22 October Tuesday

കുടക്‌ മലയാളികളുടെ ദുരിതത്തിന്‌ ശമനമില്ല

മനോഹരൻ കൈതപ്രംUpdated: Monday Sep 16, 2019



സിദ്ധാപുരം (കർണാടകം)
കാലവർഷത്തിൽ സകലതും നഷ്ടപ്പെട്ട കുടകിലെ മലയാളികളുടെ ദുരിതത്തിന്‌ ശമനമായില്ല. പ്രളയക്കെടുതിയിൽ എല്ലാംനഷ്ടപ്പെട്ട 64 മലയാളി കുടുംബങ്ങളാണ്‌ കയറിക്കിടക്കാനിടമില്ലാതെ ദുരിതത്തിൽ കഴിയുന്നത്‌. നെല്യാഹുതിക്കേരി പഞ്ചായത്തിലെ ഈ കുടുംബങ്ങൾ ഇന്നും ദുരിതാശ്വാസ ക്യാമ്പിൽതന്നെയാണ്‌.  പ്രളയം കവർന്ന വീടുകൾ പുനർനിർമിക്കാൻ അഞ്ച‌് ലക്ഷം നൽകുമെന്ന‌് സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും അത‌് ഗഡുക്കളായി കിട്ടാൻ പത്തുമാസം കാക്കണം.  കാവേരിനദി കരകവിഞ്ഞാണ‌്  വീടുകൾ തകർന്നത‌്. വീട‌് നിർമിക്കാൻ മൂന്നര സെന്റ‌് സ്ഥലം മാത്രമാണ്‌ അനുവദിച്ചത്‌.

നെല്യാഹുതിക്കേരി ജിയുപി സ‌്കൂളിലെ ക്യാമ്പ‌് നിർത്തലാക്കാൻ ജില്ലാ ഭരണാധികൃതർ പലവട്ടം ശ്രമിച്ചെങ്കിലും പോകാൻ മറ്റിടമില്ലാത്തതിനാൽ കുടുംബങ്ങൾ പിരിഞ്ഞുപോകാൻ തയ്യാറായില്ല.  യഥേഷ്ടം ഭൂമി ലഭ്യമായിട്ടും പകരം ഭൂമി ലഭ്യമാക്കാനും സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ 2,47,628 ലക്ഷം ഹെക്ടർ  കൃഷി  കർണാടകത്തിൽ നശിച്ചിരുന്നു. 3845.11 കോടി രൂപയുടെ നഷ്ടം നേരിട്ടതായാണ്‌ കർണാടകം കേന്ദ്രത്തിന‌് നൽകിയ കണക്കിൽ പറയുന്നത്‌. കേന്ദ്രവും സംസ്ഥാനവും ഭരിക്കുമ്പോൾ ഭൂരിപക്ഷം കർഷകർക്കും  നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാട‌് ബിജെപിക്ക‌് തിരിച്ചടിയാവുകയാണ്‌. കുടക‌്, ചിക്‌മഗളൂരു, ദക്ഷിണ കാനറ, ഹസൻ ജില്ലകളിലാണ‌് ഏറ്റവുമധികം പ്രളയക്കെടുതിയുണ്ടായത്‌.

കുടക്‌ ജില്ലയിൽ മാത്രം  363 വീടുകൾ പൂർണമായി തകർന്നു. 13 പേർ മരിച്ചു. നാല‌് പേരെ കാണാതായി. നെല്യാഹുതിക്കേരിയിൽ  50 വർഷമായി താമസിക്കുന്ന കുടുംബങ്ങൾക്കാണ്‌ പ്രളയത്തിൽ വീടില്ലാതായത്‌. തേങ്ങലുകൾ ഉള്ളിലൊതുക്കിയാണ്‌ ക്യാമ്പിൽ ഇവർ ഓണം ആഘോഷിച്ചത്‌.  പഞ്ചായത്ത‌് സഹകരണത്തോടെ  ഓണസദ്യയൊരുക്കിയിരുന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top