25 May Monday

സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ്; 13 പേർ രോഗമുക്തരായി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ടുപേർക്കും പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്‌. രണ്ടുപേർ നിസാമുദ്ദീൻ സമ്മേളനത്തില് പങ്കെടുത്തവരാണ്. മൂന്നുപേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപ്പെട്ടത്.

ചികിത്സയിലുണ്ടായിരുന്ന 13 പേർകൂടി രോഗമുക്തരായി. ഇവരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതുവരെ സംസ്ഥാനത്ത് ആകെ 345 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 259 പേർ ചികിത്സയിൽ കഴിയുകയാണ്. 1,40,474 പേർ നിരീക്ഷണത്തിലുണ്ട്. 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

169 പേരെയാണ് ഇന്നുമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11,986 സാമ്പിളുകൾ അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരിൽ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ ആകെ 15 പേർക്കാണ് കോവിഡ്-19 കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top