09 August Sunday

‌സംസ്ഥാനത്ത്‌ 623 പേർക്ക്‌ കോവിഡ്‌; സമ്പർക്കത്തിലൂടെ 423 പേർക്ക്‌ രോഗം, 37 പേരുടെ ഉറവിടം അജ്ഞാതം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.  76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്.  ഹൃദയാഘാതത്തെത്തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 196 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ 14,444 സാമ്പിളുകൾ പരിശോധിച്ചു. 1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. 4989 പേർ ആശുപത്രികളിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേർക്കാണ്. 602 പേരെ ഇന്ന് ആശുപത്രികളിലാക്കി. ഇപ്പോൾ ചികിത്സയിൽ 4880 പേരാണ് ഉള്ളത്. ഇതുവരെ ആകെ 2,60,356 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7485 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 82,568 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 78,415 സാമ്പിളുകൾ നെഗറ്റീവായി.

ഹോട്ട്സ്പോട്ടുകളുടെ എണ്ണം 234 ആയി. 14 പ്രദേശങ്ങൾ പുതുതായി ഹോട്ട്സ്പോട്ടായി. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല പങ്കാണ് വഹിക്കുന്നത്. പ്രാദേശിക ഏകോപനം നടത്തുന്നത് ഇവരാണ്. ഇതിനായുള്ള ചെലവുകൾക്ക് ഒരു തടസ്സവും പാടില്ലെന്നാണ് സർക്കാർ നിലപാട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാൻ ഫണ്ട് നൽകി. മൂന്നാം ഗഡു അടുത്തയാഴ്‌ച നൽകും. ക്വാറന്‍റീൻ, റിവേഴ്‌സ് ക്വാറന്‍റീൻ, ആശുപത്രികൾക്കുള്ള അധികസഹായം, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾക്കുള്ള സഹായം, കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പ് എന്നിവയ്ക്ക് ഡിപിസിയുടെ മുൻകൂർ അനുമതിയില്ലാതെ പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിലുണ്ടാകും. ഇത്തരം പ്രോജക്‌ടുകൾ പിന്നീട് സാധൂകരിച്ചാൽ മതി. ഈ പണത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദനീയമായ പ്രോജക്ടുകൾക്കുള്ള തുക റീ ഇംപേഴ്സ്മെന്‍റ് ലഭിക്കും. ഇതിനായി തദ്ദേശസ്വയം ഭരണ സെക്രട്ടറിമാർ വേണ്ട രേഖകൾ നൽകണം. ബാക്കിയുള്ള പണം പ്ലാൻ ഫണ്ടിന്‍റെ ഭാഗമായി അധികമായി അനുവദിക്കും. ദുരിതാശ്വാസനിധിയിൽ നിന്ന് ആവശ്യമായ പണം നൽകാൻ കളക്ടർമാർക്ക് നിർദേശം നൽകി. സിഎംഡിആർഎഫിൽ നിന്ന് ഈ പണം ലഭ്യമാക്കുന്നതുമാണ്.

കോവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പണപ്രതിസന്ധി പാടില്ല എന്ന് കരുതിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ മുന്നോട്ട് പോകണം. ബ്രേക്ക് ദ ചെയ്ൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ജീവന്‍റെ വിലയുള്ള ജാഗ്രത എന്നതാണ് മൂന്നാം ഘട്ട ക്യാമ്പെയിന്‍ പറയുന്നത്. രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. ആരിൽ നിന്നും രോഗം പകരാം എന്നതാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആരിൽ നിന്നും ആർക്കും രോഗം വന്നേക്കാം. അതിനാൽ ഒരാളിൽ നിന്നും രണ്ട് മീറ്റർ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തിൽ നിന്ന് മാസ്ക് ധരിച്ചും, സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ വലിയ തോതിൽ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്‍റെ വിലയുണ്ട്. അതിനാൽ ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം.

തിരുവനന്തപുരത്ത് സമ്പർക്കം മൂലം ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗം സ്ഥിരീകരിച്ച 157 പേരിൽ 130 പേർക്കും സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. 7 പേരുടെ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. തലസ്ഥാനത്തെ സ്ഥിതി ഗൗരവതരമാണ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ അവർക്ക് മികച്ച ചികിത്സ നൽകാൻ പൂന്തുറ സെന്‍റ് തോമസ് സ്കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കി. കൂടാതെ ഡെങ്കിപ്പനി പോലുള്ളവ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജില്ലയിൽ ഇത് വരെ 32 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേരുടെ ഫലം വരാനുണ്ട്. ജില്ലയിൽ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തയ്യാറാക്കുന്നു. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും പരിസരവുമാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററാക്കുന്നത്.

