02 June Tuesday

ലോകമേ, ഇതാ കേരളം ; ­­­­തോമസും മറിയാമ്മയും വീട്ടിലുണ്ട്‌ ; കോവിഡിനോട്‌ പൊരുതി ജയിച്ച രാജ്യത്തെ ഏറ്റവും പ്രായമേറിയവർ

വി എസ്‌ സൗമ്യUpdated: Friday Apr 3, 2020

കോവിഡ് രോഗം ഭേദമായ റാന്നി പട്ടയിൽ തോമസ്- ‐മറിയാമ്മ ദമ്പതികള്‍ കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് പുറത്തേക്ക് ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ 


കോട്ടയം
സ്‌നേഹവും മരുന്നും പരിചരണവുമായി കേരളം ഹൃദയത്തോട്‌ ചേർത്തുപിടിച്ചു,  തോമസും മറിയാമ്മയും വീണ്ടും ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന്‌ റാന്നിയിലേക്കുള്ള യാത്ര ചരിത്രത്തിലേക്ക്‌ കൂടിയാണ്‌. കോവിഡിനോട്‌ പൊരുതി ജയിച്ച രാജ്യത്തെ ഏറ്റവും പ്രായമേറിയവർ എന്ന റെക്കൊർഡും കൊണ്ടാണ്‌ റാന്നി പട്ടയിൽ തോമസ്‌ എബ്രഹാമും(93), ഭാര്യ മറിയാമ്മ തോമസും(88) ആശുപത്രിയുടെ പടിയിറങ്ങിയത്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ നാലിന്‌ മെഡിക്കൽ കോളേജിന്റെ രണ്ടാംവാർഡ്‌ കവാടത്തിൽ വീൽച്ചെയറുകളിൽ അവരെത്തി.  ഡോക്ടർമാർ, നേഴ്‌സുമാർ തുടങ്ങി, എല്ലാവരോടും  ആരോഗ്യജാഗ്രത പാലിച്ച്‌ കണ്ണുകൾകൊണ്ട്‌ യാത്രപറഞ്ഞു.  26–--ാം നാളിലാണ്‌ ഇവർ രോഗമുക്തരായി  മടങ്ങുന്നത്‌. ഇവരിൽനിന്ന്‌ കോവിഡ്‌ പിടിപെട്ട േനഴ്സ്‌ രേഷ്‌മ മോഹൻദാസും വെള്ളിയാഴ്‌ച ആശുപത്രിവിട്ടു.

ഇറ്റലിയിൽനിന്നെത്തിയ മക്കളിൽനിന്ന്‌ കോവിഡ്‌ 19 സ്ഥിരീകരിച്ച തോമസിനെയും മറിയാമ്മയെയും ഒമ്പതിനാണ്‌ പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന്‌ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്‌. ഇരുവർക്കും പനിയും ചുമയും പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഉണ്ടായിരുന്നു. ചികിത്സയ്‌ക്കിടെ തോമസിനെ ഹൃദയസ്‌തംഭനവും ന്യുമോണിയയും കാരണം വെന്റിലേറ്ററിലേക്ക്‌ മാറ്റി.  അതീവ റിസ്‌ക്‌ വിഭാഗത്തിലായിരുന്നു ചികിത്സ. മാതാപിതാക്കളെപോലെയാണ്‌ ജീവനക്കാർ പരിചരിച്ചതെന്ന്‌ മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ടി കെ ജയകുമാർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top