Deshabhimani

ജോയിയുടെ മരണം കോൺഗ്രസ്സ് രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിച്ചു: മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 04:28 PM | 0 min read


തിരുവനന്തപുരം
ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദുരന്തത്തിൽ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ നടത്തുന്നതിനിടെ ചിലർ നടത്തിയ രാഷ്ട്രീയ മുതലലെടുപ്പുനീക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്ന്‌ മന്ത്രി എം ബി രാജേഷ്‌. മാലിന്യപ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടത്തുന്ന ശ്രമത്തിന്‌ നല്ല ഫലമുണ്ടായിട്ടുണ്ട്‌.

ദുരന്തത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി വ്യഗ്രത കാണിച്ചത്‌ ഒഴിവാക്കേണ്ടതായിരുന്നു. ഇല്ലാത്ത ഉത്തരവാദിത്തം സർക്കാരിനുമേൽ അടിച്ചേൽപ്പിക്കാനാണ്‌ പ്രതിപക്ഷ നേതാവടക്കം ശ്രമിച്ചത്‌. രാഷ്ട്രീയമായ കുറ്റപ്പെടുത്തലിന്‌ അദ്ദേഹത്തിന്‌ അൽപംകൂടി കാക്കാമായിരുന്നു. ആ വിവേകം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

ദുരന്തത്തിൽനിന്ന്‌ ലഭിക്കുന്ന രാഷ്ട്രീയ ലാഭത്തെക്കുറിച്ചുള്ള സന്തോഷം മാത്രമോർത്ത്‌ ചാടിവീഴുന്നത്‌ പരിഷ്‌കൃത സമൂഹത്തിന്‌ യോജിച്ചതല്ല. മാലിന്യസംസ്കരണം എല്ലാവരുടെയും ഉത്തരവാദിത്തമാണ്‌. ദുരന്തത്തിൽ ഓരോ വ്യക്തിക്കും കുറ്റബോധമുണ്ടാകണം. മാലിന്യ നീക്കത്തിൽ സർക്കാരിന്റെ പ്രയത്നത്തെ ഹൈക്കോടതി പലതവണ അംഗീകരിച്ചിട്ടുണ്ട്‌.

മാലിന്യ പ്രശ്‌നം പരിഹരിക്കാൻ പ്രതിപക്ഷ സഹകരണം ഉണ്ടാകണം. ഇക്കാര്യത്തിൽ പ്രതിപക്ഷ ഉപനേതാവിന്റെ സഹകരണത്തിന്‌ നന്ദി പറയുന്നുവെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനം സമാനതകളില്ലാത്തത്‌
റെയിൽവേയുടെ മാലിന്യനീക്കത്തിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താൻ തലസ്ഥാനത്ത്‌ സമാനതകളില്ലാത്ത  രക്ഷാപ്രവർത്തനമാണ്‌ നടത്തിയതെന്ന്‌ മന്ത്രി എം ബി രാജേഷ്‌.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഗ്നിരക്ഷാ സേനയുടെ സ്കൂബാ ഡൈവർമാർ, പൊലീസ്‌, നാവികസേനാംഗങ്ങൾ, നഗരസഭാ ജീവനക്കാർ തുടങ്ങിയവർക്കെല്ലാം സർക്കാരിന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എംഎൽഎമാരായ ആന്റണി രാജു, വി കെ പ്രശാന്ത്‌, സി കെ ഹരീന്ദ്രൻ, മറ്റ്‌ ജനപ്രതിനിധികൾ, കലക്ടറടക്കമുള്ള ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങിയ സ്കൂബാ ഡൈവർമാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home