കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച് മുങ്ങിയ ന്യായ് പദ്ധതിയുമായി വീണ്ടും കോൺഗ്രസുകാർ രംഗത്തിറങ്ങുമ്പോൾ മലയാളികൾ തിരിച്ചു ചോദിക്കുന്ന ചോദ്യമുണ്ട്. ? കെപിസിസിയുടെ ആയിരം വീടെവിടെ...? പോട്ടെ പിരിച്ച കോടികളുടെ കണക്കെങ്കിലും.... ഉത്തരംമുട്ടി നിൽക്കുന്ന ആ പദ്ധതി ‘നഹി’യായതും ‘ന്യായ്’ ചതിയാവുന്നതും അപ്പോഴും അവർ സമ്മതിക്കില്ല.
അന്തിയുറങ്ങാൻ വീടില്ലാത്തവർക്ക് സംസ്ഥാനസർക്കാർ ലൈഫ് മുഖേന രണ്ടരലക്ഷം വീടുകൾ എന്ന ചരിത്രത്തിലേക്ക് കുതിക്കുമ്പോഴാണ് 2018 ആഗസ്ത് 21ന് അന്നത്തെ കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ആയിരം വീടെന്ന ‘മോഹനവാഗ്ദാനവുമായി’ പത്രത്താളുകളിൽ നിറഞ്ഞത്. ഒരു മണ്ഡലം കമ്മിറ്റി അഞ്ചുലക്ഷം മുടക്കി ഒരോ വീട് വീതം നിർമിച്ച് നൽകുമെന്നും അടിച്ചുവിട്ടു. പദ്ധതിക്കായി കെപിസിസി നേരിട്ട് കോടിക്കണക്കിന് രൂപ സമാഹരിച്ചു. മണ്ഡലം കമ്മിറ്റികൾ സ്വന്തം നിലയ്ക്കും പിരിവ് നടത്തി.
പക്ഷേ ആയിരം പോയിട്ട് 50 വീടുപോലും പൂർത്തിയായതായി രേഖയില്ല. എന്നിട്ടും വീടെവിടെയെന്ന് ചോദിച്ചപ്പോൾ ഹസ്സന്റെ വിശദീകരണം ഇങ്ങനെ: ‘പണം പിരിഞ്ഞില്ല. ആകെ മൂന്നുകോടിയേ കിട്ടിയുള്ളൂ. മുന്നൂറോളം വീട് നിർമിച്ചുനൽകി. 200 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.’ വിവിധ പദ്ധതികളിൽ എംഎൽഎമാർ വഴി അനുവദിച്ച വീടുകളും ഉൾപ്പെടുത്തിയായിരുന്നു ഈ കണക്ക്.
കണ്ണൂരിൽ രണ്ടുവീട് നിർമിച്ചെന്നായിരുന്നു ഡിസിസിയുടെ അവകാശവാദം. എന്നാൽ ഇവയ്ക്ക് നാലുലക്ഷം രൂപവീതം സർക്കാർ നൽകിയതായി രേഖയുണ്ട്. തിരുവനന്തപുരത്ത് റസിഡൻസ് അസോസിയേഷന്റെ മുൻകൈയിൽ നിർമിച്ച വീടിന് മണ്ഡലം കമ്മിറ്റി പാലുകാച്ചി. കെ മുരളീധരൻ താക്കോൽദാനം നിർവഹിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ എം എം ഹസ്സൻ നേരിട്ടെത്തി ഉദ്ഘാടനം നടത്തി. തൃശൂരിൽ 50 വീട് നൽകുമെന്നായിരുന്നു പ്രഖ്യാപനം. നിർമിച്ചതാകട്ടെ ഒന്നും.
ആലപ്പുഴയിൽ 100 എണ്ണം നിർമിക്കുമെന്നു പറഞ്ഞെങ്കിലും ഒന്നുപോലും പൂർത്തിയാക്കിയിട്ടില്ല. പദ്ധതി പ്രകാരം 42 വീടുകൾ കൈമാറിയെന്നും 278 വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീർ പറഞ്ഞിരുന്നു. പക്ഷേ അത് ഹസ്സൻ തന്നെ തിരുത്തി.
