25 August Sunday

ഓഫീസ‌് ബോയ‌് സൂപ്പർ പ്രസിഡന്റായി, ഡിസിസി ഓഫീസിൽ നേതാക്കൾ ഏറ്റുമുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

മലപ്പുറം> ഓഫീസ‌് ബോയ‌് സൂപ്പർ പ്രസിഡന്റായതോടെ മലപ്പുറം ഡിസിസി ഓഫീസിൽ തമ്മിലടി. തിങ്കളാഴ‌്ച പകൽ 12ഓടെയാണ‌് ഓഫീസ‌് ജീവനക്കാരനെ അനുകൂലിക്കുന്ന നേതാവും പ്രതികൂലിക്കുന്ന നേതാവും ഏറ്റുമുട്ടിയത‌്. ഡിസിസി സെക്രട്ടറി സക്കീർ പുല്ലാരയുടെ ഇടപെടലിലാണ‌് അടുപ്പക്കാരൻകൂടിയായ ആളെ ഓഫീസ‌് ജീവനക്കാരനായി നിയമിച്ചത‌്.

ചുമതലയേറ്റ നാൾ മുതൽ സക്കീർ പുല്ലാരയുടെ വാക്കുകൾ മാത്രം അനുസരിച്ചിരുന്ന ഇയാൾ മറ്റുനേതാക്കളെ ഗൗനിക്കാതെയായി. ഡിസിസി പ്രസിഡന്റും മറ്റു നേതാക്കളും ഇവിടെയുണ്ടാകാറുണ്ടെങ്കിലും ഓഫീസ‌് ബോയ‌് സൂപ്പർ പ്രസിഡന്റ‌് ചമയുന്നതാണ‌് പ്രശ‌്നങ്ങൾക്കിടയാക്കിയത‌്. ഓഫീസ‌് ബോയിയുടെ ഇടപെടലിനെതിരെ ഡിസിസി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്ത‌് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഓഫീസ‌് ജീവനക്കാരനെ അനുകൂലിച്ച‌് സക്കീർ പുല്ലാരയും നിലയുറപ്പിച്ചു. വാക‌്പോര‌് പിന്നീട‌് കൈയേറ്റത്തിലെത്തി.

മറ്റ‌് നേതാക്കളും ജീവനക്കാരും ചേർന്നാണ‌് ഇവരെ പിന്തിരിപ്പിച്ചത‌്. ഇരുവരും എ ഗ്രൂപ്പുകാരാണ‌്. ഇതേ ഗ്രൂപ്പിൽപ്പെട്ട ഡിസിസി പ്രസിഡന്റ‌് വി വി പ്രകാശിനെ സക്കീർ പുല്ലാരയും ഓഫീസ‌് ജീവനക്കാരനും ഹൈജാക്ക‌് ചെയ്യുന്നു എന്ന ആരോപണവുമായി ട്രഷറർ രംഗത്തെത്തിയതാണ‌് പ്രശ‌്നങ്ങളുടെ തുടക്കമെന്ന‌് കോൺഗ്രസ‌് നേതാക്കൾതന്നെ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top