07 June Sunday

ചരക്കുനീക്കം തടസ്സപ്പെടുത്തരുത്, വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിയോട് കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020

തിരുവനന്തപുരം > സംസ്ഥാനത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനാന്തര ചരക്കുനീക്കം തടയപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ലോകത്ത് ആകെ വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിദേശത്തുള്ളവര്‍ക്ക് അതത് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

വിദേശത്ത് പോയി ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് വ്യക്തിഗത പ്രതിരോധ സംവിധാനം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം. വിദേശരാജ്യങ്ങളില്‍ മറ്റു കാരണങ്ങള്‍ കൊണ്ട് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസികളോട് നിര്‍ദേശം നല്‍കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കോവിഡ് ആശുപത്രികള്‍ക്കായി ദുരന്തനിരവാരണ നിധിയില്‍നിന്ന് തുക ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് പോകാന്‍ പ്രത്യേക സംവിധാനം ഒരുക്കണം. കൂടുതല്‍ വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അഭ്യര്‍ഥിച്ചു. കേരളം റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിച്ച വിവരവും അറിയിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി മൂന്ന് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വിപുലീകരിണക്കമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതുപ്രകാരം സന്നദ്ധ പ്രവര്‍ത്തന രംഗം വിപുലീകരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ ഉണ്ട്. യുവജന കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് ആളുകള്‍ കൂടി ഇതിന്റെ ഭാഗമായി ഇനി വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top