17 October Thursday

പാർഥ കൺവൻഷൻ സെന്റർ: ആയുസ്സൊടുങ്ങിയ കള്ളക്കഥകൾ

കെ ടി ശശിUpdated: Wednesday Jul 10, 2019

കണ്ണൂർ> പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുടെപേരിൽ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും സർക്കാർവിരുദ്ധ കടന്നാക്രമണത്തിനു മൂർച്ചകൂട്ടുമ്പോഴും സാജന്റെ കുടുംബം അക്ഷേ‌ാഭ്യരായിരുന്നു. സാജന്റെ ആകസ‌്മിക മരണമുണ്ടാക്കിയ ആഘാതത്തിൽ ആദ്യം ഉന്നയിച്ച ചില വിമർശനങ്ങളൊഴിച്ചാൽ  സർക്കാരിനെയോ ആന്തൂർ നഗരഭരണാധികാരികളെയോ വിമർശിക്കുന്ന  വാക്കുകളൊന്നും ഇവരിൽനിന്നുണ്ടായില്ല.

പ്രചരിപ്പിക്കപ്പെടുന്നതൊന്നുമല്ല വസ‌്തുതയെന്ന‌ ബോധ്യമായിരുന്നു  ഈ നിലപാടിനു പിന്നിൽ. ഈ മാസം ഒന്നിന‌് പാർഥ കൺവൻഷൻ സെന്ററിന്റെ പാർട‌്ണറും സാജന്റെ  ഭാര്യാപിതാവുമായ പാലോളി പുരുഷോത്തമൻ തദ്ദേശഭരണമന്ത്രി എ സി മൊയ‌്തീനു സമർപ്പിച്ച നിവേദനം ആന്തൂർ വിഷയത്തിൽ വലതുപക്ഷമാധ്യമങ്ങളും പ്രതിപക്ഷവും നടത്തിയ പ്രചാരണങ്ങളുടെയും സമരകോലാഹലങ്ങളുടെയും പൊള്ളത്തരം തുറന്നുകാട്ടുന്നു.

പാർഥ കൺവൻഷൻ സെന്റർ നിർമാണത്തിൽ ഒരുതരത്തിലുള്ള അപാകവുമില്ലെന്നും സിപിഐ എം നേതൃത്വത്തിലുള്ള ആന്തൂർ നഗരസഭ മനഃപൂർവം അനുമതി തടഞ്ഞതാണെന്നുമായിരുന്നു മുഖ്യധാരാ മാധ്യമങ്ങളുടെയും അതപ്പടി വിഴുങ്ങിയ യുഡിഎഫ‌്–- ബിജെപി നേതൃത്വത്തിന്റെയും പ്രചാരണം. എന്നാൽ, അപാകങ്ങൾ ഉണ്ടെന്നു തുറന്നു സമ്മതിക്കുന്നതാണ‌് പാലോളി പുരുഷോത്തമന്റെ നിവേദനം.  നഗരസഭാ സെക്രട്ടറി അക്കമിട്ടു നിരത്തിയ ആറ‌്  അപാകങ്ങളിൽ അഞ്ചെണ്ണം പരിഹരിച്ചുവരികയാണെന്നും ഒരെണ്ണത്തിന‌് ഇളവു വേണമെന്നും നിവേദനത്തിൽ പറയുന്നു.

കൺവൻഷൻ സെന്ററിന്റെ പിറകുവശത്തെ തുറസ്സായ സ്ഥലത്ത‌് വാട്ടർ ടാങ്ക‌് നിർമിച്ചത‌് ചട്ടലംഘനമാണെന്ന‌് ജൂൺ 27ന‌് സെക്രട്ടറി നൽകിയ നോട്ടീസിൽ എടുത്തുപറഞ്ഞിരുന്നു. 12 മീറ്റർ ഉയരത്തിൽ സ‌്റ്റീൽ ഫ്രെയിമിൽ നിർമിച്ച ഓവർഹെഡ‌് വാട്ടർ ടാങ്കിന്റെ അപകടവും ചൂണ്ടിക്കാട്ടിയിരുന്നു.   ഇപ്പോഴത്തെ നിലയിൽ ഇത‌് പൊളിച്ചുമാറ്റി പ്ലോട്ടിൽതന്നെ മറ്റൊരു സ്ഥലം കണ്ടെത്തൽ അസാധ്യമാണെന്നും അതിനാൽ ഇക്കാര്യത്തിൽ ഇളവു നൽകണമെന്നുമാണ‌്  നിവേദനത്തിൽ ആവശ്യപ്പെട്ടത‌്. മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിച്ചതുപോലെ കൺവൻഷൻ സെന്ററിൽ എല്ലാം കൃത്യമാണെങ്കിൽ ഉടമകൾ  ഇത്തരത്തിൽ ഒരു നിവേദനം നൽകുമായിരുന്നില്ല.

നഗരസഭാ ചെയർമാനും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശ്യാമളയെ വ്യക്തിപരമായി അധിക്ഷേപിച്ച മാധ്യമങ്ങളും പ്രതിപക്ഷവും ഒരു സ‌്ത്രിയെന്ന പരിഗണന പോലും നൽകിയില്ല.  പാർടി കേന്ദ്ര കമ്മിറ്റി അംഗമായ ഭർത്താവ‌് എം വി ഗോവിന്ദനെയും  പ്രശ‌്നത്തിലേക്ക‌് അനാവശ്യമായി വലിച്ചിഴച്ചു.  സിപിഐ എമ്മിലെ വിഭാഗീയതയുടെ ഇരയാണ‌് സാജനെന്നു വരുത്താനായി  നുണക്കഥകൾ കുറച്ചൊന്നുമല്ല സൃഷ്ടിച്ചത‌്.

തുടക്കം മുതൽ വിഷലിപ‌്ത പ്രചാരണം അഴിച്ചുവിട്ട ഏഷ്യാനെറ്റ‌് ചാനൽ കഴിഞ്ഞദിവസം തെറ്റ‌് ഏറ്റുപറഞ്ഞു. എന്നാൽ,  മലയാള മനോരമയും മാതൃഭൂമിയും അവരുടെ ചാനലുകളും ഉൾപ്പെടെയുള്ള മറ്റു മാധ്യമങ്ങൾ ഇപ്പോഴും മെനഞ്ഞെടുത്ത കള്ളക്കഥകൾ തുടരുകയാണ‌്.


പ്രധാന വാർത്തകൾ
 Top