30 May Saturday

വീട്ടകത്തിന്റെ വീണ്ടെടുപ്പുകൾ; കൊറോണക്കാലത്തെ വീട്ടുവിഭവങ്ങൾ കണ്ടറിഞ്ഞുളള യാത്ര

കെ വി രഞ്‌ജിത്‌Updated: Friday Mar 27, 2020

പരിചരണമൊന്നുമില്ലാതെ കായ്ക്കുന്ന പ്ലാവിനും ചക്കയ്ക്കും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടൽ നല്ല കാലമായി.  1930ലെ കടുത്ത ക്ഷാമകാലത്ത്‌ മരിച്ചീനി മലയാളിയുടെ മുഖ്യ ഭക്ഷണമായെങ്കിൽ ഇപ്പോൾ ക്ഷാമമില്ലെങ്കിലും നാട്ടുവിഭവങ്ങൾ നല്ലതെന്ന തിരിച്ചറിവിൽ ചക്ക വിഭവങ്ങളൊരുക്കാൻ കുടുംബങ്ങൾ സജീവമാവുകയാണ്‌. കൊറോണക്കാലത്തെ വീട്ടുവിഭവങ്ങൾ കണ്ടറിഞ്ഞുളള യാത്ര. കയ്യൂർ, ചെറുവത്തൂർ, പാലായി, പിലിക്കോട്‌, കരിവെള്ളൂർ ഭാഗങ്ങളിലൂടെ...


കയ്യൂർ > എല്ലാവരും വീട്ടിലാണ്‌. അച്ഛനും, അമ്മയും, മക്കളും , പേരക്കുട്ടിയുമൊക്കെ. അങ്ങനെ ഒരുമിച്ചിരുന്ന്‌ ആഹാരം കഴിച്ചും, കഥകൾ പറഞ്ഞും, ഹൃദയങ്ങൾ തമ്മിലുള്ള ബന്ധം വല്ലാതെയങ്ങ്‌ വളർന്നു വരികയാണ്‌. തൊടിയിലെ വിഭവങ്ങൾ കണ്ടുമറന്നവർ മെല്ലെ തൊടിയിലേക്കിറങ്ങാൻ തുടങ്ങി. മുറ്റത്തെ വരിക്ക പ്ലാവിൽ നിറഞ്ഞുനിൽക്കുന്ന ചക്ക, അതിലാണ്‌ മുഖ്യമായും കണ്ണ്‌. ‘‘കഴിഞ്ഞ വർഷമൊക്കെ ചക്കയിട്ടുതരാനായിരുന്നു ആളില്ലാഞ്ഞത്‌. ഇപ്പോൾ പറിക്കാനും ചക്കകൊത്താനും എല്ലാവരും ഉഷാർ’’ കരക്കേരുവിലെ വെള്ളായി കുഞ്ഞാതേട്ടിയുടെ വാക്കുകൾ. എല്ലാരും  കൂടി ഇരുന്നാ ഈ ചക്ക വെട്ടലും ചൊള പറിക്കലും കുരുകളയലും ഒക്കെ .ആദ്യം ചക്കേന്റെ നടുവിനിട്ട് കൊത്തും. കൊത്താനറിയുന്നോരാണെങ്കിൽ രണ്ടുകൊത്തിന്‌ നാലുകഷ്‌ണാവും. അങ്ങനെ എല്ലാവും ചേർന്നിരുന്നു ഒരന്നത്തിന്‌ കോപ്പുകൂട്ടുകയാണ്‌ മിക്ക വീടുകളിലും.  മഹാമാരി മനസിലും സമൂഹത്തിലും ദൂരം പെയ്യിച്ചെങ്കിലും പ്രതീക്ഷയോടെ മണ്ണ്‌ മാടിവിളിക്കുന്ന കാലമാണ്‌ നാട്ടിൻപുറങ്ങളിലിപ്പോൾ. 1930ലെ കടുത്ത ക്ഷാമകാലത്ത്‌ മരിച്ചീനി മലയാളിയുടെ മുഖ്യ ഭക്ഷണമായെങ്കിൽ  ഇപ്പോൾ ക്ഷാമമില്ലെങ്കിലം നാട്ടുവിഭവങ്ങൾ നല്ലതെന്ന തിരിച്ചറിവിൽ ചക്ക വിഭവങ്ങളൊരുക്കാൻ കുടുംബങ്ങൾ സജീവമാവുകയാണ്‌. കായേം ചേനേം മുമ്മാസം.. ചക്കേം മാങ്ങേം മുമ്മാസം.. താളും തകരേം മുമ്മാസം.. അങ്ങനേം ഇങ്ങനേം മുമ്മാസം’... മലയാളിയുടെ ഭക്ഷശീലങ്ങളിൽ പൊതുവേയുള്ള ചൊല്ലാണ്‌.
 
