25 May Monday

എംപിമാരുടെ ഫണ്ട്‌ നിർത്തലാക്കിയത്‌ ഫെഡറൽ തത്വങ്ങൾക്ക്‌ എതിരായ തീരുമാനം; പുനപരിശോധിക്കണം - മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

എംപിമാരുടെ പ്രാദേശിക വികസനഫണ്ട് രണ്ടുവർഷത്തേക്ക് നിർത്തലാക്കിയ നടപടി പ്രാദേശികവികസനത്തെ നേരിട്ട് ബാധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.   തീരുമാനം പുനഃപരിശോധിക്കണം.  ഈ ഘട്ടത്തിൽ  ഫണ്ട് പൂർണമായും കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാനങ്ങളിൽ വിനിയോഗിക്കുന്നതിന്‌ നിർദേശം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് കാലത്തും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ സാമ്പത്തിക സഹായം വിവേചനപരമാണ്‌. കേരളത്തിന്‌ തികച്ചും അപര്യാപ്തമാണിത്.  എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അതത് മണ്ഡലങ്ങളിലെ ജനങ്ങൾക്ക് അർഹതപ്പെട്ടതാണ്. അത് കേന്ദ്രം വിഭവസമാഹരണത്തിന്റെ ഭാഗമാക്കുന്നത് ന്യായമല്ല. ദുരന്തസമയത്ത്‌  ഫലപ്രദമായ ഇടപെടൽ ഉണ്ടാകേണ്ടത് വികേന്ദ്രീകൃതമായി പ്രാദേശികതലത്തിലാണ്.  ഫണ്ടിന്റെയും അടിയന്തരാവശ്യങ്ങൾ പ്രാദേശികമായിട്ടുണ്ട്. ഈ ഘട്ടത്തിൽ  ഫണ്ട് സംസ്ഥാനങ്ങൾക്ക് നിഷേധിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതാണ്. ശമ്പളം വെട്ടിക്കുറച്ച പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും നടപടി സ്വഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംഎൽഎ ഫണ്ട്‌ ഉപയോഗിക്കാം
എംഎൽഎമാരുടെ ആസ്‌തിവികസന ഫണ്ട്‌ കോവിഡ്‌ പ്രതിരോധത്തിന്‌ ഉപയോഗിക്കും. ആശുപത്രികളിലേക്ക്‌ ഉപകരണം വാങ്ങാൻ ഉപയോഗിക്കാവുന്നതാണ്. എംഎൽഎമാരായ വി എസ് അച്യുതാനന്ദൻ, പി ജെ ജോസഫ്, രാജു എബ്രഹാം, പി ടി തോമസ്, മോൻസ് ജോസഫ് എന്നിവർ ആസ്തി വികസന ഫണ്ടിൽനിന്ന് സ്വന്തം നിയോജക മണ്ഡലത്തിലെ ആശുപത്രികളിലേക്ക് തുക ചെലവഴിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.    മരുന്ന്, വെന്റിലേറ്റർ, ആംബുലൻസ്, പിപിഇ കിറ്റ്, മാസ്കുകൾ, സാനിറ്ററി ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ഈ ശുപാർശകളിൽ  ധനവകുപ്പ് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.

കിംസ് ആശുപത്രി  മാസ്കുകളും ആശുപത്രിസംവിധാനങ്ങളും മറ്റുമായി പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ആശുപത്രികളിൽ ഡിസ് ഇൻഫെക്‌ഷൻ ഗേറ്റ്‌ വേ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ 65 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top