22 January Saturday

കേന്ദ്രം അറുക്കുന്നത്‌ സഹകരണമേഖലയുടെ സേവനദൗത്യം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021


തിരുവനന്തപുരം
ഗ്രാമീണമേഖലയുടെ ദാരിദ്ര്യം നീക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന സഹകരണ സ്ഥാപനങ്ങളെ ബാങ്കിങ്‌ നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി സേവനങ്ങളെല്ലാം ഇല്ലാതാക്കാനാണ്‌ ബിജെപി സർക്കാരിന്റെ ശ്രമം. സഹകരണ ബാങ്കുകളുടെ മൊത്തം പ്രവർത്തനത്തിന്റെ ചെറിയഭാഗം മാത്രമാണ്‌ ബാങ്കിങ്‌. കാർഷിക വായ്‌പ, വിത്ത്‌, വളം, കീടനാശിനി തുടങ്ങിയവ ഉറപ്പാക്കുക,  ഉൽപ്പന്നങ്ങൾ സംഭരിക്കുക, വിപണി കണ്ടെത്തുക, കർഷകർക്കായി നീതി സ് റ്റോറുകൾ നടത്തുക, നീതി മെഡിക്കൽ സ്‌റ്റോറുകളും ആംബുലൻസ്‌ സൗകര്യവും ഒരുക്കുക തുടങ്ങിയവ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ്‌. ഈ വിഷയം സുപ്രീംകോടതിയുടെ പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നതും സംസ്ഥാനം പരിഗണിക്കുന്നു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ സവിശേഷതകൾ ചുണ്ടിക്കാട്ടി ആദ്യം ആർബിഐക്ക്‌ നിവേദനം നൽകും. കേന്ദ്ര ഭരണാധികാരികളെയും ബോധ്യപ്പെടുത്തും. തുടർന്നും പ്രശ്‌നപരിഹാരമില്ലെങ്കിൽ നിയമപരമായ പോംവഴികൾ തേടും.

നോട്ട്‌ നിരോധനകാലത്തെപ്പോലെ സഹകാരികളെയാകെ യോജിപ്പിച്ച്‌  വെല്ലുവിളി നേരിടാനാണ്‌ തീരുമാനമെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗവും പരിഗണിക്കും. സംസ്ഥാനങ്ങളുമായെല്ലാം പുതിയ  വെല്ലുവിളികളെക്കുറിച്ച്‌ ആശയവിനിമയം നടത്തുമെന്നും മന്ത്രി പറഞ്ഞു.

നിയമജ്ഞരുടെ യോഗം ഇന്ന്‌
റിസർവ്‌ ബാങ്കിനെ ഉപയോഗിച്ച്‌ കേരളത്തിലെ സഹകരണമേഖലയെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കുന്നതിനെക്കുറിച്ച്‌  ആലോചിക്കാൻ നിയമജ്ഞരുടെ യോഗം ശനിയാഴ്‌ച ചേരും. എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ പകൽ 12ന്‌ ചേരുന്ന യോഗത്തിൽ‌ മന്ത്രിമാരായ പി രാജീവ്‌, വി എൻ വാസവൻ എന്നിവർ പങ്കെടുക്കും. അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ്‌, നിയമ സെക്രട്ടറി വി ഹരി നായർ, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്‌ട്രാർ പി ബി നൂഹ്‌ തുടങ്ങിയവരും  മേഖലയിൽ വൈദഗ്‌ധ്യമുള്ള അഭിഭാഷകരും പങ്കെടുക്കും.

സുപ്രീംകോടതി വിധി മറികടക്കാനുള്ള ആർബിഐ നീക്കം യോഗം ചർച്ച ചെയ്യുമെന്ന്‌ മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ബാങ്കിങ് ഭേദഗതി നിയമത്തിനുശേഷം സുപ്രീംകോടതി പുറപ്പെടുവിച്ച രണ്ട് വിധിയും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താൽപ്പര്യം സംരക്ഷിക്കുന്നതായിരുന്നു. 97–-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണമേഖലയിൽ കൈകടത്താനുള്ള കേന്ദ്ര നീക്കം തടഞ്ഞതാണ്‌.  സഹകരണം പൂർണമായും സംസ്ഥാന വിഷയമാണെന്നാണ്‌ മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ  വിധി.  ഇപ്പോൾ ആർബിഐ സർക്കുലർ പുറപ്പെടുവിച്ചപ്പോൾ  സുപ്രീംകോടതിയുടെ  വിധി പരിഗണിച്ചിട്ടില്ല.

ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയിൽ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയതാണ്‌. സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ  സഹകരണ സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകൾ നൽകാനുമാകും. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുതന്നെ ഇത്തരം ഇടപാടുകൾക്ക് സാധിക്കും. ആർബിഐ വാർത്താകുറിപ്പിലെ വ്യവസ്ഥകൾ കേരളത്തിലെ സഹകരണ സംഘങ്ങൾക്ക്‌ ബാധകമല്ലെന്നാണ്‌ സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top