയോധികർക്ക്‌ സാമ്പത്തികസഹായം, സൗജന്യ ഭക്ഷ്യകിറ്റ്, സൗജന്യ ചികിത്സ എന്നിവ വാഗ്ദാനം ചെയ്താണ് ജനങ്ങളെ യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നത്‌.

‘എന്റെ നാട്’‌ നേതൃത്വത്തിനു ബന്ധമുള്ള പണമിടപാട്‌ സ്ഥാപനം വഴി കൊള്ളപ്പലിശയ്‌ക്ക്‌ സ്വർണപ്പണയവായ്‌പയും മൈക്രോഫിനാൻസ്‌ വായ്‌പയും നൽകുന്നതായും ആക്ഷേപമുണ്ട്‌. സംഘടനയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക്‌ വാഹനം വാങ്ങാനും ഉയർന്ന പലിശയ്‌ക്ക്‌ വായ്പ നൽകും. തൊഴിൽരഹിതരായ വനിതകളെ സംഘടനയിലേക്ക്‌ ആകർഷിച്ചാണ്‌ പ്രവർത്തനം. രണ്ടുവർഷംമുമ്പ് തൊഴിൽമേള നടത്തി പലരെയും വഞ്ചിച്ചതായും ആക്ഷേപമുണ്ട്‌. ഷിബു തെക്കുംപുറം കോതമംഗലം ബൈപാസിലെ തോടുപുറമ്പോക്കിൽ 14 സെന്റ് സർക്കാർഭൂമി കൈയേറിയതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top