22 October Friday
സഹായത്തിൽനിന്ന്‌ കേന്ദ്രത്തിന്‌ ഒഴിയാനാകില്ല : പിണറായി വിജയൻ

കോവിഡ്‌മരണം : 50,000 രൂപ നഷ്ടപരിഹാരം സംസ്ഥാനം നല്‍കണമെന്ന് കേന്ദ്രം

സ്വന്തം ലേഖകൻUpdated: Wednesday Sep 22, 2021


ന്യൂഡൽഹി
കോവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍. ദുരന്തനിവാരണ ഫണ്ടിൽ (എസ്‌ഡിആർഎഫ്‌)നിന്ന്‌ സംസ്ഥാനങ്ങൾ വേണം ഇത്‌ നല്‍കേണ്ടതെന്നും ആഭ്യന്തരമന്ത്രാലയം സത്യവാങ്‌മൂലത്തിൽ പറഞ്ഞു. നഷ്ടപരിഹാര വിതരണത്തിന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖയും സമർപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി വേണം പരേതരുടെ അടുത്ത ബന്ധുക്കൾക്ക്‌ നഷ്ടപരിഹാരം കൈമാറേണ്ടത്. രേഖകൾ സഹിതം അപേക്ഷ നൽകിയാൽ 30 ദിവസത്തിനകം പണം നല്‍കണം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക്‌ അക്കൗണ്ടില്‍ പണമിടണം. കോവിഡ്‌ മരണത്തില്‍ തർക്കമുണ്ടെങ്കിൽ ജില്ലാതല സമിതി പരിഹരിക്കണം. മരണസർട്ടിഫിക്കറ്റില്‍ തർക്കമുണ്ടായാൽ പരിശോധിച്ച് തിരുത്തിയ സർട്ടിഫിക്കറ്റ്‌ നൽകാം. കോവിഡ്‌ പ്രതിരോധപ്രവർത്തനത്തിനിടെ കോവിഡിന് ഇരയായവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരത്തിന്‌ അർഹതയുണ്ടെന്നും മാര്‍​ഗനിര്‍​ദേശത്തിലുണ്ട്. ഇവ സുപ്രീംകോടതി പരിഗണിച്ചശേഷം തുടർ ഉത്തരവിറക്കും.കോവിഡിന് ഇരയായവരുടെ ബന്ധുക്കൾക്ക്‌ നഷ്ടപരിഹാരത്തിന്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

സഹായത്തിൽനിന്ന്‌ കേന്ദ്രത്തിന്‌ ഒഴിയാനാകില്ല : പിണറായി വിജയൻ
കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം നൽകുന്നതിൽ നിന്ന്‌ കേന്ദ്ര സർക്കാരിന്‌ ഒഴിയാനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനങ്ങൾക്കും പൂർണമായി ഇതിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാനാകില്ല. എന്നാൽ, കേന്ദ്രം ബാധ്യത വഹിക്കില്ലെന്ന നിലപാട്‌ ശരിയല്ല. ശബരിമല വിമാനത്താവള വിഷയം മാധ്യമങ്ങളിൽ കാണുന്നതുപോലെയല്ല. ഒരു പഠനം നടന്നാൽ അതിൽ ചില അഭിപ്രായങ്ങൾ  സ്വാഭാവികമാണ്‌. അക്കാര്യത്തിൽ വിശദീകരണം നൽകും. നാട്‌ ആഗ്രഹിക്കുന്ന കാര്യമാണ്‌ വിമാനത്താവളമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top