25 May Monday

ഒറ്റ ക്ലിക്കിൽ വിവരങ്ങൾ 22.5 ലക്ഷം വീട്ടമ്മ മാരിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

റഷീദ‌് ആനപ്പുറം > 19,4539 വാട്സാപ് ഗ്രൂപ്പുകൾ... 22.5 ലക്ഷം അംഗങ്ങൾ.  ഇവിടെ എന്തിനും ഏതിനും ഉത്തരമുണ്ട്‌. കോവിഡ്‌ കാലത്ത്‌ രോഗപ്രതിരോധം വർധിപ്പിക്കാൻ എന്തൊക്കെ ചെയ്യണമെന്ന്‌ അറിയണോ...? ഇലക്കറികൾ കഴിക്കുകയെന്നാണ്‌ ഉത്തരം. ഇനിയുള്ള ഉപദേശം കുഞ്ഞുങ്ങളെ വായനയിൽ വ്യാപൃതരാക്കാൻ ശ്രമിക്കുകയെന്നതാണ്‌. അവർ വായിച്ചുവളരട്ടെയെന്ന്‌ പറയുന്നത്‌ ഗ്രൂപ്പിലെ അമ്മമാർ. സമൂഹ അടുക്കളയിൽ എന്തെല്ലാം വിഭവം ഒരുക്കാൻ കഴിയുമെന്നും ഇവിടെനിന്ന്‌ അറിയാം. കുടുംബശ്രീയാണ്‌ ഈ വാട്സാപ് ഗ്രൂപ്പുകൾക്ക്‌ പിന്നിൽ. ഇവ കൂടാതെ മുഖ്യമന്ത്രിയുടെ നിർദേശങ്ങളും ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു. ഇങ്ങനെ ഔദ്യോഗിക വിവരങ്ങൾ എത്തുന്നത്‌ 22 ലക്ഷത്തിയധികം വീട്ടമ്മമാരിലേക്കാണ്‌.

എക്‌സിക്യൂട്ടീവ്‌ ഡയറക്ടർമുതൽ അയൽകൂട്ടം അംഗങ്ങൾ വരെ അംഗങ്ങളായുള്ള  ഗ്രൂപ്പുകളാണ്‌ കുടുംബശ്രീ തയ്യാറാക്കിയത്‌. നേരത്തെ ഔദ്യോഗിക ആവശ്യത്തിനായി  ഉപയോഗിച്ച വാട്‌സാപ് ഗ്രൂപ്പുകൾ കോവിഡ്‌ പ്രതിരോധത്തിനായി വിപുലപ്പെടുത്തുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്‌ സിഡിഎസ്‌, വാർഡ്‌ കേന്ദ്രീകരിച്ച്‌ എഡിഎസ്‌, അതിന്‌ കീഴിൽ അയൽകൂട്ടം എന്നതാണ്‌ കുടുംബശ്രീ സംവിധാനം. നിലവിൽ 1064 സിഡിഎസാണ്‌ സംസ്ഥാനത്തുള്ളത്‌. 1520 വാട്‌സാപ്  ഗ്രൂപ്പ്‌ സിഡിഎസിനുണ്ട്‌. 1,45,252 പേർ അംഗങ്ങളാണ്‌. 19,484 എഡിഎസുകളിലായുള്ള 18,430 വാട്‌സാപ് ഗ്രൂപ്പിൽ 10,93,238 അംഗങ്ങളുണ്ട്‌. 29,4654 അയൽകൂട്ടം ഗ്രൂപ്പുള്ളതിൽ 17,4589 വാട്‌സാപ് ഗ്രൂപ്പുണ്ട്‌. 44,91,834 അയൽകൂട്ടം അംഗങ്ങളിൽ സ്‌മാർട്‌ഫോണുള്ള 10,15,074 പേർ ഇതിൽ അംഗങ്ങളാണ്‌.

സംസ്ഥാന തലത്തിൽ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ നേതൃത്വം നൽകുന്ന വാട്‌സാപ് ഗ്രൂപ്പുണ്ട്‌. എല്ലാ ജില്ലാ കോ –-ഓർഡിനേറ്റർമാരും ഇതിൽ അംഗങ്ങളാണ്‌. ജില്ലാ കോഓർഡിനേറ്റർ അതത്‌ ജില്ലകളിലെ സിഡിഎസ്‌ ഗ്രൂപ്പിലും സിഡിഎസ്‌ ചെയർപേഴ്‌സൺ അതത്‌ തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഡിഎസ്‌ ഗ്രൂപ്പിലും എഡിഎസ്‌ പ്രസിഡന്റ്‌ അയൽകൂട്ടം ഗ്രൂപ്പിലും അംഗമാണ്‌. അതിനാൽ എക്‌സിക്യുട്ടീവ്‌ ഓഫീസറുടെ ഒരു നിർദേശം അതിവേഗത്തിൽ അയൽകൂട്ടം അംഗങ്ങൾക്ക്‌ ലഭിക്കും. അടച്ചിടൽ കാലത്ത്‌ വീടുകളിൽ എന്തെല്ലാം ചെയ്യാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ ഗ്രൂപ്പുകൾ വഴി പങ്കുവെച്ചിട്ടുണ്ടെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എസ്‌ ഹരികിഷോർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top