15 May Saturday

കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയം എടുക്കും; രണ്ടാം തരംഗം ഗ്രാമങ്ങളെയും ബാധിച്ചു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

തിരുവനന്തപുരം > ടിപിആർ വർധന കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയം എടുക്കുമെന്നും, രോഗികൾ ഇനിയും കൂടും എന്ന്‌ പഠനങ്ങളിൽ നിന്ന്‌ മനസ്സിലാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗം ഇന്ത്യയിൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ്‌ വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. നഗരങ്ങളിൽ മാത്രം ഒതുങ്ങിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രാമീണമേഖലയിൽ ആരോഗ്യ സംവിധാനങ്ങളുടെ കുറവ്‌ ഇത്‌ ഗുരുതരമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗ്രാമീണ മേഖലയിലേക്ക് കൂടി ഇന്ത്യയിൽ കോവിഡ് രണ്ടാം വ്യാപനം വ്യാപിച്ചെന്ന് പറയുന്നു. മരണം വർധിക്കാൻ ഇത് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ആരോഗ്യ സംവിധാനങ്ങളുടെ ദൗർലഭ്യം സ്ഥിതി കൂടുതൽ പ്രതിസന്ധിയാക്കി. പഞ്ചാബിലെ 80 ശതമാനം പേർ ലക്ഷണം കൂടിയപ്പോഴാണ് ചികിത്സ തേടിയത്. കേരളത്തിലും ഗ്രാമീണ മേഖലയിൽ രോഗവ്യാപനം കൂടുതലാണ്. സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം കുറവാണെന്നതും മറ്റ് സംസ്ഥാനങ്ങളേക്കാൾ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനം മികച്ച പ്രവർത്തനം നടത്തുന്നുണ്ട്.

എങ്കിലും നിയന്ത്രണം ഗ്രാമ മേഖലകളിലും അനിവാര്യമാണ്. നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങൾ ആ കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്‍റീനില്‍ കഴിയുന്നവർ നിർദ്ദേശങ്ങൾ പാലിക്കണം. പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് ഓക്സിജൻ നില ഇടയ്‌ക്ക് പരിശോധിക്കണം. ആർക്കെങ്കിലും ചികിത്സ ലഭിക്കാതെ ഉണ്ടാകാതെ നോക്കണം. 50 ശതമാനം പേരിലേക്ക് രോഗം പകർന്നത് വീടുകളിൽ വെച്ചാണ്. ഗൗരവത്തോടെ പരിഗണിക്കേണ്ട പ്രശ്നമാണ്. അവനവന്‍റെ വീടുകളിൽ സുരക്ഷാ വലയം തീർക്കാൻ ജാഗ്രത പുലർത്തണം. വയോജനങ്ങളും കുട്ടികളും ഇടപെടുമ്പോൾ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീടിൽ നിന്ന് പുറത്തിറങ്ങരുത്.

സാധനങ്ങൾ വാങ്ങാൻ പോകുന്നവർ അത്യാവശ്യ സാധനം കുറഞ്ഞ സമയത്തിൽ വാങ്ങുക. ഡബിൾ മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക. തിരികെ വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാനാവുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. തുമ്മൽ, ചുമ, ജലദോഷം, ശ്വാസം മുട്ടൽ എന്നിവ കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. മറ്റ് അംഗങ്ങളും മാസ്ക് ധരിക്കണം. കൊവിഡുണ്ടോയെന്ന് ഉറപ്പാക്കണം. മറ്റ് വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റ് വീടുകളിൽ പോകേണ്ടതുണ്ടെങ്കിൽ മാസ്ക് ധരിച്ചും കൈകൾ സാനിറ്റൈസ് ധരിച്ചുമാണ് പോകേണ്ടത്.

കോവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനൽ അടച്ചിടരുത്. അവ തുറന്നിടണം. വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം. രോഗം പകരാനുള്ള സാധ്യത കുറയും. ആളുകൾ നിരന്തരമായി സ്പർശിക്കുന്ന പ്രതലം, വാതിലുകളുടെ ഹാന്‍റിലുകള്‍ സ്വിച്ചുകൾ, ഇവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യണം. കൊവിഡ് രോഗബാധ ഏൽക്കാത്ത ഇടമായി വീടുകളെ മാറ്റാൻ ഓരോരുത്തരും മുൻകൈയെടുക്കണം.

