18 June Friday
ആശങ്ക വേണ്ട; ഒപ്പമുണ്ട്‌

പ്രതിരോധം അടിത്തട്ടിൽനിന്ന്‌ ; വാർഡ്‌ തല സമിതികൾക്ക്‌ മുഖ്യപങ്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021


തിരുവനന്തപുരം
കോവിഡ്‌ രോഗികളുടെ വീട്‌ സന്ദർശിച്ച്‌ സൗകര്യങ്ങൾ വിലയിരുത്തിയും ആംബുലൻസടക്കമുള്ള വാഹനം ഉറപ്പ്‌ വരുത്തിയും താഴെക്കിടയിൽനിന്ന്‌ രോഗപ്രതിരോധ പ്രവർത്തനം സജീവമാക്കാൻ നിർദേശം. തദ്ദേശ അധ്യക്ഷന്മാരുമായി  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നടത്തിയ ആശയ വിനിമയത്തിലാണ്‌ നിർദേശമുയർന്നത്‌. വാർഡ്‌ തലത്തിൽ പ്രതിരോധം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.  

എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആംബുലൻസിന്റെയും പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെയും പട്ടിക തയ്യാറാക്കണം. പഞ്ചായത്തിൽ അഞ്ച്  വാഹനവും നഗരസഭയിൽ പത്ത്  വാഹനവും വേണം.

എല്ലായിടത്തും വാർഡ്‌തല സമിതികളും കൺട്രോൾ റൂമുകളും പഞ്ചായത്ത് - നഗരസഭാ തലത്തിൽ കോർ ടീമുകളും  ചികിത്സാ സംവിധാനങ്ങളും ഒരുക്കണം. ആരും പട്ടിണി കിടക്കില്ലെന്ന്‌ ഉറപ്പാക്കണം.  മഴക്കാല പൂർവ ശുചീകരണത്തിലും തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.  മന്ത്രി എ സി മൊയ്‌തീനും പങ്കെടുത്തു.

വാർഡ്‌ തല സമിതികൾക്ക്‌ മുഖ്യപങ്ക്‌
●    വാർഡുതല നിരീക്ഷണ സമിതികൾ വീട്‌ സന്ദർശിക്കണം
●    വ്യാപനത്തിന്റെ ഗൗരവം  മനസ്സിലാക്കി റിപ്പോർട്ട് ചെയ്യണം.
●    ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണസംവിധാനത്തിന്റെയോ ഇടപെടൽ വേണമെങ്കിൽ  അറിയിക്കണം
●    വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില ശ്രദ്ധിക്കണം
●    സാമൂഹ്യമാധ്യമ കൂട്ടായ്മ വഴി ബോധവൽക്കരണം നടത്തണം
●    രോഗികൾക്ക്‌  ആശുപത്രി സേവനം എപ്പോൾ വേണമെന്നതിൽ വ്യക്തമായ ധാരണ വേണം
●    ആരോഗ്യ, സന്നദ്ധപ്രവർത്തകരുടെയും ലിസ്‌റ്റ്‌ കരുതണം


 

ചികിത്സ ഉറപ്പാക്കണം
●    പ്രഥമ കോവിഡ്‌ ചികിത്സാ കേന്ദ്രങ്ങളില്ലാത്ത  തദ്ദേശ സ്ഥാപനങ്ങൾ  സ്ഥലം ഉടൻ കണ്ടെത്തണം.
●    യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം. 
●    ആരോഗ്യ–-സന്നദ്ധ പ്രവർത്തകരെയും  ശുചീകരണ പ്രവർത്തകരെയും നിയോഗിക്കണം
●    ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം.  കിട്ടാത്ത മരുന്നുകൾ എത്തിക്കണം
●    മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത പരിശോധിക്കണം
●    ഉപകരണങ്ങൾക്ക് അമിതവില ഈടാക്കിയാൽ  ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം
●    വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കണം
●    പൾസ് ഓക്സി മീറ്ററുകൾ ശേഖരിച്ച്  പൂൾ ഉണ്ടാക്കണം
●    ഭീതി പരത്തുന്ന സന്ദേശങ്ങൾ പൊലീസിനെ അറിയിക്കണം
●    സന്നദ്ധസേന രൂപീകരിക്കണം; ഇവരുടെ പട്ടിക വേണം
●    അശരണർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ പട്ടിക തയ്യാറാക്കണം. ഇവർക്ക് വൈദ്യസഹായം