എല്ലാരും തൊടിയിലേക്ക്‌

ശരാശരി കേരളീയന്റെ പാരമ്പര്യമായ കാർഷിക ജീവിതം തിരിച്ചുവരികയാണ്‌ കൊറോണക്കാലത്ത്‌.  വീട്ടുമുറ്റത്തും ടെറസിലും പച്ചക്കറി കൃഷി നടത്തുകയാണ്‌ ലോക്ക്‌ ഡൗൺ ആയതിനാൽ സർക്കാർ ജീവനക്കാരും മറ്റു മേഖലകളിലെ ജീവനക്കാരും.ഡിവൈഎഫ്‌ഐ  പോലുള്ള  സംഘടനകളും സ്വയം സഹായ സംഘങ്ങളും വിത്ത്‌ എത്തിച്ചുനൽകുന്നതിനാൽ കൃഷിയിറക്കാൻ യാതൊരുബുദ്ധിമുട്ടുമില്ല. കയ്യൂർ, ക്ലായിക്കോട്‌, പിലിക്കോട്‌, ചെറുവത്തൂർ എന്നിവിടങ്ങളിലെല്ലാം ജീവനക്കാർ കാർഷിക ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയിരിക്കുകയാണ്‌. ‘‘ വീട്ടുതൊടികളിൽ കൃഷിയിറക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം നമ്മളെയും ചിന്തിപ്പിച്ചു. അധ്യാപകനായ  ഭർത്താവ്‌ സുരേഷും മക്കളുമെല്ലാം രാവിലെ എഴുന്നേറ്റാലുടൻ പച്ചക്കറി കൃഷിക്കിറങ്ങും. ചീര, പയർ എന്നിവയാണ്‌ പ്രധാനമായും കൃഷിചെയ്യുന്നത്‌. പറമ്പിൽ ആർക്കും വേണ്ടാതിരുന്ന ചക്കയ്‌ക്കും ആവശ്യക്കാരേറെയായി’’ കയ്യൂർ ഗവ. ഐടിഐ ജീവനക്കാരിയായ എം വി രാജി  പറഞ്ഞു.   ഗ്രാമീണ പാടങ്ങളിലെല്ലാം  ഇപ്പോൾ പച്ചക്കറി കൃഷിയുണ്ട്. ഇത് ആശ്വാസമാണ്. വീട്ടാവശ്യത്തിന് കൃഷി ചെയ്യുന്നവരാണ് ഏറെയും. എന്നാൽ ഇതര സംസ്ഥാന പച്ചക്കറികൾ കിട്ടാതായതോടെ നാടൻ പച്ചക്കറികൾ കിട്ടുമോ എന്നറിയാനും ആളുകൾ കൃഷിയിടങ്ങളിലേക്ക്  എത്തുന്നു.

