05 April Sunday

ഇബ്രാഹിംകുഞ്ഞിന്‌ പിറകെ ശിവകുമാറും; യുഡിഎഫിന്‌ ഇരട്ടപ്രഹരം

കെ ശ്രീകണ‌്ഠൻUpdated: Sunday Feb 16, 2020

തിരുവനന്തപുരം> ഇബ്രാഹിംകുഞ്ഞിനു പിന്നാലെ  മുൻമന്ത്രി ശിവകുമാർകൂടി അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ അന്വേഷണ വലയിലായത്‌ യുഡിഎഫിന്‌ അപ്രതീക്ഷിത തിരിച്ചടി. പാലാരിവട്ടം മേൽപ്പാലം അഴിമതിപോലെ യുഡിഎഫ്‌ നേതൃത്വത്തെ തുറിച്ചുനോക്കുന്നതാണ്‌  ശിവകുമാറിന്റെ അവിഹിത സ്വത്ത്‌ സമ്പാദനവും. ആരോഗ്യമന്ത്രിയായിരിക്കെ  ശിവകുമാർ വാരിക്കൂട്ടിയ സ്വത്തിനെക്കുറിച്ച്‌ കോൺഗ്രസിൽ നീറിപ്പുകഞ്ഞ മുറുമുറുപ്പാണ്‌  ഇപ്പോൾ  അന്വേഷണത്തിലെത്തിച്ചത്‌. മൂന്നുമാസം മുമ്പാണ്‌ കേസെടുത്ത്‌ അന്വേഷിക്കാൻ വിജിലൻസ്‌ ഗവർണറുടെ അനുമതി തേടിയത്‌.

ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടവും ശിവകുമാറിന്റെ അവിഹിത സമ്പാദ്യ കേസും മാത്രമല്ല ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവർക്കെതിരായ ടൈറ്റാനിയം കേസും യുഡിഎഫിനെ പ്രതിസന്ധിയിലാക്കും. vs ടൈറ്റാനിയം ഫയൽ ഇപ്പോൾ സിബിഐയുടെ പരിശോധനയിലാണ്‌. ടൈറ്റാനിയം കേസ്‌ 2019 സെപ്‌തംബർ മൂന്നിനാണ്‌ സിബിഐക്ക്‌ വിട്ടത്‌. ഒക്‌ടോബറിൽ  വിശദാംശം അടങ്ങിയ ഫയൽ വിജിലൻസ്‌ സിബിഐക്ക്‌ കൈമാറി. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്നതിലാണ്‌ സിബിഐയുടെ പരിശോധന പുരോഗമിക്കുന്നത്‌. അന്വേഷണം ഏറ്റെടുത്താൽ വറചട്ടിയിൽനിന്ന്‌ എരിതീയിലേക്ക്‌ എന്ന അവസ്ഥയിലാകും യുഡിഎഫ്‌.

രാഷ്ട്രീയ സാഹചര്യം ഭീതിതമായതോടെ ഇത്‌ മറച്ചുപിടിക്കാനാണ്‌ പൊലീസിനെ കുറ്റപ്പെടുത്തുന്ന സിഎജി റിപ്പോർട്ടുമായി രംഗത്തെത്തിയത്‌. കോൺഗ്രസ്‌ പക്ഷപാതിത്വമുള്ള അക്കൗണ്ടന്റ്‌ ജനറൽ ഇതിന്‌ കൂട്ടുനിൽക്കുകയും ചെയ്‌തു. എന്നാൽ, വെടിയുണ്ട കാണാതായതിലടക്കം മുൻ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും യുഡിഎഫുമാണ്‌ പ്രതിക്കൂട്ടിലായത്‌. 2013 മുതൽ 18 വരെയുള്ള ഇടപാടാണ്‌ സിഎജി റിപ്പോർട്ടിൽ പരാമർശിച്ചത്‌. സിഎജിയുടെ ആരോപണം തിരിഞ്ഞുകൊത്താൻ തുടങ്ങിയപ്പോൾ  റിപ്പോർട്ട്‌ വഴിതിരിച്ചുവിടാനാണ്‌ പ്രതിപക്ഷനീക്കം. തന്റെ കാലത്ത്‌ നടന്നതടക്കം അന്വേഷിക്കാമെന്ന ചെന്നിത്തലയുടെ സൗമനസ്യം ബോധപൂർവമാണ്‌.

പൊലീസിനെതിരായ സിഎജി റിപ്പോർട്ട്‌ പുറത്തായത്‌ ഏതാനും ദിവസങ്ങൾക്കുമുമ്പാണ്‌. നിയമസഭയുടെ മേശപ്പുറത്തുവച്ച സിഎജി റിപ്പോർട്ടിൽ തുടർപരിശോധന നടത്തേണ്ടത്‌ കോൺഗ്രസ്‌ എംഎൽഎ വി ഡി സതീശൻ അധ്യക്ഷനായ നിയമസഭയുടെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിയാണ്‌. ഡിജിപി അടക്കം ഏത്‌ ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള അധികാരം ഈ കമ്മിറ്റിക്കുണ്ട്‌. അതിനുശേഷം സിഎജി റിപ്പോർട്ടിൽ  നടപടി ശുപാർശ ചെയ്യാനും പിഎസിക്ക്‌ അധികാരമുണ്ട്‌. പാലാരിവട്ടം കേസിലും ശിവകുമാറിനെതിരായ സ്വത്ത്‌ സമ്പാദനത്തിലും നടപടി നേരത്തെ തുടങ്ങിയതിനാൽ അന്വേഷണം സിഎജി റിപ്പോർട്ട്‌ പുറത്തുവന്നതിനു ശേഷമാണെന്ന വാദവും നിലനിൽക്കില്ല.


പ്രധാന വാർത്തകൾ
 Top