പിറവം > മരണശേഷം കോവിഡ് നെഗറ്റീവായെങ്കിലും മധ്യവയസ്കന്റെ മൃതദേഹം സംസ്കരിക്കാൻ ആളില്ലാതെ വന്നതോടെ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ സംസ്കരിച്ചു. രാമമംഗലം കോട്ടപ്പുറം തൊണ്ണാംകുഴിയിൽ സണ്ണി മാത്യു (49)വിന്റെ മൃതദേഹം കോവിഡ് മാനദണ്ഡം പാലിച്ച് രാമമംഗലം പഞ്ചായത്ത് അഞ്ചാംവാർഡ് എൽഡിഎഫ് സ്ഥാനാർഥി എം യു സജീവന്റെ നേതൃത്വത്തിലാണ് സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കാൻ പലരും മടിച്ചുനിന്ന വേളയിലാണ് സജീവനും കൂട്ടുകാരും ആ ചുമതല ഏറ്റെടുത്തത്.
ഹൃദ്രോഗബാധിതനായി ആശുപത്രിയിൽ കഴിയവെയാണ് സണ്ണിക്ക് കോവിഡ് പിടിപെട്ടത്. പിന്നീട് നെഗറ്റീവായെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച മരിച്ചു. തുടർന്ന് മൂന്നുദിവസത്തിനുശേഷം കോവിഡ് പരിശോധന നടത്തിയാണ് കോവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്.
സംസ്കാരം രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ വ്യാഴാഴ്ചയാണ് നടന്നത്. സനൽകുമാർ, ജോബി പോൾ എന്നിവരും സജീവനൊപ്പം ഉണ്ടായിരുന്നു.
കോട്ടപ്പുറത്തെ സാമൂഹ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സജീവൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. ഏതാനും നാളുകൾക്കുമുമ്പ് ഒരു കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാതെ കുടുംബം വിഷമിച്ച വേളയിൽ സജീവൻ ഇടപെട്ടാണ് അന്ന് മറ്റൊരാളുടെ സ്ഥലത്ത് സംസ്കാരത്തിന് അവസരമൊരുക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..