19 September Saturday

സംസ്ഥാനത്ത്‌ 962 പേർക്ക്‌ കൂടി കോവിഡ്‌; സമ്പർക്കത്തിലൂടെ 801 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്.

തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേര്‍ക്കാണ്. ഇതില്‍ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 40.

ഇന്നും തിരുവനന്തപുരത്താണ് കൂടുതൽ രോഗികൾ. 205 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 106, ആലപ്പുഴ 101, തൃശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

നെഗറ്റീവ് ആയവരുടെ കണക്കുകള്‍: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂർ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണഊർ 25, കാസർകോട് 50.

ക്വാറന്‍റീന്‍ ലംഘിച്ച് ചിലർ പുറത്തിറങ്ങുന്നു. മാനദണ്ഡങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. രോഗവ്യാപന തോത് വർധിക്കാൻ ഇത് പ്രധാന ഘടകം. നിയന്ത്രണത്തിനുള്ള പൂർണ്ണ ചുമതല പൊലീസിന് നൽകുന്നു. സമ്പർക്ക വിലക്ക് ലംഘിച്ചാൽ ബന്ധപ്പെട്ടവർ പൊലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകൾ അകലം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്നവർ ഇവിടെ നിന്ന് കടന്നുകളയുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ പൊലീസ് പെട്ടെന്ന് നടപടിയെടുക്കണം. പോസിറ്റീവായ ഒരാളുടെ കോണ്ടാക്‌ട് കണ്ടെത്തണം. പ്രൈമറി, സെക്കൻഡറി കോണ്ടാക്‌ടാണ് കണ്ടെത്തേണ്ടത്. ഇത് പൊലീസ് നേരിട്ട് നിർവഹിക്കണം.

അന്വേഷണ മികവ് അവർക്കുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ എസ്ഐയുടെ നേതൃത്വത്തിൽ ടീം പ്രവർത്തിക്കും. കോണ്ടാക്‌ട് ട്രേസിങ് നടത്തലാണ് ടീമിന്‍റെ പ്രധാന ചുമതല. പോസിറ്റീവ് ആളുകളുടെ സമ്പർക്ക പട്ടിക ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച്, ചുമതല പൊലീസിന് നൽകുന്നു. 24 മണിക്കൂറിനകം കോണ്ടാക്‌ടുകള്‍ കണ്ടെത്തണം. കണ്ടെയിന്‍മെന്‍റ് സോണിലും പുറത്തും അകലം പാലിക്കണം. 24 മണിക്കൂറും പൊലീസ് ജാഗ്രത പാലിക്കണം. ആശുപത്രികൾ, പച്ചക്കറി മാർക്കറ്റ്, മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകൾ, മരണ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ ആവശ്യമായ നിർദ്ദേശവും ഉപദേശവും നൽകാൻ സംസ്ഥാന പൊലീസ് നോഡൽ ഓഫീസറായ കൊച്ചി കമ്മീഷണർ വിജയ് സാഖറയെ നിശ്‍ചയിച്ചു.

കണ്ടെയിന്‍മെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിൽ മാറ്റം. പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകൾ കണ്ടെത്തിയാൽ ഇവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേർതിരിച്ച് കണ്ടെയിന്‍മെന്‍റ് സോണാക്കും. ഇതിന് കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടെയിന്‍മെന്‍റ് സോൺ പ്രഖ്യാപിക്കും. മാറ്റം പോസിറ്റീവ് രോഗികളുടെ പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്തുകൊണ്ടായിരിക്കും. ഇവിടങ്ങളിൽ ഇപ്പോഴുള്ളത് പോലെത്തന്നെ നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കാനുള്ള വ്യവസ്ഥകൾ ഉണ്ടാകും.

ഈ സോണിലെ ആളുകൾക്ക് പുറത്തേക്കോ, മറ്റുള്ളവർക്ക് കണ്ടെയിന്‍മെന്‍റ് സോണിലേക്കോ പോകാൻ അനുവാദം ഉണ്ടാകില്ല. അവശ്യസാധനം വീടുകളിൽ എത്തിക്കും. അതിന് കടകളെ സജ്ജമാക്കും. കടകൾ വഴി വിതരണം ചെയ്യും. അതിന് പ്രയാസമുണ്ടെങ്കിൽ പൊലീസോ, പൊലീസ് വളണ്ടിയറോ അവശ്യ സാധനം വീട്ടിലെത്തിക്കും. കണ്ടെയിന്‍മെന്‍റ് സോൺ ഒഴിവാക്കുന്നത് ഇതിനകത്തുള്ള പ്രൈമറി സെക്കന്‍ററി കോണ്ടാക്‌ടുകൾ രോഗമുക്തമായെന്ന് ഉറപ്പാക്കിയായിരിക്കും.

ഇത് സ്വാഭാവികമായും കുറച്ചധികം പ്രയാസം ആളുകൾക്ക് ഉണ്ടാക്കും. രോഗം വന്ന് ജീവഹാനി ഉണ്ടാകുന്നതിലും ഭേദം പ്രയാസം അനുഭവിക്കലാണ്. സമ്പർക്കമാണ് രോഗവ്യാപനത്തിന് കാരണം. ഇതൊഴിവാക്കണം. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണം. രോഗബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പൊലീസ് ആസ്ഥാനം ഭാഗികമായി ഏതാനും ദിവസത്തേക്ക് അടക്കും. ഇത് പൊലീസിന്‍റെ പ്രവർത്തനത്തെ ബാധിക്കില്ല. കൺട്രോൾ റൂമും വയർലെസ് സംവിധാനവും നടക്കും. അണുനശീകരണം പൂർത്തിയായാൽ പൊലീസ് ആസ്ഥാനം പൂർണ്ണമായ തോതിൽ പ്രവർത്തനം തുടരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top