29 July Thursday

മൂന്നാം തരംഗത്തിനുള്ള സാധ്യത കണക്കിലെടുക്കണം; അലംഭാവം കൂടുതൽ വ്യാപനത്തിലേക്ക് എത്തിച്ചേക്കാം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

തിരുവനന്തപുരം
ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ ആവിർഭാവം മൂന്നാം  തരംഗത്തിലുണ്ടാകാൻ സാധ്യതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട്. ഏറ്റവും മോശം സാഹചര്യത്തെ നേരിടാനാണ്‌ സർക്കാർ തയ്യാറെടുപ്പ്  നടത്തുന്നത്‌. ഒരു തരത്തിലുള്ള അലംഭാവവും ഇതിൽ ഉണ്ടാകില്ല. തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസിനെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ഡെൽറ്റാ വൈറസിനെ നേരിടാൻ  കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണം. ഇരട്ട മാസ്ക് നിർബന്ധമായും ധരിക്കണം.  ചെറിയ കൂടിച്ചേരലുകൾ പോലും ഒഴിവാക്കണം.  പൊതുസ്ഥലത്തെന്നപോലെ വീടുകൾക്കകത്തും കരുതലുണ്ടാകണം.  കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലർത്തണം. വായു സഞ്ചാരമുള്ളിടങ്ങളിലാകണം ഇടപഴകലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികൾക്ക്‌ വിദഗ്‌ധ ചികിത്സ ഉറപ്പാക്കും
 മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്റൻസീവ് കെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്. മുതിർന്നവർക്കുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളുടെ ചികിത്സയും വിപുലീകരിക്കും.  മെഡിക്കൽ കോളേജ് ആശുപത്രികളിൽ അധികമായി 10 കിടക്കയുള്ള പീഡിയാട്രിക് ഐസിയു സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക് ഐസിയുവിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യും.  ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ എച്ച്ഡിയു (ഹൈ ഡിപ്പന്റൻസി യൂണിറ്റ്) സ്ഥാപിക്കും. അതല്ലെങ്കിൽ നിലവിലുള്ള പീഡിയാട്രിക് ഐസിയു/എച്ച്ഡിയുവിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കും. കുട്ടികളുടെ വാക്സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ വിജയകരമായി മുന്നോട്ടു പോകുന്നു. 12 മുതൽ 18 വയസ്സുവരെയുള്ളവർക്ക് വേണ്ട വാക്സിനേഷൻ അധികം വൈകാതെ ലഭ്യമായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top