08 July Wednesday

കോവിഡിൽ ഇന്ത്യ മാതൃകയാക്കേണ്ടത് കേരളത്തിന്റെ ബദൽ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020

തിരുവനന്തപുരം> കോവിഡിൽ ഇന്ത്യ മാതൃകയാക്കേണ്ടത് കേരളത്തിന്റെ ബദലാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന് സാധിക്കുന്നത് എന്തുകൊണ്ട് ഇന്ത്യയ്ക്ക് കഴിയുന്നില്ല എന്ന ചോദ്യമാണ് ഇന്ന് ലോകമാകെ ഉയരുന്നത്. ഇന്ത്യ കോവിഡിനെ കൈകാര്യം ചെയ്ത രീതിയെ ലോകമാകെ അംഗീകരിച്ചു എന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ അന്തർദേശീയ മാധ്യമങ്ങൾ മാതൃകയായി വിലയിരുത്തുമ്പോഴാണെന്നും ഫേസ്‌ബുക്‌ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുതലാളിത്ത വികസന നയം പിന്തുടരുന്ന രാജ്യമാണ്. കുത്തക മുതലാളിത്തത്തിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ധനമൂലധന ശക്തികളുമായി സഖ്യത്തിലേര്‍പ്പിട്ടിരിക്കുന്ന ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗത്തിന്റ ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത്. അത്തരമൊരു ഭൂമികയിൽ, ജനകീയ ഇടതുപക്ഷ ബദലുകള്‍ ഉയര്‍ത്തിപ്പിടിച്ച് ലോകത്തിനാകെ മാതൃകയാവുന്ന വിധത്തില്‍ ആരോഗ്യസുരക്ഷയൊരുക്കാന്‍ കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു എന്നതാണ് പ്രസക്തമായ വസ്തുത.

ഇന്ത്യയ്ക്കാകെ കേരളത്തിന്റെ ഈ പ്രതിരോധ മികവ് സാധ്യമാക്കാനാവാത്തത് മറ്റ് സംസ്ഥാനങ്ങളൊന്നും ഇടതുപക്ഷത്തിന്റെ ബദല്‍രീതികള്‍ പിന്‍പറ്റുന്നില്ല എന്നതുകൊണ്ടാണ്.

സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ത്യയില്‍ കേരളത്തില്‍ മാത്രമേ ഭരണം നടത്തുന്നുള്ളു. രാജ്യത്തെ മറ്റ് 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭരണം നടത്തുന്നത് വലതുപക്ഷമാണ്. തീവ്രവലതുപക്ഷ സ്വഭാവവും അവരുടെ നയങ്ങളും മുന്നോട്ടുവെക്കുന്ന സംസ്ഥാനങ്ങളില്‍ കോവിഡ് 19 ഭീതിതമായ രീതിയില്‍ പടര്‍ന്നുപിടിക്കുന്നു. അവിടെയുള്ള ആരോഗ്യ സംവിധാനങ്ങള്‍ ദുര്‍ബലമാണ്. പ്രാഥമിക ആരോഗ്യ രംഗം പേരിന് പോലുമില്ല.  അധികാര വികേന്ദ്രീകരണം വേണ്ടത്ര നടപ്പിലാക്കാത്തത് കൊണ്ട് വാര്‍ഡ് തലത്തിലുള്ള ജാഗ്രതാ സമിതികളൊന്നും ഇവിടങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കാനാവില്ല. അതേസമയം ജനകീയാരോഗ്യ മേഖലയെ സുശക്തമാക്കിയും പുരോഗമന പ്രസ്ഥാനങ്ങളുടെ മനുഷ്യശേഷി ഉപയോഗിച്ചും കേരളം ഇവിടെ രാജ്യത്തിനാകെ മാതൃകയാവുന്ന ബദലായി മാറുകയാണ്.

വുഹാന്‍ പ്രവിശ്യയിലെ അജ്ഞാത രോഗത്തെ കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത് 2019 ഡിസംബര്‍ 31നാണ്. 2020 ജനുവരി ഏഴിനാണ് നോവല്‍ കൊറോണ വൈറസാണ് രോഗത്തിന് പിറകിലെന്ന് കണ്ടെത്തുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. അത് കേരളത്തിലായിരുന്നു. വുഹാനില്‍ നിന്നും കേരളത്തിലേക്ക് വന്ന വിദ്യാര്‍ത്ഥിക്കാണ് കോവിഡ് ബാധയുണ്ടായത്. രാജ്യമാകെ ആ സമയത്ത് കേരളത്തെ ഭീതിയോടെ വീക്ഷിച്ചു. ജനുവരി രണ്ടാംവാരത്തില്‍ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ലോകത്തിന് ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ ഘട്ടത്തില്‍ തന്നെ കേരള സര്‍ക്കാര്‍ കൊറോണയെ പ്രതിരോധിക്കാനുള്ള പ്രാഥമിക മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. അതിന് ശേഷമാണ് ഇവിടെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ കേരളത്തിന് ഒരു നിമിഷം പോലും പകച്ചുനില്‍ക്കേണ്ടി വന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെയും നേതൃത്വത്തില്‍ ആരോഗ്യസംവിധാനമാകെ കേരളീയരുടെ ആരോഗ്യസുരക്ഷ ലക്ഷ്യം വെച്ച് മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ സജ്ജമായി. തുടര്‍ന്ന് മറ്റ് വകുപ്പുകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപിക്കപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളാണ് കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍. അവര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിള്ളല്‍ വീഴ്ത്തുവാനുള്ള കുത്സിത പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ ഏര്‍പ്പെട്ടു. അവരോടൊപ്പം ചില മാധ്യമങ്ങളും കൂട്ടായി നിന്നു. ഒറ്റക്കെട്ടായി നിന്ന് കൊറോണയില്‍ നിന്നും രക്ഷനേടാനുള്ള പ്രതിരോധങ്ങളില്‍ ഏര്‍പ്പെടുന്ന കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും സംശയഗ്രസ്ഥരാക്കാനുമുള്ള വലതുപക്ഷത്തിന്റെ ശ്രമങ്ങളെ രാഷ്ട്രീയമായി ചെറുത്തുതോല്‍പ്പിക്കാനും ഈ അസാധാരണ കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന് ഊര്‍ജ്ജം വിനിയോഗിക്കേണ്ടി വന്നു. മാത്രമല്ല, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബി ജെ പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍, കേരളത്തോട് പുലര്‍ത്തിയ ചിറ്റമ്മ മനോഭാവം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ടു.

കൊറോണയുമായുള്ള നമ്മുടെ യുദ്ധത്തില്‍ ലോകമാകെ ശ്രദ്ധിക്കുന്ന വിധത്തില്‍ കേരളം നട്ടെല്ലുയര്‍ത്തി നിന്നത് ഇത്തരം പ്രതിസന്ധികളുടെ നടുക്ക് നിന്നാണ്.കേരളത്തിൻ്റെ ഇടതുപക്ഷ ബദൽ രീതികൾ രാജ്യമാകെ വ്യാപിപ്പിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മികച്ച മാതൃകയാവാൻ സാധിക്കുകയുള്ളുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top