22 June Tuesday

കോവിഡ്‌ പ്രതിരോധത്തിന്‌ കൂടുതൽ പേർ വേണം : ഏഴ്‌ നിർദ്ദേശങ്ങളുമായി കെജിഎംഒഎ

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

തിരുവനന്തപുരം> സംസ്ഥാനത്ത് നിലവിലെ കോവിഡ് വ്യാപനത്തിൻ്റെ ഗുരുതര പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളിൽ കെ ജി എം ഒ എ  സർക്കാരിന്‌ ഏഴ്‌ നിർദ്ദേശങ്ങൾ സമർപ്പിച്ചു. മാനവവിഭവശേഷി ഉറപ്പാക്കുക, കൂടുതൽ ഡോക്‌ടർമാരുടെ സേവനം ഉറപ്പാക്കുക എന്നിവയടങ്ങിയ നിർദേശങ്ങൾ കെ ജി എം ഒ എ പ്രസിഡണ്ട് ഡോ: ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ :ടി എൻ സുരേഷ് എന്നിവരാണ്‌ സമർപ്പിച്ചത്‌.
നിർദ്ദേശങ്ങൾ
1) മാനവവിഭവശേഷി ഉറപ്പാക്കുക: മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. കോവിഡിനോടൊപ്പം കോവിഡേതര ചികിത്സകയും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ്
ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവർത്തികമാക്കാൻ വേണ്ട അധികം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തരമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ കോവിഡ് ആശുപത്രികളിൽ വരെ നിയമിക്കണം. വിശ്രമരഹിതമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ഉണ്ടാവുന്നുണ്ട്. പലരും കോവിഡ് രോഗബാധിതരാവുന്ന സാഹചര്യവും നിലവിലുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവർത്തകരെ നിയമിച്ചില്ലെങ്കിൽ ഗുരുതര സാഹചര്യത്തിലേക്ക് പോകാം.

2) മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി ഗുരുതരമല്ലാത്ത എന്നാൽ വീടുകളിൽ ചികിത്സയിൽ കഴിയാൻ ബുദ്ധിമുട്ടുള്ള Category A രോഗികളെയും കോവിഡ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാവുന്നവരെയും ചികിത്സിക്കാനും നിരീക്ഷിക്കാനും   Domiciliary Care Center കളും, step down CFLTC കളും പഞ്ചായത്ത് /ബ്ലോക്ക് തലത്തിൽ സജ്ജമാക്കണം.  ഇവിടെ ഡോക്ടർമാരുടെ physical presence ഒഴിവാക്കി ടെലി കൺസൾട്ടേഷൻ സംവിധാനം നടപ്പാക്കണം. ഇത്തരം സംവിധാനങ്ങളുടെ നടത്തിപ്പിൻ്റെയും ജീവനക്കാരെ നിയമിക്കുന്നതിൻ്റെയും പൂർണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കണം.     കൂടുതൽ CFLTC കൾതുടങ്ങുന്നതിനേക്കാൾ നിലവിലുള്ളവയിലെ bed strength വർദ്ധിപ്പിക്കുന്നത് മാനവവിഭവശേഷി വിനിയോഗം കുറക്കാൻ ഉപകരിക്കും.

3) വീടുകളിൽ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണം വലിയ തോതിൽ വർധിച്ചു വരുന്നസാഹചര്യത്തിൽ അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ചികിത്സ ഉറപ്പു വരുത്തുന്നതിനും ഓരോ പഞ്ചായത്ത് /ബ്ലോക്ക് തലത്തിലും സർവ്വീസിൽ നിന്ന് വിരമിച്ചവരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെ  നിയമിച്ചുകൊണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന call centre സ്ഥാപിക്കണം. പല കാരണങ്ങൾ കൊണ്ടും നേരിട്ട് രോഗി പരിചരണത്തിൽ ഏർപ്പെടാൻ സാധിക്കാത്തവരുടെ സേവനം ഇത്തരമൊരു സംവിധാനത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കും. DCC കളിലെ ചികിത്സ-നിരീക്ഷണത്തിനും ഇത് ഫലപ്രദമായി വിനിയോഗിക്കാം.

4) കോവിഡ് ഒന്നാം തരംഗത്തിൻ്റെ സമയത്ത് കോവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമല്ല. ആരോഗ്യ വകുപ്പിൽ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടർമാരെ, അത് പൂർത്തിയാകുന്ന തീയതിയിൽ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടികൾ വൈകുന്നു. ഈ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്.

5)  കോവിഡ് ആശുപത്രികൾ, CSLTCകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷൻ റഫറൽ പ്രോട്ടോകോൾ ഉണ്ടാക്കണം. ഇവിടത്തെ കിടക്കകൾ category B, C വിഭാഗം രോഗികൾക്കായി മാറ്റിവക്കുകയും ഗുരുതരമല്ലാത്ത category A രോഗികൾ അവിടെ പ്രവേശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

6) വർദ്ധിച്ചുവരുന്ന രോഗി ബാഹുല്യം കണക്കിലെടുത്ത് വീടുകളിൽ നിന്നും, ഡിസിസി കളിൽ നിന്നും,  സി എഫ് എൽ ടി സി കളിൽ നിന്നും മറ്റും ഗുരുതരാവസ്ഥയിൽ അല്ലാത്ത രോഗികളെ മാറ്റുന്നതിന്  ആംബുലൻസുകളോടൊപ്പം ടാക്സികളും പ്രയോജനപ്പെടുത്തണം. ഇതുമായി സഹകരിച്ച പ്രവർത്തിക്കാൻ താല്പര്യമുള്ള ടാക്സികളിൽ ഡബിൾ ക്യാബിൻ സംവിധാനമൊരുക്കിയും ഡ്രൈവർമാർക്ക് സുരക്ഷ മുൻകരുതൽ ഉറപ്പാക്കിയും ഇതിൽ പങ്കാളികളാകണം.

7) 18 വയസിനും 45 വയസ്സിനും ഇടയിൽ ഉള്ളവരുടെ വാക്സിനേഷൻ എത്രയും വേഗം മുൻഗണന വിഭാഗങ്ങളെ നിശ്ചയിച്ച്  നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവരോടൊപ്പം അണുബാധ ഏൽക്കാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമെന്ന നിലയിൽ കോവിഡ് രോഗീപരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ first degree relatives (spouse and children) നെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top