16 September Monday

മലപ്പുറം ജില്ലാ വിഭജനം: കോൺഗ്രസ‌് വിരട്ടി; ലീഗ‌് പത്തിമടക്കി

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

തിരുവനന്തപുരം > മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യം നിയമസഭയിൽ ഉയർത്താനുള്ള മുസ്ലീംലീഗിന്റെ ശ്രമം പാളി. ഈ ആവശ്യം ഉന്നയിക്കുന്നതിനെതിരെ കോൺഗ്രസ‌് നിയമസഭാ കക്ഷി നേതൃത്വം നടത്തിയ വിരട്ടലിൽ ലീഗ‌് എംഎൽഎ പ്രമേയം അവതരിപ്പിക്കാതെ മുങ്ങി. 

ജില്ലാ വിഭജനം ആവശ്യപ്പെട്ട‌് ലീഗിന്റെ കെ എൻ എ ഖാദറാണ‌് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ‌് നൽകിയത‌്. ശൂന്യവേളയിൽ സ്പീക്കർ പ്രമേയം അവതരിപ്പിക്കാൻ കെ എൻ എ ഖാദറിനെ ക്ഷണിച്ചു. എന്നാൽ, അദ്ദേഹം സഭയിലുണ്ടായിരുന്നില്ല. പ്രമേയാവതരണവും നടന്നില്ല.

ജില്ലാ രൂപീകരണം പോലെ നയപരമായി തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ മുന്നണിയിൽ ആലോചിക്കാതെ നിയമസഭയിൽ ഉന്നയിക്കുന്നതിലെ അനൗചിത്യം യുഡിഎഫ് നേതൃത്വം മുസ്ലീംലീഗ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിൽ കോൺഗ്രസ‌് നേതൃത്വം അതൃപ്തിയും അറിയിച്ചു. തുടർന്ന‌് പ്രമേയം അവതരിപ്പിക്കുന്ന സമയം കെ എൻ എ ഖാദർ സഭയിൽ നിന്ന‌് മുങ്ങുകയായിരുന്നു. തുടർന്ന‌് ലീഗ‌് നേതൃത്വം പ്രമേയം അവതരിപ്പിക്കേണ്ടായെന്ന‌് ആവശ്യപ്പെട്ടു. അതേസമയം, അവതാരകൻ സഭയിൽ ഹാജരില്ലാതിരുന്നതിനാലാണ് വിഷയം ഉന്നയിക്കാതിരുന്നതെന്ന‌് ചില കോൺഗ്രസ‌് നേതാക്കൾ ന്യായീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top