25 May Monday

ഒരാൾക്കുകൂടി; ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5,701

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കൊച്ചി
പുതുതായി 1655 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കിയതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5,701 ആയി. നിരീക്ഷണ കാലയളവ് പൂർത്തിയായ 903 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതിൽ 889 പേർ വിമാനയാത്ര നടത്തിയവരാണ്‌. ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളത്‌ 29 പേർ. ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്‌ 5730 പേർ. ജില്ലയിൽ ഒരു ആരോഗ്യപ്രവർത്തകന് കോവിഡ്–-19  സ്ഥിരീകരിച്ചു. ശനിയാഴ്‌ചയാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇയാളെ എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

ഞായറാഴ്‌ച പുതുതായി നാലുപേരെയാണ്‌ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്‌. ഇതോടെ  കോവിഡ്–-19 സ്ഥിരീകരിച്ച് ഇപ്പോൾ എറണാകുളത്ത് ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ നാലുപേർ ബ്രിട്ടീഷ് പൗരന്മാരും ഏഴുപേർ എറണാകുളം സ്വദേശികളും രണ്ടുപേർ കണ്ണൂർ സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയുമാണ്. കഴിഞ്ഞദിവസം കോവിഡ്‌–-19 ബാധിച്ച്‌ മരിച്ച കൊച്ചി സ്വദേശിയിൽനിന്ന്‌ രോഗം പകർന്ന്‌ ചികിത്സയിലുള്ള ടാക്‌സി ഡ്രൈവറുടെ അടുത്ത ബന്ധുവിന്റെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

38 സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. 26 പേരുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. 45 സാമ്പിളുകളുടെ ഫലമാണ്‌ ഇനി കിട്ടാനുള്ളത്‌.
എറണാകുളം മെഡിക്കൽ കോളജിൽ കോവിഡ്‌–-19 പ്രതിരോധപ്രവർത്തനത്തിലുള്ള ഡോക്ടർമാർക്കും നേഴ്സുമാർക്കും സ്റ്റാഫിനും ഐഎംഎ ഹൗസ്, കാക്കനാട്‌ ഐഎംജി ഹോസ്റ്റൽ, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ്‌ താമസസൗകര്യം ഒരുക്കിയിട്ടുള്ളത്‌. മെഡിക്കൽ കോളേജിലെ രോഗികൾക്കും ജീവനക്കാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും ഉൾപ്പെടെ  ഇരുന്നൂറ്റമ്പതോളം പേർക്ക്  മെൻസ് ഹോസ്റ്റൽ കിച്ചണിൽനിന്നോ ജില്ലാ ജയിലിൽനിന്നോ ഭക്ഷണവും നൽകുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top