സർജ് കപ്പാസിറ്റി ഉയർത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്. അതൊന്നും മതിയാകാത്ത സാഹചര്യം രോഗവ്യാപനം വളർന്നാലുണ്ടാകുമെന്ന് മുൻകൂട്ടി കാണണം. ആരോഗ്യവകുപ്പിലെ എല്ലാവരും വലിയ സമ്മർദ്ദത്തിന് കീഴ്പ്പെട്ടാണ് ജോലി ചെയ്യുന്നത്. അതിനിയും കൂടരുത്.

കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചത് 7338860 ഡോസ് വാക്സീനാണ്. നല്ല രീതിയിൽ ആ വാക്സീൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്‌സീൻ വയലിനകത്തും വേസ്റ്റേജ് ഫാക്ടർ എന്ന നിലയിൽ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് ഉപയോഗിക്കാനായി. 7424166 ഡോസ് വാക്‌സീൻ നാം ഉപയോഗിച്ചത് ഇങ്ങനെ. കേന്ദ്രസർക്കാർ തന്നതിൽ കൂടുതൽ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്സീൻ വിതരണം ചെയ്യാനായത് ആരോഗ്യപ്രവർത്തകരുടെ പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ അഭിമാനാർഹമായ നേട്ടമാണ് നേടിയത്. വാക്സീൻ ഇപ്പോൾ ലഭിക്കുന്നില്ല. 45 ന് മുകളിലുള്ളവർക്ക് സൗജന്യ വാക്സീൻ നൽകാൻ കേന്ദ്രം തയ്യാറാവണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാനാവും വിധം വാക്സീൻ വിതരണം ഉറപ്പാക്കണം. സംസ്ഥാനങ്ങൾക്ക് നീതി ഉറപ്പാക്കണം, ദൗർലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു.

എല്ലാ വാക്സീനും നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്. അത് ആവർത്തിച്ച് വ്യക്തമാക്കുന്നു. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. കാരുണ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമാകാനുള്ള അഭ്യർത്ഥന മാനിച്ച് പുതുതായി 11 സ്വകാര്യ ആശുപത്രികൾ കൂടി പദ്ധതിയുടെ ഭാഗമായി. കൂടുതൽ ആശുപത്രികൾ ഈ പാത പിന്തുടരണം. കൂടുതൽ പേർക്ക് സൗജന്യ ചികിത്സ നൽകാനാവും.

വൻകിട നിർമ്മാണ സ്ഥലത്ത് ജോലിക്കാർക്ക് താമസ സൗകര്യം ഉറപ്പാക്കണം. അല്ലെങ്കിൽ വാഹന സൗകര്യം ഉറപ്പാക്കണം. വീട്ടുജോലിക്കാരുടെയൊക്കെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. നടത്തം, ഓട്ടം തുടങ്ങിയ വ്യായാമ മുറകൾക്ക് പൊതു സ്ഥലം ഉപയോഗിക്കരുത്. വീടും വീട്ടുപരിസരവും മാത്രമേ ഉപയോഗിക്കാവൂ. പൊതു സ്ഥലത്ത് പോകുന്നവർ രണ്ട് മാസ്ക് ധരിക്കണം. പലരും ഈ നിർദ്ദേശം പാലിക്കുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗം വ്യാപിക്കുന്നത് തടയാനുമാണിത്. അത് കൃത്യമായി പാലിക്കണം. രണ്ട് മാസ്കിൽ ആദ്യം സർജിക്കൽ മാസ്കും പുറമെ തുണിമാസ്കുമാണ് ഉപയോഗിക്കേണ്ടത്. കച്ചവടക്കാരും ജീവനക്കാരും മാർക്കറ്റുകളിൽ രണ്ട് മീറ്റർ അകലം പാലിക്കണം.

ഓക്സിജൻ, മരുന്നുകൾ മുതലായവ അവശ്യ വസ്തുക്കളാണ്. ഇതുമായി പോകുന്ന വാഹനങ്ങൾക്ക് റോഡിൽ തടസം ഉണ്ടാകരുത്. ആവശ്യമെങ്കിൽ പൊലീസ് എസ്കോർട്ടും നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top