കോവിഡ് വൈറസ് സാമ്പിളുകളുടെ വകഭേദം കണ്ടെത്താനുള്ള ജനിതക തരംതിരിക്കലിന് പദ്ധതി. സിഎസ്ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി (ഐജിഐബി) ചേർന്നാണ് ആരോഗ്യ വകുപ്പ് ജനിതക ശ്രേണീകരണം നടപ്പക്കുന്നത്.
ബ്രിട്ടനും ഓസ്ട്രേലിയക്കും പിന്നാലയാണ് കേരളം കോവിഡ് വൈറസുകളുടെ വകഭേദം കണ്ടെത്താനുള്ള പദ്ധതി ആവിഷ്കരിച്ചത്. സാമ്പിളിന്റെ എണ്ണത്തിൽ ലോകത്തിലെ തന്നെ വലിയ പദ്ധതിയിലൊന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഐജിഐബി ചെയ്യുന്നത്. വൈറസ് വന്ന വഴി, വന്ന ജനിതക മാറ്റങ്ങൾ, ഏതെങ്കിലും പ്രദേശത്ത് വലിയ തോതിൽ രോഗവ്യാപനമുണ്ടായോ തുടങ്ങിയവ ഇതിലൂടെ മനസ്സിലാക്കാം. അതനുസരിച്ച് പ്രതിരോധ നടപടികളിൽ അതത് സമയം ആവശ്യമായ മാറ്റംവരുത്താം. കേരളത്തിലെ കോവിഡ് വൈറസിന്റെ ജനിതക മാറ്റം അപ്പപ്പോൾ കണ്ടെത്താനാകും.
ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ 68 ലക്ഷം രൂപ അനുവദിച്ചു. മൂന്നു മാസംകൊണ്ട് 4200 വൈറസ് സാമ്പിളാണ് ശ്രേണീകരിക്കുക. ഓരോ ജില്ലയിലും ആഴ്ചയിൽ 25 സാമ്പിൾ ശേഖരിക്കും, മാസത്തിൽ 100 സാമ്പിൾ. പ്രതിമാസം സംസ്ഥാനത്തുനിന്ന് മൊത്തം 1400 സാമ്പിൾ. മൂന്നു മാസത്തിനുശേഷവും വൈറസ് വ്യാപനം തുടർന്നാൽ ഇത് തുടരാം.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽനിന്ന് ശേഖരിച്ച 700 സാമ്പിളിന്റെ തരംതിരിക്കലാണ് ഇപ്പോൾ നടക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നായി ശേഖരിച്ച 700 സാമ്പിൾ അടുത്തയാഴ്ച നടത്തും. 15 ദിവസത്തിലൊരിക്കൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു നൽകും. ഐജിഐബിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും കോഴിക്കോട് സ്വദേശിയുമായ ഡോ. വിനോദ് സ്കറിയയാണ് പഠനത്തിനു നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..