25 August Sunday

കൺസ്യൂമർഫെഡ‌് ജീവനക്കാരുടെ പണിമുടക്കും സത്യഗ്രഹവും പിൻവലിച്ചു: തീരുമാനം മന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കൊച്ചി> വിവിധ ആവശ്യങ്ങളുന്നയിച്ച‌് കൺസ്യൂമർഫെഡ‌് ജീവനക്കാർ ബുധനാഴ‌്ച നടത്താനിരുന്ന സംസ്ഥാന വ്യാപക സൂചന പണിമുടക്ക‌് പിൻവലിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യൂണിയൻ നേതാക്ക‌ളും മാനേജ‌്മെന്റ‌് പ്രതിനിധികള‌ുമായി നടത്തിയ ചർച്ചയിലാണ‌് തീരുമാനം.

പിരിച്ചുവിട്ട 11 താൽക്കാലിക തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട‌് കൺസ്യൂമർഫെഡ‌് വർക്കേഴ‌്സ‌് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ കൺസ്യൂമർഫെഡ‌് ആസ്ഥാനത്തിനു മുന്നിൽ 45 ദിവസമായി തുടരുന്ന സത്യഗ്രഹസമരവും അവസാനിപ്പിച്ചു. ഇവരെ സമയബന്ധിതമായി തിരിച്ചെടുക്കാമെന്ന‌് ചർച്ചയിൽ ധാരണയായി.

സ്ഥിരം ജീവനക്കാരുടെ സ്ഥാനക്കയറ്റം, വീട്ടുവാടക ഉൾപ്പെടെയുള്ള വിവിധ അലവൻസുകൾ എന്നിവ നടപ്പാക്കാൻ സർക്കാർ അനുമതി തേടാനും തീരുമാനമായി. സ്ഥാനക്കയറ്റം സംബന്ധിച്ച തർക്കം പരിഹരിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന‌് മാനേജ‌്മെന്റ‌് യോഗത്തിൽ ഉറപ്പുനൽകി. ഇതോടെയാണ‌് 45ദിവസമായി തുടരുന്ന സത്യഗ്രഹവും സൂചനാ പണിമുടക്കും പിൻവലിച്ചത‌്.

മുഴുവൻ ജീവനക്കാർക്കും സ്ഥാനക്കയറ്റം ലഭ്യമാക്കുക, ദിവസ വേതനക്കാരെ തിരിച്ചെടുക്കുക, പായ‌്ക്കിങ‌് ജീവനക്കാരുടെ വേതനം പരിഷ‌്കരിക്കുക, ഫാർമസിസ‌്റ്റ‌് തസ‌്തിക അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച‌് കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ നാളുകളായി പ്രക്ഷേ‌ാഭത്തിലാണ‌്.

മന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ ചെയർമാൻ ‌എം മെഹബൂബ‌്, എംഡി ആർ സുകേശൻ, സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ, സംസ്ഥാന സെക്രട്ടറി കെ  എൻ ഗോപിനാഥ‌്, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ജെ ജിജു എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top