30 November Monday

കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന്‌ ലീഗ്‌ നേതാവ്‌

ജോബിൻസ‌് ഐസക‌്Updated: Sunday Mar 15, 2020

മലപ്പുറം
കോൺഗ്രസിന്റെ തമ്മിലടിയും  സംഘപരിവാറിനെ എതിർക്കുന്നതിലെ ദൗർബല്യവും തുറന്നുകാട്ടി  സമസ്‌ത മുഖപത്രത്തിൽ മുസ്ലിംലീഗ്‌ നേതാവിന്റെ ലേഖനം. പാർടിയെത്തേടി പ്രതിസന്ധിയുടെ കാലം വന്നപ്പോൾ കൂറും കടപ്പാടുമില്ലാതെ സ്ഥലംമാറുന്നവരുടെ ഒരു സംഘമായി കോൺഗ്രസ്‌ മാറുന്നത് ശോചനീയമാണെന്ന്‌ തുറന്നടിക്കുന്ന ലേഖനം  ഇനിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ എങ്ങനെ കോൺഗ്രസിൽ വിശ്വാസമർപ്പിക്കുമെന്ന്‌ ചോദിക്കുന്നു. ‘നാഥനില്ലാക്കളരിയും തുരുമ്പിച്ച ആയുധങ്ങളും’ എന്ന തലക്കെട്ടിൽ യുഎഇ കെഎംസിസി ദേശീയ പ്രസിഡന്റ്‌ പുത്തൂർ റഹ്‌മാൻ എഴുതിയ ലേഖനം ‘സുപ്രഭാതം’ എഡിറ്റ്‌ പേജിലാണ്‌ പ്രസിദ്ധീകരിച്ചത്‌.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് പാർടി വിട്ടതാണോ, അതിന്‌  നിർബന്ധിക്കപ്പെട്ടതാണോ? എന്ന സംശയത്തോടെയാണ്‌ ലേഖനം തുടങ്ങുന്നത്‌.  ദേശീയ നേതാക്കൾ ഉൾപ്പെടെ  ബിജെപി പാളയത്തിലേക്ക് ചേക്കേറിയപ്പോഴും കോൺഗ്രസ് നേതൃത്വം കിഴവന്മാരുടെ ഗ്രൂപ്പുകളിയിൽ സമയംകളയുകയായിരുന്നു.  സിന്ധ്യ ഒരു മോശം നേതാവല്ല. ‘കാലം മാറി, രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ’.  എന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌  ആരും കണക്കിലെടുത്തില്ല. 

മതിയായതും ശരിയായതുമായ നേതൃത്വത്തിന്റെ അഭാവത്തിലും  കോൺഗ്രസ്‌  അടിപതറി നിൽക്കുകയാണ്.  നെഹ്‌റു കുടുംബം പാർടിയെ ഒന്നായി നിർത്തിയെന്നത് ഒരുപരിധിവരെ ശരിയാണ്. പക്ഷേ, അതുതന്നെയാണ്‌ കോൺഗ്രസിന്റെ ദൗർബല്യമായി പരിണമിക്കുന്നതും.   പ്രതിപക്ഷം  എങ്ങനെയിരിക്കണമെന്ന് ആലോചിക്കാൻപോലും കോൺഗ്രസിന്‌ കഴിയുന്നില്ല. 

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടങ്ങളിലൊന്നും കോൺഗ്രസ് അതിന്റെ സർവശേഷിയും സംഭരിച്ച് രംഗത്തുവന്നതേയില്ല. സംഘ്പരിവാറിന്റെ സംവരണവിരുദ്ധത, കശ്മിർ വിഭജനം എന്നിവയിൽ കടുത്ത നിലപാടുമെടുത്തില്ല.  വളരെ ആസൂത്രിതമായരീതിയിൽ കോൺഗ്രസിന്റെ വേരറുക്കുകയാണ് ഇന്ത്യൻ ഫാസിസം എന്നത് ഇനിയും തിരിച്ചറിയാത്തത് കോൺഗ്രസുകാർ മാത്രമാണെന്നതാണ് ദുഃഖകരം–- ലേഖനം ഓർമിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top