26 July Monday
സംസ്ഥാനമാകെ ഒരേ തരം നിയന്ത്രണങ്ങളും പരിശോധനാ രീതിയുമല്ല

ലോക്ക് ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപന തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധം നടപ്പാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


തിരുവനന്തപുരം
കോവിഡ്‌ വ്യാപനം  കുറഞ്ഞതിനാൽ 17 മുതൽ പ്രദേശിക അടിസ്ഥാനത്തിലാകും ലോക്‌ഡൗൺ നടപ്പാക്കുകയെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കൂടുതൽ ഇളവുകളുടെ വിശദാംശം അടുത്തദിവസം അറിയിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

സംസ്ഥാനത്താകെ ഒരേതരത്തിലുള്ള നിയന്ത്രണവും പരിശോധനാരീതിയുമാകില്ല. രോഗവ്യാപന തീവ്രതയ്ക്ക്‌ അനുസരിച്ച് വ്യത്യസ്‌ത രീതിയിലാകുമത്‌.  രോഗവ്യാപനം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലും ജില്ലയിലും ഏകീകൃത രൂപമാകില്ല. ജില്ലയിൽ രോഗവ്യാപന നിരക്ക്‌ കൂടിയിരിക്കുമ്പോഴും ചില പ്രദേശങ്ങളിൽ വളരെ കുറവാകും. ഇതെല്ലാം പരിഗണിച്ചാകും തീരുമാനം. രണ്ടുദിവസത്തെ സമ്പൂർണ ലോക്‌ഡൗണുമായി പൊതുജനം പൂർണമനസ്സോടെ സഹകരിച്ചു. സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

രോഗവ്യാപന തോത്‌ 
കണക്കാക്കി പ്രതിരോധ 
പ്രവർത്തനം
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ രോഗവ്യാപന തോത്‌ കണക്കാക്കി തരംതിരിച്ച്‌ പ്രതിരോധ പ്രവർത്തനം നടപ്പാക്കും.  
പരിശോധന വർധിപ്പിക്കും.  നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം  വിശദീകരിച്ച്‌ പുതിയ ക്യാമ്പയിൻ ആലോചിക്കും. വീടുകളിൽനിന്നാണ് ഇപ്പോൾ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാർഗങ്ങളും നടപ്പാക്കും.

പിഴത്തുക 
പൊലീസിനല്ല
ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക്‌ ചുമത്തുന്ന പിഴത്തുക  പൊലീസിനാണ് എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല. ഇത്‌ ട്രഷറിയിലാണ്‌ അടയ്‌ക്കുന്നത്‌. സ്വന്തം ജീവൻ പണയംവച്ചാണ് പൊലീസ്  നിയന്ത്രണം നടപ്പാക്കുന്നത്. അതിനവരെ അഭിനന്ദിക്കുകയാണ് വേണ്ടത്.  ധാരാളം പൊലീസുകാർ രോഗബാധിതരാകുന്നുണ്ട്. നിലവിൽ 375 പൊലീസുകാർ കോവിഡ് ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top