27 May Wednesday

ചിറക്കൽ സ്‌കൂൾ വാങ്ങാൻ പിരിച്ച കോടികളെവിടെ? തട്ടിപ്പുകള്‍ കെ കരുണാകരന്റെ പേരില്‍

കെ ടി ശശിUpdated: Monday Sep 16, 2019ചെറുപുഴയിൽ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ വെട്ടിപ്പും  കരാറുകാരന്റെ മരണത്തിലേക്കു നയിച്ച ക്രൂരതകളും വാർത്തകളിൽ നിറയുന്നതിനിടെ കണ്ണൂരിൽ മറ്റൊരു കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ പേരിൽ നടന്ന വൻ കുംഭകോണവും ചർച്ചയാകുന്നു. ചിറക്കൽ രാജാസ്‌ ഹയർസെക്കൻഡറി സ്‌കൂൾ  വാങ്ങാൻ ട്രസ്‌റ്റ്‌ ഭാരവാഹികൾ സമാഹരിച്ച കോടികൾ എവിടെയെന്ന ചോദ്യമാണുയരുന്നത്‌.

2010ൽ കെ കരുണാകരന്റെ മരണത്തിനുശേഷമാണ്‌ കെപിസിസി വർക്കിങ്‌ ചെയർമാൻ കെ സുധാകരൻ എംപി ചെയർമാനായി ലീഡർ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌. ചിറക്കൽ കോവിലകത്തിന്റെ  ഉടമസ്ഥതയിലായിരുന്ന ചിറക്കൽ രാജാസ്‌ സ്‌കൂൾ വിലയ്‌ക്കുവാങ്ങാനും തീരുമാനിച്ചു. രാജാസ്‌ ഹയർസെക്കൻഡറി, യുപി സ്‌കൂളുകളും  ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപയ്‌ക്കു വാങ്ങാൻ കരാറുണ്ടാക്കി.  ഇതിനായി ഗൾഫ്‌ രാജ്യങ്ങളിൽനിന്നുൾപ്പെടെ കോടികൾ സമാഹരിച്ചു.

എന്നാൽ, ചെറുപുഴയിലേതുപോലെ  ചില തർക്കങ്ങൾ വന്നതോടെ ഇടപാടു പൊളിഞ്ഞു. വിൽപ്പന നീക്കത്തിൽനിന്ന്‌ കോവിലകം പിന്മാറി.   ട്രസ്‌റ്റിന്റെ പേരിൽ സ്‌കൂൾ വിലയുറപ്പിച്ച്‌ കോടികൾ സമാഹരിച്ചശേഷം കെ സുധാകരൻ തന്നെ ചെയർമാനായി കണ്ണൂർ എഡ്യു പാർക്ക്‌ എന്ന സ്വകാര്യ കമ്പനി രൂപീകരിച്ചു. ഈ കമ്പനിയുടെ പേരിൽ സ്‌കൂൾ രജിസ്‌റ്റർ ചെയ്യാൻ  ആവശ്യപ്പെട്ടതാണ്‌ ഇടപാടിൽനിന്നു പിന്മാറാൻ കോവിലകം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്‌. 50 ലക്ഷം രൂപ കമ്മീഷൻ ആവശ്യപ്പെട്ടതും  അവരെ ചൊടിപ്പിച്ചു.  സ്‌കൂൾ പിന്നീട്‌ ചിറക്കൽ സർവീസ്‌ സഹകരണ ബാങ്ക്‌ വാങ്ങി.

ഇടപാട്‌ നടന്നില്ലെങ്കിലും  പിരിച്ചെടുത്ത പണം പലർക്കും ഇനിയും തിരിച്ചുകൊടുത്തിട്ടില്ല.  കരുണാകരന്റെ സ്‌മരണയെ വിറ്റ്‌ സ്വരൂക്കൂട്ടിയ ഭീമമായ പണം എവിടെ പോയെന്നതിന്‌ ആർക്കും ഉത്തരമില്ല. കണ്ണൂർ ഡിസിസിയോ കെപിസിസിയോ അന്വേഷിച്ചിട്ടുമില്ല.

ചെറുപുഴയിലും ഇതിനു സമാനമായ തട്ടിപ്പാണ്‌ നടന്നത്‌.  കെപിസിസി മുൻ നിർവാഹകസമിതി അംഗം കെ കുഞ്ഞികൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ വ്യാപക പണപ്പിരിവു നടത്തിയശേഷം ആശുപത്രി കെട്ടിട നിർമാണത്തിനായി ചെറുപുഴ ഡവലപ്പേഴ്‌സ്‌ എന്ന പേരിൽ സ്വകാര്യസംവിധാനം തട്ടിക്കൂട്ടുകയായിരുന്നു. ഇതിന്റെ പ്രസിഡന്റും കുഞ്ഞികൃഷ്‌ണൻ നായരാണ്‌. പിന്നീട്‌ ചെറുപുഴ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ ഡവലപ്പേഴ്‌സ്‌ എന്ന സ്വകാര്യ കമ്പനിക്കും രൂപം നൽകി.

അന്വേഷണത്തിന്‌ പിന്തുണ: -കെ മുരളീധരൻ
കോഴിക്കോട്‌
ചെറുപുഴയിൽ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്‌ കെട്ടിടം നിർമിച്ച കരാറുകാരൻ  മരിച്ച സംഭവം സർക്കാർ ഊർജിതമായി അന്വേഷിക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ എംപി.  സർക്കാരിന്റെ ഏത് അന്വേഷണത്തിനും പൂർണ പിന്തുണ നൽകും.  മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്കുകൂടി തൃപ്തികരമാകണം അന്വേഷണം. ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ്‌ കുടുംബത്തിന്റെ ആക്ഷേപം. അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തി അവരെ പാർടിയിൽനിന്ന് പുറത്താക്കണം. വിഷമം അനുഭവിക്കുന്നവരെ സഹായിച്ചിരുന്ന കെ കരുണാകരന്റെ പേരിൽ തുടങ്ങിയ സ്ഥാപനം കാരണം ഇത്തരമൊരു ദുരനുഭവം ഉണ്ടായതിൽ ദുഃഖമുണ്ട്–- കരുണാകരന്റെ മകൻ കൂടിയായ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കരുണാകരന്റെ പേരിന് ആരും  കളങ്കം വരുത്തരുത്‌.  ഇത്തരം സംഘടനകൾ നടത്തുന്ന കാര്യങ്ങളിൽ കുടുംബത്തിന് ഉത്തരവാദിത്തമില്ല.  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രസിഡന്റായ ഔദ്യോഗിക ട്രസ്റ്റുണ്ട്‌.  ഇനിയാരും കരുണാകരന്റെ പേരുപയോഗിച്ച് സാമ്പത്തിക ഇടപാടും  മുതലെടുപ്പും നടത്തരുത്‌. പണപ്പിരിവില്ലാതെ ചാരിറ്റിയാകാം. കരുണാകരന്റെ പേരിൽ  ട്രസ്റ്റോ സംരംഭങ്ങളോ ഔദ്യോഗികമല്ലാതെ തുടങ്ങരുതെന്ന് പാർടി  നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും  അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top