04 April Saturday

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങളില്ല; പരിശോധന ഫലം രണ്ടുദിവസത്തിനകം

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ചൈനയിൽ നിന്നുള്ള വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി കളമശേരി മെഡിക്കൽ കോളേജിൽ രാത്രി നടന്ന അടിയന്തിര യോഗം


കൊച്ചി>  കൊറോണ വൈറസ്‌ബാധയുള്ള  ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് കൊച്ചിയിലെത്തിയ 15 വിദ്യാര്‍ഥികൾക്ക്‌ രോഗലക്ഷണങ്ങളില്ലയെന്നും അവരുടെ പരിശോധനാഫലം രണ്ടുദിവസത്തിനകം ലഭിക്കുമെന്നും കളമശേരി മെഡിക്കല്‍ കോളേജും ഡിഎംഒ ഓഫീസും അറിയിച്ചു.

പരിശോധനയില്‍ ആര്‍ക്കുംരോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ സാംപിളുകള്‍ ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധന ഫലം രണ്ടുദിവസത്തിനകം ലഭിക്കും. രോലക്ഷണങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വീടുകളിലേക്ക് വിട്ടു. എങ്കിലും ഇവര്‍ 28 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണം.

യാത്രാക്ഷീണവും കൊറോണ ഭീതിയുമായി കൊച്ചിയിലെത്തിയ വിദ്യാര്‍ഥികളുടെ വൈദ്യ പരിശോധനയും സാപിള്‍ ശേഖരണവും ഒരു മണിക്കൂര്‍ കൊണ്ടാണ് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ യൂണിറ്റില്‍ പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളെത്തുമെന്ന സന്ദേശം ലഭിച്ചതു മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കളമശേരി മെഡിക്കല്‍ കോളേജും ഡിഎംഒ ഓഫീസും നടത്തിയത്. രാത്രി 12.30.നാണ്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന്‌ ആറ് ആംബുലന്‍സുകളിലായി ഇവരെ മെഡിക്കലകോളേജിലെ ഐസൊലേഷന വാർഡിൽ എത്തിച്ചത്‌.  ഹെല്‍ത്ത് ഓഫീസര്‍ എന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രധാന കവാടം ഒഴിവാക്കി ഐസൊലേഷന്‍ യൂണിറ്റിലേക്കുള്ള പ്രത്യേകവഴിയിലേക്ക്. ആംബുലന്‍സുകൾ എത്തുമ്പോൾ   പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ സ്യൂട്ട് അണിഞ്ഞ 60 അംഗ സംഘം കാത്തുനിന്നിരുന്നു.

. പരിശോധനകള്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രവീണ്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ക്ലാസെടുത്തു. ആശങ്കയില്ലാതെ വീട്ടിലേക്ക് മടങ്ങുന്നതിനും രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും ഡോക്ടര്‍ വിശദീകരിച്ചു. ഇവരുടെ ലഗേജുകളും ഇവരെ എത്തിച്ച ആംബുലന്‍സുകളും അണുവിമുക്തമാക്കി.

വിദ്യാര്‍ഥികളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ച് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഡോ. ഗണേഷ് മോഹന്റെയും മെഡിസിന്‍ പ്രൊഫസര്‍ ഡോ. കെ. ജേക്കബിന്റെയും നേതൃത്വത്തിലാണ് ഐസൊലേഷന്‍ യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

മാതൃകയായി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ യൂണിറ്റ് കണ്‍ട്രോള്‍ റൂം

കേരളത്തിലെ ഏറ്റവും വലിയ ഐസൊലേഷന്‍ ഫെസിലിറ്റിയാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്നത്. നിപ്പ വൈറസ് ബാധയുടെ സമയത്തും മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ യൂണിറ്റില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് നടന്നത്. . രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംസങ്ങളും , സാംപിള്‍ ശേഖരണം, ഫലം, ജീവനക്കാരെ നിയോഗിക്കല്‍, മെഡിക്കല്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും കണ്‍ട്രോള്‍ റൂമിന്റെ നിയന്ത്രണത്തിലാണ് മുന്നോട്ടുപോകുന്നത്

 


പ്രധാന വാർത്തകൾ
 Top