25 September Friday

കോവിഡ്‌ 19; എറണാകുളത്ത്‌ ആകെ മരണം 26, ഇന്നലെ 101 രോഗികൾ 62 പേർക്ക്‌ രോഗമുക്തി

സ്വന്തം ലേഖകൻUpdated: Sunday Aug 9, 2020

കൊച്ചി > ജില്ലയിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം വീണ്ടും നൂറുകടന്നു. ശനിയാഴ്ച 101 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 94 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഉറവിടമറിയാത്ത 12 പേർക്കും രോഗം സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1237 ആയി. രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേർ ആരോഗ്യപ്രവർത്തകരാണ്‌. ആരോഗ്യപ്രവർത്തകയായ ഫോർട്ടുകൊച്ചി സ്വദേശിനി, ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി എന്നിവർക്കാണ്‌ രോഗം. ആലുവയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ, നാവികസേനാ ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. തൃക്കാക്കര സ്വദേശികളായ 12 പേർക്കും ഫോർട്ടുകൊച്ചി സ്വദേശികളായ എട്ടുപേർക്കും രോഗം ബാധിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ശനിയാഴ്ച മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 26 ആയി.

503 പേർകൂടി നിരീക്ഷണത്തിൽ

503 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 1059 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. 10,539 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. 8732 പേർ വീടുകളിലും 136 പേർ കോവിഡ് കെയർ സെന്ററുകളിലും 1671 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 62 പേരെ പുതുതായി ആശുപത്രിയിൽ/എഫ്എൽടിസികളിൽ പ്രവേശിപ്പിച്ചു. 999 സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു. 980 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

എഫ്എല്‍ടിസികളില്‍  804 പേര്‍

ജില്ലയിലെ കോവിഡ്‌ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകളിൽ ചികിത്സയിലുള്ളത് 804 പേർ. തൃക്കാക്കര കരുണാലയത്തിൽ 10, അശോകപുരം കാർമലിൽ അഞ്ച്‌, അങ്കമാലി അഡ്‌ലക്സിൽ 70, നുവാൽസിൽ 162, സിയാലിൽ 180, കീഴ്മാട് എംആർഎസിൽ 72, പെരുമ്പാവൂർ ഇ എം എസ് ഹാളിൽ 76, യുസി കോളേജിൽ 76, കളമശേരി രാജഗിരിയിൽ 153 എന്നിങ്ങനെയാണ്‌ ചികിത്സയിലുള്ളത്‌. ജില്ലയിലാകെ 140 കേന്ദ്രങ്ങളിലായി 8644 കിടക്കകൾ എഫ്എൽടിസികളിൽ തയ്യാറാക്കിയിട്ടുണ്ട്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top