‘ന്യായ്’ കോൺഗ്രസിന് വാചക കസർത്ത് മാത്രം
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത ‘ന്യായ് പദ്ധതി’ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതുവരെ നടപ്പാക്കിയില്ല. ഛത്തീസ്ഗഢിൽ രാജീവ്ഗാന്ധി കിസാൻ ന്യായ് യോജന പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രതിമാസം 6,000 രൂപ എന്ന വാഗ്ദാനവുമായി വിദൂരബന്ധം പോലുമില്ല.
നെല്ല്, ചോളം, കരിമ്പ് കർഷകർക്ക് കൃഷിയിടത്തിന്റെ വിസ്തീർണവുമായി ബന്ധപ്പെടുത്തി സാമ്പത്തികസഹായം നൽകുന്ന പദ്ധതിയാണിത്. കേരളത്തിലെ കർഷകർക്ക് ഇതിലേറെ സഹായം എൽഡിഎഫ് സർക്കാരിൽനിന്ന് ലഭിക്കുന്നു.
രാജ്യത്തെ ഏറ്റവും ദരിദ്രരായ അഞ്ച് കോടി കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപ നൽകുമെന്നായിരുന്നു ‘ന്യായ് പദ്ധതി’ വാഗ്ദാനം. രാജസ്ഥാൻ, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളിലും കോൺഗ്രസിന് ഭരണപങ്കാളിത്തമുള്ള മഹാരാഷ്ട്രയിലും ‘ന്യായ് പദ്ധതി’യെക്കുറിച്ച് ചർച്ചപോലും നടക്കുന്നില്ല.
‘ന്യായ് പദ്ധതി’ ഗുണഭോക്താക്കളുടെ കാര്യത്തിലും അവ്യക്തതയാണ്. ദരിദ്രരുടെ നിർവചനം യുപിഎ ഭരണകാലത്ത് തർക്കത്തിലായിരുന്നു. പ്രതിമാസം 4,860 രൂപയിൽ കുറവ് വരുമാനമുള്ളവരെ ബിപിഎൽ ആയി പരിഗണിക്കണമെന്ന് 2005ൽ രംഗരാജൻ സമിതി ശുപാർശ ചെയ്തു. 2012ൽ ടെണ്ടുൽക്കർ സമിതി ഈ പരിധി 7,035 രൂപയാക്കി. സാർവത്രിക പൊതുവിതരണം അവസാനിപ്പിച്ച് 2013ൽ ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കിയപ്പോൾ ഇതു വലിയ പ്രശ്നമായി. അർഹരായ ഒട്ടേറെപേർക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടു.
നവഉദാരനയങ്ങൾ വഴി സാധാരണക്കാരുടെയും ദരിദ്രരുടെയും വരുമാനം ഊറ്റിയെടുക്കുന്നതിനു തുടക്കമിട്ടത് കോൺഗ്രസാണ്. സബ്സിഡികൾ പിൻവലിച്ചശേഷം ആനുകൂല്യം നേരിട്ടു നൽകുന്നുവെന്ന പേരിൽ പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പദ്ധതി രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി വന്ന പാചകവാതക സബ്സിഡിവിതരണം ഇപ്പോൾ പൂർണമായും നിലച്ചു.
ഇന്ധനവിലയിൽ സർക്കാർനിയന്ത്രണം എടുത്തുകളഞ്ഞതിനു തുടക്കമിട്ടതും കോൺഗ്രസ് ഭരണകാലത്താണ്. ഇന്ധനവില കുതിച്ചുയരുന്നതിന്റെ ആഘാതം ഏറ്റവും കൂടുതൽ സഹിക്കേണ്ടിവരുന്നത് പാവപ്പെട്ടവരാണ്. പുറത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദത്തെ തുടർന്നാണ് ഒന്നാം യുപിഎ സർക്കാർ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..