10 August Monday

കോവിഡ്‌ കാലത്തെ സേവനം; കൺസ്യൂമർഫെഡിന്‌ അംഗീകാരം

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020

കൊച്ചി
കോവിഡ്‌ അതിജീവനത്തിന്‌ കരുത്തായി പ്രവർത്തിച്ച കൺസ്യൂമർഫെഡിന്‌ സഹകരണവകുപ്പിന്റെ ആദരം. കോവിഡ് കാലത്തെ ജനോപകാരപ്രവർത്തനത്തിന് സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്കാരത്തിനാണ് കൺസ്യൂമർഫെഡ്‌ അർഹമായത്. ലോക്ക്‌ഡൗൺ കാലത്ത്‌ കൺസ്യൂമർഫെഡ്‌ മൂന്നുമാസത്തേക്കുള്ള സാധനങ്ങൾ മുൻകൂട്ടി ശേഖരിച്ചു. അരി, പഞ്ചസാര ഉൾപ്പെടെ 10 സാധനങ്ങളുടെ സംഭരണം മൂന്നിരട്ടിയാക്കി. ഇതിനുപുറമെ മരുന്നും‌  സാനിറ്റൈസറും മാസ്കും‌ വിതരണം ചെയ്തു. 55 കോടി രൂപയുടെ വിൽപ്പനയാണ്‌ നടത്തിയത്‌.

45 മൊബൈൽ ത്രിവേണികൾവഴി വീട്ടുപടിക്കൽ സാധനങ്ങളെത്തിച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും വയോധികർക്കും സാധനങ്ങൾ നേരിട്ടെത്തിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ആദ്യഘട്ടത്തിൽ ആരംഭിച്ച പദ്ധതി പിന്നീട്‌ മറ്റു ജില്ലകളിലും നടപ്പാക്കി. നീതി മെഡിക്കൽ സ്റ്റോറുകൾവഴി മരുന്നുകളും വീടുകളിലെത്തിച്ചു. ഡെലിവറി ചാർജ്‌ ഒഴിവാക്കിയായിരുന്നു സേവനം. 32 കോടി രൂപയുടെ മരുന്നുകൾ നീതി സ്റ്റോറുകളിൽ ശേഖരിച്ചു.

എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലകളിലാണ്‌ ഓൺലൈൻ വ്യാപാരത്തിന്‌ തുടക്കംകുറിച്ചത്‌. സ്വന്തമായ വെബ്‌ഡൊമൈനിലൂടെ ഓൺലൈൻ വ്യാപാരം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ പൊതുവിതരണസംവിധാനമാണ്‌ കൺസ്യൂമർഫെഡിന്റേത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൺസ്യൂമർഫെഡ്‌ ഒരുകോടി രൂപയും ജീവനക്കാരുടെ വിഹിതമായി 43.36 ലക്ഷം രൂപയും നൽകി.

 കോവിഡ്‌ കാലത്ത്‌ ആത്മാർഥമായി പ്രവർത്തിച്ച ജീവനക്കാർക്ക്‌ 1.25 കോടി രൂപയുടെ പ്രത്യേക പാക്കേജും ഏർപ്പെടുത്തി. മിൽമ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ആരംഭിച്ചു. കർണാടക–-കാസർകോട് അതിർത്തി അടച്ചപ്പോൾ ഒരുദിവസംകൊണ്ട് 10 നീതി സ്‌റ്റോറുകൾ ആരംഭിച്ചു. അവശ്യസാധനങ്ങളും മരുന്നുകളും കുറഞ്ഞ വിലയ്‌ക്ക് വീടുകളിൽ എത്തിച്ചു. കോവിഡ് കാലത്ത് പാവപ്പെട്ട ജനങ്ങളെ സേവിച്ചതിന്റെ അംഗീകാരമാണ് കൺസ്യൂമർഫെഡിന് ലഭിച്ച പുരസ്കാരമെന്ന് ചെയർമാൻ എം മെഹബൂബ്, മാനേജിങ്‌ ഡയറക്ടർ വി എം മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top