09 August Sunday

കോവിഡ്‌ തീവ്രത അറിയാൻ നൂതന സംവിധാനം

സ്വന്തം ലേഖകൻUpdated: Tuesday Jul 7, 2020

മുളങ്കുന്നത്തുകാവ്‌> രോഗികളിലെ കോവിഡ്‌ തീവ്രത അറിയാനുള്ള നൂതന  രക്തപരിശോധനാ  സംവിധാനം  തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു.  പ്രോകാൽസിടോണിൻ,  ഇന്റർ ലൂകിൻ -6  എന്നിവയാണ്‌ അത്യാധുനിക പരിശോധനകൾ.  ആശുപത്രി സെൻട്രൽ ലാബിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലാണ് ഇത്‌ ആരംഭിച്ചത്‌. 

ക്ലിയ സിസ്റ്റം എന്ന മെഷീൻ  ഉപയോഗിച്ചാണ് പ്രത്യേക രക്ത പരിശോധന. കേരളത്തിൽ ആദ്യമായി തൃശൂർ മെഡിക്കൽ കോളേജിലാണ്‌  ഈ നൂതന പരിശോധന സംവിധാനം ഏർപ്പെടുത്തിയത്‌. കോവിഡിനൊപ്പം മറ്റുരോഗങ്ങൾക്കും ഇത്‌ പ്രയോജനപ്പെടുത്താം. 

ചികിത്സയിലുള്ളവർക്ക്‌ രോഗം മൂർച്ഛിക്കുന്നതിനെ തുടർന്ന്, അക്യൂട്ട് കെയർ ഐസിയു, വെന്റിലേറ്റർ എന്നിവിടങ്ങളിൽ  പ്രവേശിപ്പിക്കുന്നതിന് മുമ്പെ തീവ്രത അറിയാനാവും. രോഗിയുടെ ശ്വാസകോശത്തിലുണ്ടാകുന്ന, കടുത്ത ന്യൂമോണിയ, സൈറ്റോ കയിൻ സ്റ്റോം  ഗ്രേഡ് 3-4, എന്നിവയ്ക്ക്  ജീവൻരക്ഷാ മരുന്നായ  ടോസിലിസീമാബ്  ഇഞ്ചക്ഷൻ നൽകുന്നതിന്റെ  ആവശ്യകത നേരത്തെ മനസ്സിലാക്കാനാവും.  30,000 രൂപയിൽ കൂടുതലാണ്‌ ഈ ഇഞ്ചക്ഷന്റെ ചെലവ്‌.

 രോഗം  ബാക്ടീരിയ, വൈറസ് എന്നിവ മൂലമാണോയെന്ന്‌ തിരിച്ചറിയാനാവും.     അതിനനുസരിച്ച് മുൻകൂട്ടി ചികിത്സ നിശ്ചയിക്കാനും  പരിശോധന ഉപകാരപ്രദമാകും.  ചിലവേറിയ  ഇത്തരം പരിശോധന  സൗജന്യമായാണ്‌  കോവിഡ്‌ രോഗികൾക്ക്‌ നൽകുന്നത്‌.   24 മണിക്കൂറും  പരിശോധന സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്‌. 

 മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ  ഡോ.  എം എ ആൻഡ്രൂസ്,   സൂപ്രണ്ട് ഡോ. ആർ ബിജു കൃഷ്ണൻ, ജനറൽ മെഡിസിൻ വകുപ്പ് മേധാവി ഡോ. എൻ വി ജയചന്ദ്രൻ,  ബയോകെമിസ്ട്രി വകുപ്പ് മേധാവി ഡോ. ഗീത ദാമോദരൻ, ആർഎംഒ ഡോ. സി പി  മുരളി, ഡോ.  ഷാജി എസ് നായർ എന്നിവർ ഇതിന്‌ പ്രത്യേകം താൽപ്പര്യം എടുത്തിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top