28 May Thursday

കോവിഡ്‌ 19: പിഎസ്‌സി അഡ്വൈസ്‌ മെമ്മോ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അയക്കണം; ഡിവൈഎഫ്‌ഐ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

തിരുവനന്തപുരം > കോവിഡ് 19 മുൻകരുതലിന്റെ പശ്ചാത്തലത്തിൽ പിഎസ്‌സി അഡ്വൈസ് മെമ്മോ നേരിട്ട് ഉദ്യോഗാർത്ഥികൾക്ക് അയച്ചുകൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയർമാനും നിവേദനം നൽകി. നിലവിൽ പിഎസ്‌സി ഓഫീസുകളിൽ നേരിട്ട് എത്തി അഡ്വൈസ് മെമ്മോ കൈപ്പറ്റുന്ന രീതിയാണുള്ളത്. എന്നാൽ, ഉദ്യോഗസ്ഥരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ടുനൽകുന്ന രീതിയും നിലവിൽ മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. നിയമന നടപടികൾ തടസമില്ലാതെ ഉറപ്പുവരുത്തി ഉദ്യോഗാർത്ഥികളുടെ ആശങ്ക അകറ്റാൻ പിഎസ്‌സി തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

കൊറോണ - മുൻകരുതലിന്റെ പശ്ചാത്തലത്തിൽ നേരിട്ട് വാങ്ങുന്ന രീതി ആശ്രയിക്കുന്നത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കിടയിലും ആശങ്കയുണ്ട്. പല ഉദ്യോഗാർത്ഥികളും ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി നേരിട്ടുകൊടുക്കുന്ന രീതി അവസാനിപ്പിച്ച് തപാൽ വഴി വിതരണം പുനരാരംഭിക്കുന്നതിനാവശ്യമായ നിർദ്ദേശം പിഎസ്‌സിക്ക് നൽകണമെന്ന് നിവേദനത്തിൽ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top