കൊച്ചി
എറണാകുളത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരെ നിശ്‌ചയിച്ചതിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സ്വീകരിച്ച ഏകാധിപത്യ ശൈലിയിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പും രമേശ് ചെന്നിത്തല വിഭാഗവും കടുത്ത നിലപാടുകളിലേക്ക്. പ്രതിഷേധം നേതൃത്വത്തെ അറിയിക്കാൻ ഗ്രൂപ്പ് യോഗം ചേരാനും ഫലമില്ലെങ്കിൽ സമരങ്ങളിൽനിന്ന് വിട്ടുനിൽക്കാനുമാണ് തീരുമാനം. സൂചനയായി, തിങ്കളാഴ്‌ച കോർപറേഷനുമുന്നിൽ കോൺഗ്രസ് നടത്തുന്ന സമരത്തിൽനിന്ന് പ്രധാന നേതാക്കളൊഴികെയുള്ളവർ വിട്ടുനിൽക്കാനാണ് ഇരുഗ്രൂപ്പിന്റെയും തീരുമാനം.
ശനിയാഴ്‌ച ഡിസിസി യോഗം ബഹിഷ്‌കരിച്ച എ നേതാക്കൾ ഗ്രൂപ്പ് യോഗം ചേർന്ന് തൃക്കാക്കര ബ്ലോക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചു. കാലങ്ങളായി എ ഗ്രൂപ്പിന്റെ കുത്തകയായ ബ്ലോക്ക് തട്ടിയെടുക്കാൻ പകരം വൈറ്റില തരാമെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്നാൽ രണ്ടിടത്തും സതീശന്റെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ആളുകളെ പ്രസിഡന്റാക്കാനുള്ള നീക്കം എ ഗ്രൂപ്പ് തടഞ്ഞതോടെയാണ് ഇവിടങ്ങളിൽ പ്രഖ്യാപനം നീളുന്നത്. സതീശന്റെ നീക്കത്തെ എതിർത്ത ഉമ തോമസിന് എല്ലാ പിന്തുണയും നൽകുമെന്നും ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.
എ ഗ്രൂപ്പിന് 12 ബ്ലോക്ക് പ്രസിഡന്റ്‌സ്ഥാനം കിട്ടിയെങ്കിലും പകുതിപേരും സതീശനോട് കൂറുപുലർത്തുന്നവരാണ്. ഇത് ഗ്രൂപ്പ് തകർക്കാനുള്ള കളിയായാണ് എ വിഭാഗം കാണുന്നത്. കഴിഞ്ഞതവണ ഐ ഗ്രൂപ്പിന് 16 ബ്ലോക്ക് പ്രസിഡന്റുമാരുണ്ടായിരുന്നു. ഇത്തവണ ചെന്നിത്തല വിഭാഗത്തിന് അഞ്ചുപേർമാത്രമായി. സതീശനും കെ സി വേണുഗോപാലും സുധാകരനും പങ്കിട്ടപ്പോൾ ജില്ലയിൽ തകർന്നത് ചെന്നിത്തല ഗ്രൂപ്പാണ്. ഇതിനെതിരെ അവർ ഞായറാഴ്‌ച ബ്ലോക്കുകളിൽ യോഗം ചേർന്നു. വിപുലമായ യോഗം ഈയാഴ്‌ച സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..