മീൻകിട്ടാനില്ല, ചിക്കന്‌ മൂന്നിരട്ടി വില


വീടുകളിൽ എല്ലാവരുമുണ്ടല്ലോ കുറച്ച് കോഴി വാങ്ങി ആഘോഷിക്കാം എന്നുകരുതിയാണ്‌ ക്ലായിക്കോട്‌ വെള്ളാട്ടെ നവീൻകുമാർ കോഴിക്കടയിലേക്ക്‌ തിരിച്ചത്‌. ഒരാഴ്‌ച മുമ്പ്‌ കിലോക്ക്‌ വെറും 35 രൂപയുണ്ടായിരുന്ന ചിക്കന്‌ ലോക്ക്‌ ഡൗൺ ആയതോടെ വില  150. മീനില്ലാതെ ഊണോ എന്ന് ചോദിച്ചിട്ടും കാര്യമില്ല. മത്സ്യത്തൊഴിലാളികളുടെ മീൻ പിടിത്തത്തിന്‌ വിലക്കില്ലെങ്കിലും വാഹനങ്ങളിൽ മീനുമാെയെത്തുന്നവർ എത്താറായതോടെ അതും മോഹം മാത്രമായി.ഹോട്ടലുകളൊന്നും എങ്ങും തുറന്നിട്ടില്ല.  ഇതോടെ ഭക്ഷണ രീതിയിൽ തന്നെ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ്‌ പലരും.  വീടുകളിൽ കഴിയണമെന്ന നിർദേശം മിക്കവും പാലിക്കുന്നു. കുട്ടികളും മുതിർന്നവരുമെല്ലാം ഒരുമിച്ച് വീടുകളിലുണ്ട്. തദ്ദേശീയ ഫാമുകളിലും ആവശ്യത്തിന് കോഴികളില്ല.പക്ഷിപ്പനി ഭീതിയിൽ കർണ്ണാടകത്തിൽ നിന്നുള്ള കോഴിയും മുട്ടയും എത്തിയിരുന്നില്ല.  ഇതര സംസ്ഥാനങ്ങളിൽ നിന്നും മത്സ്യവണ്ടികൾ എത്തുന്നില്ല. മീനൊന്നും കിട്ടാതായതോടെ ചക്കയാണ് ഇപ്പോൾ പല വീടുകളിലെയും സ്പെഷൽ.  ചക്ക മൂപ്പെത്തി വരുന്നതേയുള്ളു. ചക്കക്കണ്ടൽ മുതൽ വിഭവങ്ങൾക്ക് പറ്റുമെന്നതിനാൽ മൊത്തത്തിൽ ഡിമാൻഡാണ്‌. ചക്കക്കണ്ടൽ വറവും,ചക്കയപ്പവും, ചക്ക മൊളിഷ്യവും, ചക്കഎരിശേരിയുമൊക്കെ രുചി വൈവിധ്യങ്ങളാകുന്നു. പ്ലാവില്ലാത്തവർ അടുത്ത വീടുകളിൽ നിന്നൊക്കെ ചക്ക സംഘടിപ്പിച്ചെത്തിക്കുന്നു.  വിളയുന്ന ചക്കകളിൽ ഭൂരിപക്ഷവും പാഴായി പോകാറാണ് പതിവ്. ഇക്കുറി പാഴാക്കാൻ ചക്കയുണ്ടാവില്ല.ചക്കയ്ക്ക് തേങ്ങ കടം കൊണ്ടെങ്കിലും കൂട്ടണമല്ലോ എന്ന പഴമൊഴി അന്വർഥമാക്കുകയാണ്‌ വീടുകളിലെല്ലാം.

വിശപ്പിന്റെ ഇന്നിങ്സിൽ ചക്കയ്‌ക്ക്‌ സെഞ്ച്വറി

ചക്കക്കാലം ആരംഭിച്ചതേ ഉള്ളൂവെങ്കിലും  മൂപ്പെത്തിയ തേൻ വരിക്ക കിട്ടുന്ന പ്ലാവുകളുള്ള തൊടികളിലൊക്കെ ഇപ്പോൾ തിരക്കാണ്‌. നാട്ടിൽ വിശപ്പിന്റെ ഇന്നിങ്‌സുകളിലിപ്പോൾ ചക്കയ്ക്കാണ് സെഞ്ച്വറി.അടുത്തവീട്ടിലും, അയ്ന്റപ്പർത്തെ വീട്ടിലും  ബന്ധുക്കളെവീട്ടിലും കൊടുത്തുവിട്ടാലും ഉണ്ടാകും,ഇപ്പോൾ ചക്ക കൂട്ടാനും ചക്ക പഴ്ത്തതും . പഴഞ്ചക്ക , വരിക്ക ചക്ക അങ്ങനെ പലത് .. എല്ലായ്ടത്തും ഒരുചക്ക മണാണിപ്പോൾ . അടുക്കളേല് ഒരുവശത്ത്‌ പണ്ടുണ്ടാവുന്ന കഞ്ഞിപ്പാത്രോം,  ചക്ക ഞവിണിവീണ ഇത്തിരി എണ്ണേം .. കോലില് ചക്കപ്പശ ചുറ്റിവെച്ചതും വീണ്ടും കണ്ടുതുടങ്ങി കയ്യൂർ, പാലായി, ചാത്തമത്ത്‌ ഭാഗത്തൊക്കെ. എല്ലാരും കൂടി ഇരുന്ന്ട്ടാണ് ചക്ക വെട്ടലും ചൊള പറിക്കലും കുരുകളയലുമൊക്കെ.‘‘ചോറിനൊപ്പം വെള്ളരിക്കാ പുളിശേരിയുംനാടൻ മാങ്ങാ അച്ചാറും കൂടിയായാൽ കുശാലെന്ന്‌പറയുകയാണ്‌ പൂരക്കളി കലാകാരനായ ക്ലായിക്കോട്‌ വെള്ളാട്ടെ ഐപ്രത്ത്‌ അമ്പുവേട്ടൻ.  അങ്ങനെ ചക്ക മാഹാത്മ്യം തുടരുകയാണ്‌ഗ്രാമങ്ങളിൽ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top