ഗ്രൂപ്പ് തർക്കം: എം കെ രാഘവൻ എംപിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
കണ്ണൂർ> മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട കോൺഗ്രസ് ഗ്രൂപ്പ് തർക്കം തെരുവിലേക്ക്. ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ കോളേജ് ഭരണസമിതി ചെയർമാൻകൂടിയായ എം കെ രാഘവൻ എംപിയുടെ കോലം കത്തിച്ചു. തർക്കം രൂക്ഷമായതോടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ അഞ്ചുപേരെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെപെൻഡുചെയ്തതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. കെ കെ ഫൽഗുണൻ, എം പ്രദീപ്‌കുമാർ, ടി കരുണാകരൻ, പി ടി പ്രതീഷ്, എം കെ ബാലകൃഷ്‌ണൻ എന്നിവരെയാണ് സസ്‌പെൻഡുചെയ്‌തത്. പ്രവർത്തകരുടെ വികാരം മാനിക്കാതെ പ്രവർത്തിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
എന്നാൽ, ചെയർമാൻ എം കെ രാഘവൻ എംപിയുടെ നടപടിയെക്കുറിച്ച് മൗനം പാലിക്കുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് പ്രവർത്തകർ പഴയങ്ങാടിയിൽ കോലം കത്തിച്ചത്. ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടൻ ശശിധരൻ, മാടായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ പി ശശി, കുഞ്ഞിമംഗലം മണ്ഡലം ജനറൽ സെക്രട്ടറി കെ വി സതീഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. നൂറോളം പ്രവർത്തകർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഡിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രകടനം. കോളേജിലെ നിയമനങ്ങൾ റദ്ദുചെയ്യാമെന്നും പ്രവർത്തകർക്കെതിരെയുണ്ടായ സംഘടനാ നടപടി പിൻവലിക്കാമെന്നുമായിരുന്നു ചർച്ചയിലെ തീരുമാനം. നേതൃത്വം വാക്കുപാലിക്കാതെ വന്നതോടെയാണ് ഗ്രൂപ്പുതർക്കം പരസ്യ പ്രതിഷേധത്തിലേക്കെത്തിയത്.
Related News
![ad](/images/odepc-ad.jpg)
0 comments