06 December Sunday

കണ്ണൂരിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ നാലുപേർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020

കണ്ണൂർ > വ്യാഴാഴ്‌ച ഒരാൾകൂടി മരിച്ചതോടെ ജില്ലയിൽ കോവിഡ്‌ മരണം നാലായി. നേരത്തേ മരിച്ച മൂന്നുപേർ വയോധികരും മറ്റ്‌ അസുഖങ്ങൾക്ക്‌ ചികിത്സ നടത്തുന്നവരുമായിരുന്നു. എന്നാൽ, വ്യാഴാഴ്‌ച മരിച്ച ഇരുപത്തെട്ടുകാരനായ എക്‌സൈസ്‌ ഡ്രൈവർ കെ പി സുനിൽ ആരോഗ്യവാനായിരുന്നു. മറ്റു അസുഖങ്ങളും കാര്യമായി ഉണ്ടായിരുന്നുമില്ല.

മെയ്‌ 25ന്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ച ധർമടം ചാത്തോടംഭാഗം ഫർസാന മൻസിലിൽ ആസിയ (62) ആണ്‌ ജില്ലയിൽ  കോവിഡ്‌ രോഗത്തിന്റെ ആദ്യ ഇര. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെതുടർന്നുള്ള നാഡീസംബന്ധമായ അസുഖത്തിന്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർക്ക്‌ അവിടെവച്ചാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. തുടർന്ന്,‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കടുത്തതോതിൽ ന്യൂമോണിയയും ബാധിച്ചിരുന്നു. ആസിയയുടെ ഭർത്താവിനും മറ്റു കുടംബാംഗങ്ങൾക്കും രോഗബാധയുണ്ടായിരുന്നെങ്കിലും അവരെല്ലാം സുഖംപ്രാപിച്ചു.

ഈ മാസം പത്തിന്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ച ഇരിട്ടി പയഞ്ചേരിമുക്കിലെ പുതിയപറമ്പൻ പി കെ മുഹമ്മദ്(70)‌ ആണ്‌ രണ്ടാമത്തെയാൾ. മസ്‌കറ്റിൽനിന്ന്‌ മെയ്‌ 22ന്‌ നാട്ടിലെത്തിയ അദ്ദേഹവും കുടുംബവും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ മകന്‌ രോഗം സ്ഥിരീകരിച്ചതോടെ മുഹമ്മദ്‌ ഉൾപ്പെടെയുള്ളവരുടെ സ്രവം പരിശോധിക്കുകയായിരുന്നു. കൂത്തുപറമ്പ്‌ വേങ്ങാട്ടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രോഗം സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലെത്തിച്ച്‌ രണ്ടു മണിക്കൂറിനകമായിരുന്നു അന്ത്യം. ക്യാൻസർ അടക്കം  മറ്റു രോഗങ്ങൾക്കും ചികിത്സയിലായിരുന്നു.

ഇരിക്കൂർ പട്ടുവത്തെ നടുക്കണ്ടി ഹുസൈൻകുട്ടി (72) ഈ മാസം 11ന്‌‌ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ്‌ മരിച്ചത്‌. മുംബൈയിൽനിന്ന്‌ ഈ മാസം ഒമ്പതിന്‌ കുടുംബത്തിനൊപ്പം നാട്ടിലെത്തിയ ഇദ്ദേഹത്തിന് മരിച്ചതിന്റെ പിറ്റേന്നാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയവയ്‌ക്ക്‌‌ മരുന്ന്‌ കഴിച്ചുവരികയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top