24 February Monday

‘ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ’ഐസോലേഷൻ വാർഡിലെ അനുഭവവുമായി മൃദുല

പ്രത്യേക ലേഖകൻUpdated: Saturday Feb 15, 2020

ആലപ്പുഴ> കൊറോണ ഭേദമായി ആദ്യം ആശുപത്രി വിട്ടയാൾ ചികിത്സയിൽ കഴിഞ്ഞ ആലപ്പുഴ മെഡിക്കൽ കോളേജിലെ നേഴ്സ് എസ് മൃദുലയുടെ
ഐസൊലേഷൻ വാർഡിലെ അനുഭവം ഫേസ്ബുക്കിൽ വൈറലാകുമ്പോൾ, ചികിത്സയ്‌ക്കൊപ്പം ആസൂത്രണത്തോടെ നടത്തിയ സുരക്ഷാ മുൻകരുതലുകളും പ്രശംസാപാത്രമാകുന്നു.

ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽനിന്ന്‌: ‘ഇന്നുകൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ആരേലും ചോദിച്ചാൽ എനിക്ക് പറയാൻ കഴിയും; ആരോടും മിണ്ടാൻ കഴിയാതെ ഒരുമുറിയിൽ നമ്മുടെ ശരീരം ആസകലം മൂടികെട്ടി ഭീകരനായ ഒരു വൈറസുമായി ഏറ്റുമുട്ടുന്നത് തന്നെയെന്ന്. ലോകം മുഴുവൻ ഈ വൈറസിൽനിന്നും ഓടിഒഴിഞ്ഞു നടക്കുമ്പോഴും ആ അവസ്ഥ പിടിപ്പെട്ട ആളെ പരിചരിക്കാൻ കിട്ടിയ അവസരം എന്നും ഓർമയിൽ സൂക്ഷിക്കും. ഞാൻ ടീമിൽ അവസാനം ചേർന്നതുകൊണ്ട് എല്ലാവരുടെയും പേരൊന്നും അറിയില്ലാട്ടോ. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂർണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു പൊൻതൂവൽ കൂടി നമ്മുടെ ആലപ്പുഴ മെഡിക്കൽ കോളേജിനു സ്വന്തം’.നേഴ്സായി ജോലിയിൽ പ്രവേശിച്ചശേഷം ഇത്രവലിയ ദൗത്യത്തിൽ പങ്കാളിയായതിന്റെ ത്രില്ലിലാണ് മൃദുല.

തലയിൽ തൊപ്പി, മുഖം മുഴുവൻ മറയ്‌ക്കുന്ന മാസ്‌ക്‌, വായു കടക്കാത്ത ഗോഗിൾ കണ്ണട, ശരീരം മുഴുവൻ മറയ്‌ക്കുന്ന കോട്ട്, കൈയുറകൾ, രണ്ടുതരം ഗ്ലൗസ്, ഷൂകവർ -ഇത്രയും വ്യക്തി സുരക്ഷാഉപകരണങ്ങൾ ധരിച്ച് തുടർച്ചയായി നാലുമണിക്കൂർ രോഗിക്കൊപ്പം. കയറുന്ന വാതിൽ വേറെ. ഇറങ്ങി ഉടുത്ത വസ്‌ത്രംമാറ്റി കുളിച്ച് ഇറങ്ങുന്ന വാതിലും മുറികളും വേറെ. ഒരാൾ രോഗിക്കൊപ്പം വാർഡിൽ ഇരിക്കുമ്പോൾ മറ്റ് രണ്ട് നേഴ്സുമാർ പുറത്തുതയ്യാറായി നിൽക്കും. എന്ത് ആവശ്യംവന്നാലും ഡ്യൂട്ടി ഏറ്റെടുക്കാൻ അകത്തേക്ക് കടക്കാൻ. വല്ലപ്പോഴും രോഗിയോട് സംസാരിക്കാമെന്നല്ലാതെ  ഐസൊലേഷൻ വാർഡിന്റെ ഏകാന്തത. ഒപ്പം ഇതേ വിന്യാസത്തിൽ ഡോക്‌ടർമാരുടെ ടീമും. ഡോ. അനിതാമാധവന്റെ നേതൃത്വത്തിൽ നേഴ്സുമാരായ എൻ എം ജനീഷും വീണ ചാക്കോയും ഉൾപ്പെട്ടു. ഇൻഫെക്‌ഷൻ കൺട്രോൾ നേഴ്സിങ്‌ ടീമിനൊപ്പം ഹെഡ്നേഴ്സും സീനിയർ നേഴ്സും ഉൾപ്പെടെ 20 ഓളം നേഴ്സുമാർ അത്രയുംതന്നെ ഡോക്‌ടർമാരും വിശ്രമമില്ലാതെ. നാലുമണിക്കൂർ ഇടവിട്ട് ടീം മാറിമാറി ഡ്യൂട്ടിക്ക് എത്തും.

ജനുവരി 31ന് രോഗി പ്രവേശിപ്പിക്കപ്പെട്ടതുമുതൽ തുടങ്ങി ചിട്ടയായ മുൻകരുതൽ. രണ്ടിന് രോഗം സ്ഥിരീകരിച്ചതോടെ മുൻകരുതൽ കൂടുതൽ കർശനം. 13ന് രോഗംമാറി ആൾ ആശുപത്രിവിടുമ്പോൾ മറ്റാർക്കും പകരാതെ കാത്ത കരുതലിന്റെ വിജയത്തിന്‌ ഭാഗഭാക്കായതിന്റെ സന്തോഷം മൃദുല പങ്കുവച്ചു. നിപാ ഭീതിപടർത്തിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ നേഴ്സിങ് പിജി സ്‌റ്റുഡന്റായിരുന്നു മൃദുല .

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top