27 May Wednesday

പത്രത്തിനൊപ്പം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കോട്ടുവള്ളി>  കോവിഡ് 19ന്റെ ഭാഗമായുള്ള ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കാം വിത്തിറക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കോട്ടുവള്ളി വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിത്തുകള്‍ അടങ്ങിയ ആയിരം കിറ്റുകളും അഞ്ഞൂറോളം പച്ചക്കറി തൈകളും വിതരണം ചെയ്തു.ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുന്ന സമയത്ത് തന്നെ കാര്‍ഷിക മേഖലയില്‍ അവരുടെ ഒഴിവു സമയത്തിന്റെ ഒരു ഭാഗം ചിലവഴിക്കാന്‍ പ്രചോദിപ്പിക്കുക എന്നതുമാണ് ഡിവൈഎഫ്‌ഐ യെ ഇത്തരമൊരു ആലോചനയിലേക്ക് എത്തിച്ചത്.

നിലവിലെ സാഹചര്യത്തില്‍ വീടുകള്‍തോറും കയറി വിതരണം ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പത്രത്തിന്റെ കൂടെ പച്ചക്കറി വിത്തിന്റെ കിറ്റുകള്‍ വിതരണം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. കൂടാതെ മേഖല കമ്മിറ്റിയുടെ കീഴില്‍ വരുന്ന 13 യൂണിറ്റ് കമ്മിറ്റികള്‍ വഴി പച്ചക്കറി തൈകളും വിതരണം ചെയ്തു. ഇരുപത്തിയഞ്ച് ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കുന്ന ചീര, വഴുതനങ്ങ, മുളക്, പയര്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി വിത്തുകളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



പള്ളിയാക്കല്‍ ബാങ്കില്‍ നിന്നാണ് വിത്തുകളും, തൈകളും വാങ്ങിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ വിത്തുകള്‍ തരം തിരിച്ച് പാക്ക്‌ ചെയ്യുകയും പത്രങ്ങളില്‍ പിന്‍ ചെയ്യുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ആഹ്വാനവും ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ഓര്‍മ്മിപ്പിക്കുന്നു. മേഖലയിലെ എല്ലാ വീടുകളിലും വിത്തുകള്‍ എത്തിക്കാന്‍ വേണ്ട പ്രവര്‍ത്തങ്ങള്‍ സ്വീകരിച്ചു വരികയാണെന്ന് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എം എസ് അരുണ്‍ജി, പ്രസിഡന്റ് വിഷ്ണു മഹീധരന്‍ എന്നിവര്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top