ജില്ലയിലെ കോവിഡ് രോഗികൾ കൂടിയതിനാലാണ് ഈ നടപടി. 500 മുതൽ 750 പേരെ വരെ ഒരേസമയം പാർപ്പിക്കാനാകുന്നതാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യമുണ്ട്. എറണാകുളം ആർസെനെക്സ് കൺവെൻഷൻ സെന്‍ററിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലും ഈ സൗകര്യമുണ്ട്. എറണാകുളത്തെ ചെല്ലാനം, കീഴ്‍മാട്, ആലുവ പഞ്ചായത്തുകളാണ് രോഗബാധ കൂടിയ ഇടങ്ങൾ. ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരിൽ 64 പേരും സമ്പർക്കത്തിലൂടെ രോഗം വന്നവരാണ്. ഈ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൗണാണ്. ചെല്ലാനത്ത് ആകെ 544 സാമ്പിളുകൾ പരിശോധിച്ചതിൽ 70 ഫലങ്ങൾ പോസിറ്റീവായി. ആലുവയിൽ 514 പേരുടെ പരിശോധന നടത്തിയപ്പോൾ 59 പേരാണ് പോസിറ്റീവായത്. എറണാകുളം മാർക്കറ്റിൽ 152 സാമ്പിളുകൾ പരിശോധിച്ചു. 20 പോസിറ്റീവായി. ചെല്ലാനത്ത് കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ മൊബൈൽ മെഡിക്കൽ ടീമിനെ ചുമതലപ്പെടുത്തി. എറണാകുളം മാർക്കറ്റിൽ ഒരു പരിധി വരെ രോഗവ്യാപനം തടയാനായി.

ഇടുക്കി രാജാക്കാട് മേഖലയിൽ സമ്പർക്ക രോഗവ്യാപനം കൂടുതലാണ്. അവിടെയാണ് മരണവുമുണ്ടായത്. ഇന്ന് 55 പേർക്ക് രോഗം ബാധിച്ചതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. കണ്ണൂരിൽ കൂത്തുപറമ്പ് വലിയവെളിച്ചത്തുള്ള സിഐഎസ്എഫ് ക്യാമ്പാണ് സമ്പർക്കം മൂലം രോഗം കൂടിയ മേഖല. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഇതിനകം 70-ലേറെപ്പേർക്ക് രോഗം ഉണ്ടായി. എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ക്വാറന്‍റീൻ ശക്തിപ്പെടുത്താൻ നിർദേശം നൽകി. കണ്ണൂർ കന്‍റോൺമെന്‍റ് ഏരിയയിലെ സെന്‍ററിലെ നാനൂറിലേറെ ഉദ്യോഗസ്ഥർക്കാണ് രോഗമുണ്ടായത്. ഇവിടെ ആറ് വാർഡുകൾ പൂർണമായും അടച്ചു. നൈറ്റ് കർഫ്യൂ നിലവിലുണ്ട്. ഇവരുടെ ചികിത്സയ്ക്ക് ആർമി ആശുപത്രിയിൽ സൗകര്യമുണ്ട്.

പാലക്കാട്ട് സമ്പർക്ക രോഗികൾ കൂടിയ ഇടങ്ങളോ ക്ലസ്റ്ററുകളോ ഇല്ല. തൃശ്ശൂർ ബിഎസ്എഫ് ക്യാമ്പ്, കുന്നംകുളം, ഇരിഞ്ഞാലക്കുട, തൃശ്ശൂർ കോർപ്പറേഷൻ, ചാവക്കാട്, വടക്കേക്കാട്, കുരിയച്ചിറ, പുറത്തുശ്ശേരി, ചാലക്കുടി എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. കണ്ടെയ്ൻമെന്‍റ് സോൺ, പെരിമീറ്റർ ബഫർ സോണുകളായി തിരിച്ച് രോഗവ്യാപനം തടയാൻ നടപടിയെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top