ഭക്ഷണവും മരുന്നും എത്തിക്കണം
●    ലോക്ക്ഡൗൺ  ആയതിനാൽ മരുന്നും അവശ്യവസ്തുക്കളും എത്തിച്ചു കൊടുക്കണം
●    പട്ടിണി വരാവുന്നവരുടെ പട്ടിക തയ്യാറാക്കണം
●    യാചകർക്കും തെരുവുകളിൽ കഴിയുന്നവർക്കും ഭക്ഷണം ഉറപ്പാക്കണം
-●    ജനകീയ ഹോട്ടൽ ഉള്ളിടത്ത് അതുവഴി ഭക്ഷണം നൽകണം. ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം
●    ആദിവാസി മേഖലയിലും  അതിഥിത്തൊഴിലാളികൾക്കിടയിലും  പ്രത്യേക ശ്രദ്ധ വേണം
●    നിർമാണ തൊഴിലാളികളെ സൈറ്റിൽ തന്നെ താമസിപ്പിക്കണം.  അല്ലെങ്കിൽ വാഹനത്തിൽ താമസ സ്ഥലത്തെത്തിക്കണം
 

കൺട്രോൾ റൂം
●    24 മണിക്കൂറും പ്രാദേശിക കൺട്രോൾ റൂം തുറക്കണം
●    കോവിഡ് ചികിത്സ സംബന്‌ധിച്ച എല്ലാവിവരവും കൺട്രോൾറൂമിൽ വേണം.


 

ആശങ്ക വേണ്ട; ഒപ്പമുണ്ട്‌

ഒരാൾ കോവിഡ്‌ ബാധിതനായാൽ അയാൾക്ക്‌ നൽകേണ്ട ചികിത്സ എങ്ങനെ ആകണമെന്നതിന്‌ കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

● പരിശോധനാഫലം  ജില്ലകളിലെ ഡിപിഎംഎസ്‌യുകളിലേക്ക്‌ അയക്കും. ‌
ഇവിടെനിന്ന്‌ റാപ്പിഡ് റെസ്പോൺസ് 
ടീമിനു കൈമാറും. പരിശോധന നടത്തിയ വ്യക്തിക്കും എസ്എംഎസായി ഫലം അയക്കും

● പോസിറ്റീവായാൽ ആർആർടിയിൽ
നിന്ന്‌ ഉദ്യോഗസ്ഥൻ നേരിട്ട് ബന്ധപ്പെടും. രോഗിയുടെ മറ്റ്‌ രോഗാവസ്ഥകളെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചും അന്വേഷിക്കും. രോഗലക്ഷണങ്ങൾ 
തീരെയില്ലാത്തവരെയും നേരിയ രോഗലക്ഷണംമാത്രമുള്ളവരെയും വീടുകളിൽത്തന്നെ ക്വാറന്റൈൻ ചെയ്യും

● വീട്ടിൽ സൗകര്യമില്ലാത്തവർ വാർഡ്തല സമിതിയുമായി ബന്ധപ്പെടണം. തദ്ദേശസ്ഥാപനങ്ങൾ സജ്ജീകരിച്ച ഡൊമിസിലയറി കെയർ സെന്ററുകൾ ലഭ്യമാക്കും

● രോഗബാധിതനാകുന്ന വ്യക്തിയുടെ 
കുടുംബത്തിന്‌ ഭക്ഷണം, മരുന്ന്‌ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പ്‌ വരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതിയാണ്. രോഗികൾ എല്ലാവരും വാർഡ് മെമ്പറുടെ നമ്പർ കൈയിൽ കരുതണം

● വീടുകളിൽ കഴിയുന്നവർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിലേക്ക്‌ മാറ്റണം. ഉടൻ റാപ്പിഡ് റെസ്പോൺസ് ടീമിലെ ഉദ്യോഗസ്ഥനെ 
വിവരം അറിയിക്കണം. ആ വിവരം 
ജില്ലാ കൺട്രോൾ യൂണിറ്റിലേക്ക്‌ കൈമാറും. കൺട്രോൾ യൂണിറ്റ് രോഗിയെ 
മാറ്റുന്നതിന്‌ നിർദേശിക്കും

● രോഗാവസ്ഥയുടെ സ്വഭാവമനുസരിച്ച്‌ ഏത്‌ ആശുപത്രിയിലേക്ക്‌ മാറ്റണമെന്ന നിർദേശം ജില്ലാ കൺട്രോൾ 
സെന്ററുകൾ നൽകും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top