26 May Tuesday

പഞ്ചായത്ത് മുൻവനിതാ പ്രസിഡന്റിന്റെ ഇരുനിലവീടിനും പ്രളയഫണ്ട്‌ ; തട്ടിയത്‌ 10 ലക്ഷം

സജി തടത്തിൽUpdated: Thursday Mar 19, 2020


കൊന്നത്തടി പഞ്ചായത്ത്‌ മുൻ പ്രസിഡന്റും നിലവിൽ പഞ്ചായത്തംഗവുമായ വനിതാ കോൺഗ്രസ്‌ നേതാവ്‌ പ്രളയത്തിന്റെ പേരിൽ 10 ലക്ഷം രൂപ തട്ടിയെടുത്തു. മ്ലാക്കുഴി മേഴ്സി ജോസാണ്‌ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടന്ന്‌ കാട്ടി ഫണ്ട്‌ തട്ടിയെടുത്തത്‌. തട്ടിയെടുത്ത 10 ലക്ഷവും കൂടി ഉപയോഗിച്ച്‌  40 ലക്ഷം രൂപയുടെ രണ്ടുനില വീടാണ് നിർമിക്കുന്നത്. ഈ പഞ്ചായത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ പഞ്ചായത്തംഗത്തിന്റെ ബന്ധുവായ കരാറുകാരനും വീടിനായി നാലുലക്ഷം രൂപ വീതം തട്ടിയെടുത്തിരുന്നു.

വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടെന്ന് രേഖയുണ്ടാക്കിയാണ്‌ മേഴ്സി ജോസ് ഫണ്ട്‌ കൈക്കലാക്കിയത്‌. ഇവർ താമസിച്ചിരുന്നത് പന്നിയാർകുട്ടിയിലാണ്. അരയേക്കർ സ്ഥലവും വീടും ഇപ്പോഴും അവിടെയുണ്ട്. അപേക്ഷ നൽകുമ്പോൾ 16 മുതൽ 29 ശതമാനം വരെ നഷ്ടം വീടിനുണ്ടായി എന്നാണ് പരിശോധന വിഭാഗം കണ്ടെത്തിയത്. പിന്നീട് അപ്പീൽ നൽകി. ഐ ഗ്രൂപ്പ് ഉന്നത നേതാക്കൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അനധികൃതമായി പട്ടികയിൽ ഉൾപ്പെട്ടതിനെതിരെ നാട്ടുകാർ വിജിലൻസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പ്രസിഡന്റും സംഘവും രാത്രിയെത്തി വീട് ഇടിച്ചുതകർക്കാൻ ശ്രമിച്ചതും നാട്ടുകാർ തടഞ്ഞിരുന്നു.

ഇപ്പോൾ വീട് നിർമിക്കുന്നത് പൊന്മുടി തൊമ്മൻ സിറ്റിയിൽ പുതുതായി വാങ്ങിയ 13 സെന്റ് സ്ഥലത്താണ്. ഒന്നാംനില തൂണുകളിൽ  ഉയർത്തി സ്ലാബ് വാർത്ത്‌ രണ്ടാംനില നിർമാണം അവസാന ഘട്ടത്തിലാണ്.  ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് ജോസ്ഗിരിയിൽ ഒന്നര ഏക്കറോളം സ്ഥലമുണ്ട്. അതിൽ ഒരു വിഹിതത്തിന്‌ മേഴ്സി ജോസിനും അർഹതയുണ്ട്‌. ഇക്കാര്യം  മറച്ചുവച്ച്, സ്ഥലമില്ലെന്ന് സത്യവാങ്‌മൂലം നൽകിയാണ് തുക തട്ടിയത്‌. ഇത്തരത്തിൽ  അഞ്ചുപേർക്കു കൂടി 10 ലക്ഷംരൂപ ലഭിച്ചിട്ടുണ്ട്. സെന്റിന് 15,000 രൂപ വിലയുള്ള സ്ഥലം 39,000 രൂപയ്‌ക്കാണ് വാങ്ങി നൽകിയത്. നേരത്തെ ചില അഴിമതി ആരോപണങ്ങളുടെ പേരിൽ കോൺഗ്രസ് മേഴ്സി ജോസിനെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top