താനൂർ> മുസ്ലിം ലീഗുമായി കോൺഗ്രസിന് സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ വൻ പരാജയമാണെന്നും ചൂണ്ടികാട്ടി വൈലത്തൂരിൽ കോൺഗ്രസ് നേതാവിന്റെ പ്രതിഷേധ ഉപവാസം .
തകർക്കാൻ കഴിയില്ല കോൺഗ്രസുകാരുടെ ആത്മാഭിമാനം, അടിയറവു വെക്കില്ല പ്രസ്ഥാനത്തിന്റെ ആദർശം എന്ന മുദ്രാവാക്യമുയർത്തിപൊന്മുണ്ടം മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് എക്സിക്യൂട്ടീവംഗം യൂനുസ് സലീം ആണ് ഉപവസിച്ചത്.
പൊൻമുണ്ടത്തെ കോൺഗ്രസിന്റെ പാരമ്പര്യം കാറ്റിൽപറത്തി മുസ്ലിംലീഗുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ നടപടി തിരുത്തണമെന്ന് യൂനുസ് സലിം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി കോണ്‍ഗ്രസും ലീഗും വേറിട്ട് മത്സരിയ്ക്കുന്ന പഞ്ചായത്താണ് പൊന്മുണ്ടം. ഇവിടെ ലീഗുമായി ഒന്നിച്ചു നീങ്ങുന്നതിനെതിരെയാണ് പ്രതിഷേധം.
രാഹുൽഗാന്ധിയുടെ ശക്തി പ്രോജക്ട് മണ്ഡലം കോർഡിനേറ്റർ കൂടിയാണ് യൂനുസ് സലീം.
മുസ്ലിം ലീഗുമായി രാഷ്ട്രീയ സഖ്യവും കൺവെൻഷനുകളുമായി മുന്നോട്ടുപോകുന്ന സാഹചര്യം കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. പ്രതിഷേധ ഉപവാസത്തിന് പ്രവർത്തകരുടെ പിന്തുണയുണ്ടെന്നു യൂനുസ് സലീം പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതുവരെയുള്ള സഖ്യമെല്ലാം തട്ടിത്തെറിപ്പിക്കുന്ന നിലപാടാണ് ലീഗിന് . വർഗീയ ശക്തികളുമായി കൂടി ചേർന്ന അന്നുമുതൽ മലബാറിൽ കോൺഗ്രസിന്റെ സ്വാധീനം നഷ്ടപ്പെട്ടതായും യൂനുസ് സലീം പറഞ്ഞു.എംപി എന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാൽ ഇടി മുഹമ്മദ് ബഷീർ തികഞ്ഞ പരാജയമായിരുന്നു.
പൊന്മുണ്ടം പഞ്ചായത്തിൻറെ ആസ്ഥാനത്തിലേക്കുള്ള കവാടത്തിന് രാജീവ്ഗാന്ധിയുടെ പേരിനുപകരം സിഎച്ച് മുഹമ്മദ് കോയയുടെ പേര് നൽകാനുള്ള ലീഗ് ഭരണസമിതിയുടെ നടപടി പിൻവലിക്കണമെന്നും യൂനുസ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..